തിരുവനന്തപുരം: മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഉണ്ട കാണാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എത്തി. തിരുവനന്തപുരത്ത് വച്ച് നടന്ന പ്രത്യേക പ്രദര്‍ശനം കാണാന്‍ ബെഹ്‌റക്കൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമായതിനാലാണ് പൊലീസ് മേധാവി സിനിമ കാണാന്‍ എത്തിയത്.

Read Also: ‘ഡാ ആദിവാസീ’ എന്ന് വിളിക്കുന്നവര്‍ക്ക് മുഖം അടച്ചുള്ള അടിയാണ് ഈ ഉണ്ട: മിഥുന്‍ മാനുവല്‍ തോമസ്

ഉണ്ടയെ കുറിച്ച് മികച്ച അഭിപ്രായമാണ് പൊലീസ് മേധാവി രേഖപ്പെടുത്തിയത്. ഒട്ടും നാടകീയമല്ലാതെ യഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഉണ്ടയെന്ന് ബെഹ്‌റ സിനിമ കണ്ട് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. വളരെ റിയലസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന യഥാര്‍ഥ സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബെഹ്‌റ അഭിപ്രായപ്പെട്ടു. ഇന്നലെ വൈകീട്ടായിരുന്നു പൊലീസ് മേധാവിക്കായുള്ള പ്രത്യേക പ്രദര്‍ശനം നടന്നത്.

ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ‘ഉണ്ട’യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ‘ഉണ്ട’യില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.

പീപ്‌ലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

ഏറെ നാളുകൾക്ക് ശേഷം അതിഭാവുകത്വങ്ങളില്ലാതെ, വളരെ സ്വാഭാവികതയോടെ പൊലീസുകാരുടെ ജീവിതക്കാഴ്ചകൾ പകർത്തിയ ഒരു ചിത്രം- മമ്മൂട്ടി നായകനായെത്തിയ ‘ഉണ്ട’യെ ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. ഛത്തീസ്‌ഗഢിലെ ബസ്തറിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോവുന്ന പൊലീസ് സംഘത്തെ നയിക്കുന്ന ഓഫീസർമാരിൽ ഒരാളാണ് സബ് ഇൻസ്പപെക്ടർ മണികണ്ഠൻ. മുരടൻ സ്വഭാവങ്ങളൊന്നുമില്ലാത്ത വളരെ സാധാരണക്കാരനായ ഒരു പൊലീസുകാരൻ. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook