കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണുമെല്ലാം അപ്രതീക്ഷിതമായി എത്തിയപ്പോൾ ഏറെ നഷ്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഇൻഡസ്ട്രികളിൽ ഒന്ന് സിനിമാമേഖലയാണ്. തിയേറ്ററുകൾ അനിശ്ചിതകാലത്തേക്കായി അടക്കുകയും റിലീസുകൾ മാറ്റിവെയ്ക്കുകയും ഷൂട്ടിംഗ് നിർത്തിവെയ്ക്കുകയും ചെയ്തതോടെ അക്ഷരാർത്ഥത്തിൽ സിനിമാമേഖല സ്തംഭനാവസ്ഥയിലായി. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കിയ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ മുതൽ കോടികൾ ചെലവഴിച്ച് നിർമ്മിച്ച നിരവധി ചിത്രങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

രാജ്യത്ത് ലോക്ക്‌ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ സിനിമാപ്രവർത്തകരുടെയും ആശങ്കകൾ ഏറുകയാണ്. ഇപ്പോഴിതാ, അൽപ്പം ആശ്വാസകരമായൊരു വാർത്തയാണ് വരുന്നത്. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉൾപ്പെടെയുള്ളവ മേയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകിയിരിക്കുകയാണ് സർക്കാർ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കു ശേഷം സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ ഗ്രീൻ സോണിലെ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച് തുറക്കാമെന്ന സാഹചര്യത്തിലാണ് സിനിമാ ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഡബ്ബിംഗ്, സംഗീതം, സൗണ്ട് മിക്സിങ്ങ് എന്നീ ജോലികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാം. ജോലികൾ ആരംഭിക്കും മുൻപ് സ്റ്റുഡിയോ അണുവിമുക്തമാക്കണം. സർക്കാർ നിർദ്ദേശിക്കുന്ന സുരക്ഷാമാർഗങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. കൈകൾ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിച്ചുകൊണ്ടാവണം പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.

Read more: Covid-19: സിനിമാ തൊഴിലാളികള്‍ക്ക് മോഹന്‍ലാലിന്‍റെ സഹായവാഗ്ദാനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook