ലോക്ക്ഡൗണ്‍ കാലത്ത് വ്യത്യസ്‌ത ആശയങ്ങളിലൂടെ തങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കുകയാണ് സിനിമാ താരങ്ങൾ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന ഷോർട്‌ഫിലിമിനു പിന്നാലെ ഇപ്പോൾ ഇതാ മലയാളത്തിലെ പ്രിയ നടിമാരുടെ നൃത്തവിരുന്ന്.

മനോഹര നൃത്തത്തിനായാണ് മലയാളത്തിലെ പ്രിയ നായികമാർ ഒന്നിച്ചത്. ഓരോരുത്തരും അവരുടെ വീട്ടിൽ നിന്നാണ് നൃത്തരംഗങ്ങൾ റെക്കോർഡ് ചെയ്‌തിരിക്കുന്നത്. ‘കാതിൽ തേൻമഴയായ്…’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് പ്രിയ നായികമാർ ചുവടുവയ്‌ക്കുന്നത്.

Read Also: ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും; ലോക്ക്‌ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്

മലയാള സിനിമയിലെ പ്രശസ്ത നൃത്തസംവിധായകൻ ബിജു ധ്വനിയാണ് ഇങ്ങനെയാരു ആശയം അവതരിപ്പിച്ചത്. ആശ ശരത്ത്, നവ്യ നായർ, അനു സിത്താര, രമ്യാ നമ്പീശൻ, അനുശ്രീ, ദുർഗാ കൃഷ്ണ, രചന നാരായണൻകുട്ടി എന്നീ നായികമാരാണ് മലയാളികൾക്ക് ഭാവവിരുന്നൊരുക്കി വീഡിയോയിൽ അണിചേർന്നിരിക്കുന്നത്. മിനിറ്റുകൾകൊണ്ട് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.

‘തുമ്പോളി കടപ്പുറം’ എന്ന ചിത്രത്തിനു വേണ്ടി സലിൽ ചൗധരി സംഗീതസംവിധാനം നിർവഹിച്ച് ഒഎൻവി എഴുതി യേശുദാസ് പാടിയ പാട്ടാണ് ‘കാതിൽ തേൻമഴയായി…’ നായികമാരുടെ നൃത്തത്തിനുവേണ്ടി ഈ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത് ഇഷാൻ ദേവാണ്.

ഇന്ത്യൻ സിനിമാ ലോകത്തെ എല്ലാ താരങ്ങളും ഒന്നാണെന്ന് കാണിച്ച് പുറത്തിറക്കിയ മൾട്ടി സ്റ്റാർ ഷോർട്ട് ഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. അമിതാഭ് ബച്ചൻ. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, രൺബീർ സിങ്, പ്രിയങ്ക ചോപ്ര, ആലിയ ബട്ട് എന്നിവരെല്ലാം അഭിനയിച്ച ഷോർട്ട് ഫിലിം ഒരുമയുടെ സന്ദേശമാണ് നൽകുന്നത്. കോവിഡ് പ്രതിരോധകാലത്ത് വീട്ടിൽ സുരക്ഷിതരായി ഇരിക്കാനും പരിഭ്രാന്തി ഉപേക്ഷിക്കാനും സൂപ്പർ താരങ്ങൾ ആഹ്വാനം ചെയ്യുന്നു.

Read Also: അങ്ങനെ ഞങ്ങളുമുണ്ടാക്കി ഡാൽഗോണ കോഫി: നവ്യ നായർ

രസകരമായ പ്ലോട്ടിലൂടെയാണ് ഷോർട്ട് ഫിലിം മുന്നോട്ടു പോകുന്നത്. അമിതാഭ് ബച്ചന്റെ സൺഗ്ലാസ് കാണാതെ പോകുന്നതു മുതലാണ് ഷോർട്ട് ഫിലിം ആരംഭിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും രൺബീറും ചിരഞ്ജീവിയും തുടങ്ങി സൂപ്പർ താരങ്ങളെല്ലാം ബച്ചന്റെ സൺഗ്ലാസിനു വേണ്ടി തപ്പലോട് തപ്പൽ. ഇതിനിടയിൽ രസകരമായ സംഭവങ്ങൾ.

മമ്മൂട്ടിയും മോഹൻലാലും മലയാളത്തിലാണ് അവരുടെ ഡയലോഗുകൾ പറയുന്നത്. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രൺബീറെ’ എന്ന രസികൻ ഡയലോഗാണ് മമ്മൂട്ടി ഷോർട്ട് ഫിലിമിൽ പറയുന്നത്. ബച്ചന്റെ സൺഗ്ലാസ് തപ്പണമെങ്കിൽ സ്വന്തം ഗ്ലാസ് ആദ്യം കണ്ടുപിടിക്കണമെന്നായി മോഹൻലാൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook