കൊച്ചിയും തിരുവനന്തപുരവും ഒറ്റപ്പാലവും ആധിപത്യം ഉറപ്പിച്ചിരുന്ന മലയാളസിനിമയുടെ ഭാഗ്യലൊക്കേഷനുള്ളിൽ ഒന്നായി തൊടുപുഴ മാറിയിട്ട് അധികകാലമായിട്ടില്ല. തൊടുപുഴയെ മലയാളസിനിമയുടെ ഹിറ്റ് ലൊക്കേഷനുകളിൽ ഒന്നായി മാറ്റിയതിനു പിന്നിൽ ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴയ്ക്കും വലിയ പങ്കുണ്ട്.
നാടക രംഗത്തു നിന്നും അഭിനയമോഹവുമായി സിനിമയിലെത്തിയ ആളാണ് ദാസ് തൊടുപുഴ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട സുഗുണ ദാസ്. തൊടുപുഴ ചിറ്റൂർ സ്വദേശിയായ ദാസ് സത്യൻ അന്തിക്കാടിന്റെ ‘രസതന്ത്രം’ സിനിമയിലൂടെയായിരുന്നു തൊടുപുഴയുടെ ലൊക്കേഷൻ മാനേജരായി മാറിയത്. 180ൽ ഏറെ സിനിമകളിൽ ലൊക്കേഷൻ മാനേജരായി ജോലി ചെയ്തിട്ടുള്ള ദാസ് അൻപതോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഏതാനും ചിത്രങ്ങളിൽ പ്രൊഡക്‌ഷൻ മാനേജറായും പ്രവർത്തിച്ചു. തൊടുപുഴയിൽ ഒരേ സമയം അഞ്ചു സിനിമകളുടെ ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ച കഥയും ദാസിനു പറയാനുണ്ട്. ദൃശ്യം സിനിമയുടെ തൊടുപുഴ ലൊക്കേഷൻ മാനേജരും ദാസായിരുന്നു. ദൃശ്യം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോൾ അവയുടെ ഭാഗമായി പ്രവർത്തിക്കാനും ദാസിനു സാധിച്ചു. മലയാളം മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ദാസ് ലൊക്കേഷൻ മാനേജർ ആയി പ്രവർത്തിട്ടിട്ടുണ്ട്.
ബുധനാഴ്ച രാത്രിയാണ് 76കാരനായ ദാസ് വാർധക്യസഹജമായ അസുഖങ്ങളാൽ മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൊടുപുഴ ശാന്തി ശ്മശാനത്തിൽ നടക്കും.

കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, സംവിധായിക സൗമ്യ സദാനന്ദൻ തുടങ്ങി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ദാസ് തൊടുപുഴയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.
“ദാസ് തൊടുപുഴ. ഞാനെന്റെ സിനിമ ചെയ്യുമ്പോൾ തൊടുപുഴയിലെ ലൊക്കേഷൻ മാനേജരായിരുന്നു ദാസേട്ടൻ. തന്റെ ജന്മനാടിനെ കുറിച്ച് അദ്ദേഹം എപ്പോഴും അഭിമാനം കൊണ്ടു, തൊടുപുഴയിൽ ഞങ്ങൾക്ക് ആവശ്യമായ എല്ലാ സ്ഥലങ്ങളും സാധ്യമായ എല്ലാ ഓപ്ഷനുകളും അദ്ദേഹം കാണിച്ചുതരും.
അദ്ദേഹം എപ്പോഴും ഒരു തൊപ്പി ധരിച്ചിരുന്നു, ഒരിക്കൽ ഞാൻ ഒരെണ്ണം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ അദ്ദേഹം എനിക്ക് ഒന്ന് കൊണ്ടുവന്നു തന്നു.
അദ്ദേഹത്തിന് അഭിനയിക്കാൻ ഇഷ്ടമായിരുന്നു, എന്റെ സിനിമയിൽ ഒരു സെക്യൂരിറ്റി ഓഫീസറായി അദ്ദേഹത്തെ കാസ്റ്റ് ചെയ്യാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.
നിങ്ങൾ ദയയുള്ള ആത്മാവായിരുന്നു ദാസേട്ടാ. നിങ്ങളെ വല്ലാതെ മിസ് ചെയ്യും. നിങ്ങളുടെ ആത്മാവ് ഇപ്പോൾ കൈവശപ്പെടുത്തിയിരിക്കുന്ന മനോഹരമായ സ്ഥലത്തിന്റെ ലൊക്കേഷൻ മാനേജർ നിങ്ങളായിരിക്കട്ടെ. പ്രാർത്ഥനകൾ. സമാധാനത്തോടെ വിശ്രമിക്കൂ,” സൗമ്യ സദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.