95-ാം ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദി ഇന്ത്യയുടെ അഭിമാന നിമിഷമായിരുന്നു. ഓസ്‌കറില്‍ ചരിത്ര നേട്ടമാണ് ഇന്ത്യന്‍ സിനിമ സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ചിത്രവും ആര്‍.ആറിലെ ‘നാട്ടു നാട്ടു…’ ഗാനവും പുരസ്‌കാര നേട്ടത്തിലെത്തി.
‘നാട്ടു നാട്ടു…’ ഗാനത്തിന്റെ ലൈവ് പ്രകടനത്തിനും ഓസ്കാർ വേദി സാക്ഷിയായി. ഗാനത്തെ പരിചയപ്പെടുത്താൻ വേദിയിലെത്തിയത് ബോളിവുഡ് താരം ദീപിക പദുകോൺ ആണ്. സെന്‍സേഷണല്‍ ഗാനം എന്നാണ് ദീപിക വിശേഷിപ്പിച്ചത്. വലിയ കയ്യടികളോടെയാണ് സദസ്സ് ദീപികയുടെ വാക്കുകളെ എതിരേറ്റത്.
ദീപികയുടെ വാക്കുകൾക്കു പിന്നാലെ രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയും അമേരിക്കന്‍ നര്‍ത്തകിയും നടിയുമായ ലോറന്‍ ഗോട്‌ലീബും സംഘവും വേദിയിലെത്തി. ഓസ്കാർ വേദിയെ ആവേശത്തിലാക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഗംഭീരമായ നൃത്തപ്രകടനത്തിനൊടുവിൽ കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന കാഴ്ചയും വീഡിയോയിൽ കാണാം.
മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലാണ് ഗാനത്തിന് പുരസ്കാരം ലഭിച്ചത്. മുൻപ് ഇതേ വിഭാഗത്തിൽ തന്നെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഈ ഗാനം നേടിയിരുന്നു. ലോകമെമ്പാടും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഈ ഗാനം നേടിയത്. യൂട്യൂബിൽ മാത്രം 125 മില്യൺ ആളുകൾ ‘നാട്ടു നാട്ടു’ ഇതിനകം കണ്ടുകഴിഞ്ഞു.