/indian-express-malayalam/media/media_files/uploads/2017/09/little2.jpg)
മട്ടാഞ്ചേരിയുടെ മണ്ണിൽ, പശ്ചിമകൊച്ചിയുടെ കലർപ്പുസമൂഹത്തിന്റെ നടുവിലേക്കാണ് സംവിധായകൻ സൗബിൻ ഷാഹിർ തന്റെ അരങ്ങേറ്റ സിനിമയായ പറവയുടെ ക്യാമറ കണ്ണുകൾ തുറക്കുന്നത്. ചിത്രത്തിലുടനീളം മട്ടാഞ്ചേരിയെ നോക്കി കാണുന്നത് പരദേശിയുടെ വിസ്മയ കാഴ്ചയായിട്ടല്ല. അത്രമേൽ ജീവിച്ച് തഴക്കം വന്ന അനായാസതയോടെ ഈ മണ്ണിലൂടെ, ഇടവഴികളിലൂടെ, വീട്ടകങ്ങളിലുടെ, കെട്ടിടത്തിന്റെ വിളുമ്പുകളിലൂടെ, മേൽക്കൂരകളിലൂടെ, ആകാശങ്ങളിലൂടെയാണ് സൗബിന്റെ മനക്കണ്ണായി ലിറ്റിൽ സ്വയംപ് എന്ന ഛായാഗ്രാഹകൻ സഞ്ചരിക്കുന്നത്.
സിനിമയിൽ ഉടനീളം സ്ഥലത്തെ അടയാളപ്പെടുത്താൻ വേണ്ടി മാത്രമായ വൈഡ് ഷോട്ടുകളില്ല. ചെറിയ ചെറിയ ദൃശ്യങ്ങളിലൂടെ സ്ഥലത്തെ അതിന്റെ ഇടുക്കത്തെ കാണിക്കുന്നു. മനുഷ്യർ കടന്നു വരാത്ത ഫ്രെയിമുകൾ ചിത്രത്തിൽ ദുർലഭം. സാധാരണക്കാരായ മനുഷ്യർ, പൊതു ഇടങ്ങൾ, ക്ലബ് ഒക്കെ ജീവിതത്തിന്റെ അനക്കവും താളവും രേഖപ്പെടുത്തുന്നു. മതിലിനപ്പുറത്ത് ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഒരു ആണ്‍കുട്ടിയുടെ കാഴ്ച്ചയിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. തങ്ങളില്‍ നിന്ന് കട്ടെടുത്ത മീനുകളെ തിരിച്ചെടുത്ത് ഇച്ചാപ്പിയും ഹസീബും സൈക്കിളില്‍ കുതിക്കുന്ന ക്ലൈമാക്സിനോളം കരുത്തുളള ആദ്യ രംഗങ്ങളില്‍ തന്നെ ലിറ്റില്‍ സ്വയംപ് എന്ന ഗംഭീര ഛായാഗ്രാഹകന്റെ മാസ് എന്‍ട്രിയുണ്ട്. ലിറ്റില്‍ ഐഇ മലയാളത്തോട് സംസാരിക്കുന്നു.
അന്‍വര്‍ റഷീദുമായുളള കൂടിക്കാഴ്ച്ച വഴിത്തിരിവിലേക്ക്
ബാംഗ്ലൂരില്‍ അഡ്വെര്‍ട്ടൈസിംഗ് ഫീല്‍ഡില്‍ അസിസ്റ്റന്റ് ആയും എഡിറ്ററുമായൊക്കെ ജോലി ചെയ്തു. അന്ന് അന്‍വര്‍ റഷീദുമായി ഒരു ജോലിയുടെ ഭാഗമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അന്‍വറാണ് ഉസ്താദ് ഹോട്ടലില്‍ ഒരു ചെറിയ വേഷമുണ്ടെന്ന് പറഞ്ഞത്. ക്യാമറയ്ക്ക് പിറകില്‍ എന്തെങ്കിലും അവസരം ഉണ്ടാകുമോ എന്ന് അന്‍വര്‍ റഷീദിനോട് ഞാന്‍ ചോദിച്ചിരുന്നു. അങ്ങനെ ഉസ്താദ് ഹോട്ടലിന്റെ സെറ്റില്‍ വെച്ച് ആദ്യമായിട്ട് ഉസ്താദ് ഹോട്ടലിന്റെ ഒരു ചെറിയ പ്രൊമോ വീഡിയോ സംവിധാനം ചെയ്ത് കൊളളാന്‍ അദ്ദേഹം പറഞ്ഞു. അദ്ദേഹമാണ് ശരിക്കും ഒരു തുടക്കം തന്നത്. പിന്നീട് ബാംഗ്ലൂര്‍ ഡെയ്സില്‍ അഞ്ജലി മേനോനെ ഞാന്‍ അസിസ്റ്റ് ചെയ്തിരുന്നു. സൗബിന്റെ കൈയില്‍ ഒരു കഥയുണ്ടെന്നും ഇഷ്ടപ്പെട്ടെങ്കില്‍ മുന്നോട്ട് പോകാനും അന്‍വര്‍ റഷീദാണ് പറഞ്ഞത്.
പറവകളെ പോലെ ഓടിന് മുകളില്‍ നിന്ന് 'പറവ'യിലേക്ക്
ചാര്‍ലിയുടെ ചിത്രീകരണ സമയത്താണ് ഞാന്‍ സൗബിനെ കാണാന്‍ ചെല്ലുന്നത്. ചാര്‍ലിയില്‍ ദുല്‍ഖറും സൗബിനും തമ്മിലുളള ഓടിന്റെ മുകളിലുളള രംഗം ചിത്രീകരിക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. ഞാനും ഓടിന്റെ മുകളില്‍ കയറി. ദുല്‍ഖര്‍ താഴെ ചിത്രീകരണത്തിനായി പോയി. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് മണി വരെ സൗബിന്‍ പറവയുടെ കഥ പറഞ്ഞു. എനിക്ക് കഥ ഇഷ്ടമായെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഈ ചിത്രത്തിലേക്ക് എന്നെ പരിഗണിക്കുന്നത്. കഥ കേട്ടപ്പോള്‍ തന്നെ രസമായി തോന്നി. പ്രാവിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് അറിയാമായിരുന്നു. സൗബിന്‍ പ്രാവിനെയൊക്കെ വളര്‍ത്തിയത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് എല്ലാം അറിയാമെന്ന് എനിക്ക് മനസ്സിലായി. ആ ഒരു ആത്മവിശ്വാസവും ധൈര്യവും എനിക്ക് ഉണ്ടായിരുന്നു.
ചിറകരിയാതെ ചിത്രീകരണം
പക്ഷികളോടും മൃഗങ്ങളോടും എനിക്ക് വളരെ ഇഷ്ടമാണ്. വീട്ടില്‍ കുറച്ച് തത്തകളൊക്കെ ഉണ്ട്. ഞങ്ങള്‍ രണ്ട് പേരും മൃഗങ്ങളേയും പക്ഷികളേയുമൊക്കെ സ്നേഹിക്കുന്നവരാണ്. അത്കൊണ്ട് തന്നെ പ്രാവുകളെ വേദനിപ്പിക്കാതെയും മുറിവേല്‍പ്പിക്കാതെയും വേണം ചിത്രീകരണം നടത്താനെന്ന് സൗബിന് നിര്‍ബന്ധം ഉണ്ടായിരുന്നു. സാധാരണ പ്രാവുകളുടെ ചിറകുകള്‍ മുറിച്ചാണ് റീടെയ്ക്കുകള്‍ക്ക് ഉപയോഗിക്കുക. എന്നാല്‍ പറവയില്‍ ഒരു പ്രാവിനേയും അത്തരത്തില്‍ ഉപദ്രവിച്ചിട്ടില്ല.
ഇമ ചിമ്മാതെ, പ്രാവുകള്‍ പ്രണയിക്കുന്നതും കാത്ത്
ഒരു വര്‍ഷം മുമ്പ് ലൊക്കേഷന്‍ ഉണ്ടാക്കി പ്രാവുകളെ നാഗര്‍കോവില്‍ നിന്ന് കൊണ്ടുവന്നിട്ട് ട്രെയിന്‍ ചെയ്യിച്ച് തുടങ്ങിയിരുന്നു. കൂടുകള്‍ക്ക് അരികില്‍ ക്യാമറ പോലെ തോന്നിക്കുന്ന സ്റ്റാന്റുകളും വസ്തുക്കളും ഉണ്ടാക്കി വെച്ച് ക്യാമറയോടുളള പ്രാവുകളുടെ അന്യത്വം മാറ്റാന്‍ ശ്രമിച്ചു. എന്നാലും ഒരു ദിവസംഒരു ഷോട്ട് മാത്രമെ എടുക്കാന്‍ കഴിയുകയുളളു. കാരണം പ്രാവിനെ പറപ്പിച്ചാല്‍ അവര്‍ പെട്ടെന്നൊന്നും ഇറങ്ങില്ല. ചിലപ്പോള്‍ വൈകുന്നേരമാവാം ഇറങ്ങുക. അപ്പോള്‍ ഞങ്ങള്‍ മറ്റ് രംഗങ്ങള്‍ എടുത്ത് പ്രാവുകള്‍ ഇറങ്ങാന്‍ കാത്തു നില്‍ക്കും.
രാത്രിയുള്ളൊരു സീനുണ്ട്. രണ്ട് പ്രാവുകളും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത്. അത് രാത്രി മണിക്കൂറുകളോളം കാത്തിരുന്ന് എടുത്തതാണ്. സൗബിന്‍ ദൈവങ്ങളോട് പ്രാര്‍ത്ഥിച്ചും മറ്റുമൊക്കെ എടുത്ത സീനാണത്. അപ്പോഴും നമുക്ക് വേണ്ടത് കിട്ടുമെന്ന വിശ്വാസം ഉണ്ടായിരുന്നു. പിന്നെ മെല്ലെ മെല്ലെ പ്രാവുകള്‍ക്കും ഞങ്ങളെ മനസ്സിലായി തുടങ്ങി. ഞങ്ങള്‍ ഉപദ്രവിക്കില്ലെന്ന് മനസ്സിലായത് മുതല്‍ പ്രാവുകള്‍ മടി കൂടാതെ ക്യാമറയ്ക്ക് മുമ്പില്‍ സഹകരിച്ച് തുടങ്ങി. പ്രാവുകളുടെ മുട്ടയിടൽ, പിറവി, വളർച്ച, കൂട്ടുകൂടൽ, ഈണചേരൽ എന്നിങ്ങനെ ജീവിത ഘട്ടങ്ങളുടെ അടുത്തു നിന്നുള്ള വീക്ഷണം ചിത്രത്തില്‍ കാണാം. പ്രാവിന്റെ സൗകര്യത്തിന് അനുസരിച്ച് കാത്തുനിന്നാണ് ഓരോ രംഗവും ചിത്രീകരിച്ചത്. അത് കൊണ്ട് തന്നെ വളരെയധികം ക്ഷമയോടെ ദിവസങ്ങളോളം ഇരുന്നാണ് ചിത്രീകരിച്ചത്.
പരിചിതം മട്ടാഞ്ചേരിയുടെ ഇടവഴികള്‍
കട്ടെടുത്ത് പോയ മീനിനേയും തിരിച്ച് പിടിച്ച് ഇച്ചാപ്പിയും ഹസീബും സൈക്കിളില്‍ പോകുന്ന ആദ്യരംഗങ്ങളും ഏറെ ശ്രമകരമായി ചെയ്തതാണ്. ഷൂട്ടിംഗ് തുടങ്ങിയത് ആ രംഗങ്ങളിലൂടെ തന്നെയായിരുന്നു. മട്ടാഞ്ചേരിയുടെ പലഭാഗങ്ങളും സൗബിനും എനിക്കും പരിചയമുണ്ടായിരുന്നു. രണ്ട് വര്‍ഷത്തോളം ഞാന്‍ മട്ടാഞ്ചേരിയില്‍ താമസിച്ചിട്ടുണ്ട്. സൗബിനും മട്ടാഞ്ചേരിയുടെ മുക്കും മൂലയും അറിയാമായിരുന്നു.
പറവയുടെ കഥ സൗബിന്റെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് തന്നെ വളരെ വിശദമായാണ് സൗബിന്‍ വിവരണം നല്‍കിയത്. ഓരോ രംഗങ്ങളും സൗബിന്റെ മനസ്സിലുണ്ട്. അണിയറപ്രവര്‍ത്തകര്‍ എല്ലാരുമായിട്ടും അദ്ദേഹം തുറന്ന് സംസാരിക്കും. അത് കൊണ്ട് തന്നെ ടീമംഗങ്ങള്‍ ഓരോ ആശയങ്ങള് പറയും. എല്ലാവരുടേയും സംഭാവന തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണത്തിന് പിന്നിലും.
സിനിമയും പരസ്യ സംവിധാനവും
പരസ്യങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഒരുപാട് നിയമങ്ങള്‍ ഉണ്ട് നമുക്ക് മുമ്പില്‍. 30 സെക്കന്റില്‍ ഒരു കഥ പറയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും പ്രേക്ഷകരെ നിരാശരാക്കാതെ രണ്ടര മണിക്കൂറോളം പിടിച്ചിരുത്തി കാഴ്ച്ചാനുഭവം നല്‍കുക എന്നത് അതിലേക്കാളും ശ്രമകരമായിട്ടുളള കാര്യമാണ്. സിനിമയിലെ ഏറ്റവും നല്ല കാര്യം എന്താണെന്ന് ചോദിച്ചാല്‍ ഒരു നീണ്ട കാലമാണ് നമ്മള്‍ ചിത്രീകരണത്തിനായി സമയം ചെലവഴിക്കുന്നത്. സിനിമയുടെ ഭാഗമായ ഓരോരുത്തരും ചിത്രീകരണം കഴിയുമ്പോഴേക്ക് ഒരൊറ്റ കുടുംബമായി മാറുന്ന അവസ്ഥയിലേക്ക് എത്തും. അവരെ പിന്നീട് റോഡിലോ മറ്റോ കണ്ടാലും വളരെ സന്തോഷമായിരിക്കും. സിനിമയുടെ ഭാഗമായപ്പോള്‍ എന്നെ ഏറെ എക്സൈറ്റ് ചെയ്യിച്ചതും ഈയൊരു സംഗതിയാണ്.
മ്യൂസിക് വീഡിയോകള്‍ ചെയ്യുന്നതിലെ എളുപ്പം എന്നത് ഒരു മ്യൂസിക് ട്രാക്കിന് അനുസരിച്ചാണ് വിഷ്വല്‍ ചെയ്യേണ്ടത്. അതില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും. തൈക്കുടം ബ്രിഡ്ജിനായി നവരസം ചെയ്യുന്നതിന് മുമ്പായി കഥകളിയെ കുറിച്ച് അറിയണമെന്നുണ്ടായിരുന്നു. അത്കൊണ്ട് തന്നെ കലാനിലയം പോലുളള ഇടങ്ങളില്‍ ചെന്ന് പല ആശാന്മാരേയും കണ്ട് പലതും ചോദിച്ചറിഞ്ഞാണ് നവരസം ചെയ്യാമെന്ന് തീരുമാനിച്ചത്.
എന്നെ മോഹിപ്പിച്ച ഫ്രെയിമുകള്‍
ഛായാഗ്രാഹണത്തില്‍ മികവുറ്റ മൂന്ന് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ പറയുകയാണെങ്കില്‍ എനിക്കത് പെട്ടെന്ന് ചെയ്യാന്‍ കഴിയില്ല. വ്യത്യസ്ഥ തരത്തിലുളള ചിത്രങ്ങളാണ് എന്നെ മോഹിപ്പിക്കുന്നത്. അത്കൊണ്ട് തന്നെ ത്രില്ലര്‍, റൊമാന്‍സ്, കോമഡി തുടങ്ങി പല തരത്തിലുളള ചിത്രങ്ങളുടെ ഭാഗമാകാനാണ് എനിക്കിഷ്ടം. എങ്കിലും ചെറുപ്പം മുതല്‍ എന്നെ മോഹിപ്പിച്ച ഒരു ചിത്രം 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' ആണ്. എന്നെ വളരെയധികം എക്സൈറ്റ് ചെയ്യിച്ച ഒരു ചിത്രമായിരുന്നു അത്. കുട്ടികളുടെ ചിത്രം ആണെങ്കില്‍ പോലും ഇപ്പോഴും എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ആദ്യം ഉയര്‍ത്തിപ്പിടിക്കുന്നത് ഈ ചിത്രം തന്നെയാണ്. എങ്കിലും എല്ലാ ഭാഷകളിലുമുളള നല്ല ചിത്രങ്ങള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. ഇതില്‍ ഏറ്റവും നല്ലത് ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ കഴിഞ്ഞെന്ന് വരില്ല. ഓരോ ഛായാഗ്രാഹകനും അവരുടേതായ വ്യത്യസ്ഥമാര്‍ന്ന മികവ് പുലര്‍ത്താറുണ്ട്. ഇപ്പോഴും ഛായാഗ്രാഹണം പഠിച്ച് കൊണ്ടിരിക്കുന്ന എന്ന നിലയില്‍ എപ്പോഴും പുതിയ സാങ്കേതിക വിദ്യയെ കുറിച്ചും സോഫ്റ്റ്വെയറുകളെ കുറിച്ചുമൊക്കെ അപ്ഡേറ്റഡായി ഇരിക്കാന്‍ ശ്രമിക്കാറുണ്ട്. അവ നമ്മുടെ ജോലിയോട് എങ്ങനെ ബന്ധിപ്പിക്കാം എന്ന് ചിന്തിക്കാറുണ്ട്. ഛായാഗ്രാഹണത്തിനായി എപ്പോഴും പുതിയ ഉപകരണങ്ങള്‍ വരുന്നത് ശ്രദ്ധിക്കാറുണ്ട്.
അഭിനയ കുലപതിക്കൊപ്പം ഉസ്താദ് ഹോട്ടലില്‍
ഉസ്താദ് ഹോട്ടലില്‍ തിലകനെ പോലൊരു മഹാനടന്റെ കൂടെ സ്ക്രീന്‍ ഷെയറ് ചെയ്ത് അഭിനയിക്കാന്‍ പറ്റിയത് വളരെ വലിയൊരു ഭാഗ്യം തന്നെയായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണ്. വെളളിത്തിരയില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന പലര്‍ക്കും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണ് എനിക്ക് ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.