ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയുടെ ദ്വൈവാരികയായ ഗൃഹലക്ഷ്മിയുടെ ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെയുളള മുഖവാരിക ചര്‍ച്ചയായതോടെ പിന്തുണയും അഭിനന്ദനവും അറിയിച്ച് നടി ലിസി ലക്ഷ്മി രംഗത്ത്. മാതൃകാപരമായ മുഖച്ചിത്രമാണ് ഇതെന്ന് ലിസി വ്യക്തമാക്കി. ഒരു നൂറ് വാക്കുകള്‍ സംസാരിക്കുന്നതാണ് ഈ ഒരൊറ്റ ചിത്രമെന്ന് ലിസി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
‘ഒരു ഇന്ത്യന്‍ മാസികയുടെ മുഖച്ചിത്രമായി ഇത്രയും ധീരവും ചിന്തയുണര്‍ത്തുന്നതുമായ ചിത്രം ഞാന്‍ കണ്ടിട്ടില്ല. ഇതേ പശ്ചാത്തലത്തില്‍ 2012ല്‍ ടൈം മാഗസിന്‍ മുഖച്ചിത്രം ഒരുക്കിയിരുന്നെങ്കിലും അതില്‍ നിന്നൊക്കെ ഈ മുഖച്ചിത്രം മികവ് പുലര്‍ത്തുന്നു. 1968ലാണ് കറുത്ത നിറമുളള സ്ത്രീയെ മുഖച്ചിത്രത്തില്‍ ഉള്‍പ്പെടുത്തി ഗ്ലാമര്‍ മാഗസിന്‍ മാതൃകയായത്. അതേ ഫലമാണ് ഈ മുഖച്ചിത്രവും ഉണ്ടാക്കുന്നത്. മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച മുഖച്ചിത്രമെന്ന പേരില്‍ ഇത് ചരിത്രത്തില്‍ ഇടംനേടും. ഇത്രയും ധീരമായ ചുവടുവയ്പ് നടത്തിയ ഗൃഹലക്ഷ്മിയിലെ എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ജിലു ജോസഫ്, നിങ്ങള്‍ വിസ്മയിപ്പിച്ചു. നിങ്ങള്‍ ഏറെ തിളങ്ങുന്നു’ ലിസി വ്യക്തമാക്കി.
മോഡലും നടിയുമായ ജിലു ജോസഫാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ഗേളായി എത്തിയിരിക്കുന്നത്. അതേസമയം, ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാറ്റത്തിലേക്കുള്ള ചുവടുവയ്പായാണ് ഭൂരിപക്ഷമാളുകളും കവറിനെ കാണുന്നത്. എന്നാല്‍, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍ ഗേളായി ചിത്രീകരിച്ചതിന് പിന്നില്‍ സവര്‍ണ്ണ മനോഭാവമാണെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.
‘നെറ്റിയിലെ സിന്ദൂരവും താലിമാലയും നിലനില്‍ക്കെ തന്നെ ഇത് യാഥാസ്ഥിതികതയെ വെല്ലുവിളിക്കുന്ന സമര സ്വഭാവം ഉള്ള ചിത്രം ആയാണ് കാണുന്നത്… മാറ്റങ്ങള്‍ ഒറ്റരാത്രികൊണ്ട് വരണം എന്ന ശാഠ്യമില്ല… അത് കാലാനുസൃതമായി തന്നെ നടക്കട്ടെ… ഐക്യമത സദാചാരവാദികളെ ടാക്ടിക്കലായി നേരിടുന്നതിന്റെ ആദ്യ പടിയായി കണ്ടാല്‍ മതി..’ എന്നായിരുന്നു ഷിദീഷ് ലാല്‍ എന്നയാളുടെ പ്രതികരണം. അതേസമയം, ‘ആണ്‍മലയാളിയുടെ മുലനോട്ടങ്ങളെ ഭയക്കാതെ, കൂസാതെ കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ അമ്മമാര്‍ക്ക് കഴിയട്ടെ.’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകനായ അബിന്‍ ജോസഫിന്റെ പ്രതികരണം.
Read More കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്ന് പറയുന്നന നാടാണ് നമ്മുടേത്: ജിലു ജോസഫ്
‘വിവാദങ്ങള്‍ക്കിവിടെ സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. സിന്ദൂരമിട്ടാണോ കൊന്തയിട്ടാണോ അമ്മ മുലയൂട്ടുന്നതെന്ന് നോക്കുന്നത് ചിത്രത്തിന്റെ ഉദ്ദേശ്യം കളയുകയേ ഉള്ളൂ. സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്തുന്ന മോഡലിനെ വച്ചതും അവഗണിക്കാം. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം അതിലും വലുതായതുകൊണ്ട്’ എന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫും ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
അതേസമയം, ഒരു വിഭാഗം ക്യാംപെയിനെതിരേയും രംഗത്തെത്തിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാരെ ആരും തുറിച്ചു നോക്കാറില്ലെന്നും കവര്‍ വാരിക വിറ്റു പോകാനുള്ള ഗൃഹലക്ഷ്മിയുടെ തന്ത്രമാണെന്നുമാണ് ചിലര്‍ ആരോപിക്കുന്നത്. ‘കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയെ കാണുമ്പോള്‍ പുരുഷന്‍മാര്‍ക്ക് കാമഭ്രാന്തിളകുമെന്നു പറയുന്ന മാതൃഭൂമിയുടെ കച്ചവടതന്ത്രം എത്ര മ്ലേച്ഛമാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് അമ്മ മടിത്തട്ടിലിരുത്തി കുഞ്ഞിന് മുലയൂട്ടുന്ന കാഴ്ച. ആദരവോടെയല്ലാതെ അനാവശ്യമായ ഒരു നോട്ടവും ഒരമ്മയുടെ വയറ്റില്‍ നിന്നു പിറന്നു വീണ ഒരുത്തനും കാണിക്കില്ല.’ എന്നായിരുന്നു അരുണ്‍ മാധവ് എന്നയാളുടെ പ്രതികരണം.
സിന്ദൂരമിടാതെ മുലയൂട്ടാനുള്ള ധൈര്യം സ്ത്രീകള്‍ക്ക് എന്നാണാവോ ഉണ്ടാവുക എന്നായിരുന്നു സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചര്‍ച്ചകള്‍ പലതരത്തില്‍ കൊടുമ്പിരി കൊള്ളുന്നുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും ഗൃഹലക്ഷ്മിയുടെ കവര്‍ മാറ്റത്തിന്റെ തുടക്കത്തിലേക്കുള്ള ചവിട്ടു പടിയാണെന്നാണ് വിലയിരുത്തുന്നത്.
കുഞ്ഞിനെ മുലയൂട്ടുക എന്നത് അമ്മയ്ക്ക് മാത്രം കിട്ടുന്ന പ്രിവിലേജ് ആയാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും അതിനെ സമൂഹം വള്‍ഗറായി ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് അതില്‍ അസ്വാഭാവികത വരുന്നതെന്നുമായിരുന്നു കവറിനെ കുറിച്ച് മോഡലായ ജിലു ജോസഫിന്റെ പ്രതികരണം. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിലുവിന്റെ പ്രതികരണം.