ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ലിസി അഭിനയരംഗത്ത് തിരിച്ചെത്തുന്നു. ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷമാണ് ലിസി തിരിച്ചെത്തുന്നത്. മകള്‍ കല്ല്യാണി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് പിറകെ അമ്മയുടെ രണ്ടാംവരവ്. കൃഷ്ണ ചൈതന്യ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ലിസി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നത്.

പവന്‍ കല്ല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ താനൊരു പ്രധാനപ്പെട്ട വേഷമാണ് ചെയ്യുന്നതെന്ന് ലിസ്സി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കൈനിറയേ അവസരങ്ങളുള്ള കാലത്താണ് ലിസി സിനിമ വിടുന്നത്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹശേഷമായിരുന്നു അത്. 1994ല്‍ പുറത്തിറങ്ങിയ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രയിലായിരുന്നു അവസനാമായി വേഷമിട്ടത്. 1990ലായിരുന്നു പ്രിയദര്‍ശനുമായുള്ള വിവാഹം. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു.

ഇരുപത്തിരണ്ടാം വയസ്സില്‍ നിറയെ അവസരങ്ങളുള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്ന് ലിസ്സി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്നും കുറ്റബോധം തോന്നുന്ന ഒരു തീരുമാനമാണ് അത്. തീര്‍ച്ചയായും നഷ്ടപ്പെട്ട ആ കാലവും ആ വേഷങ്ങളും ഇനി തിരിച്ചുകിട്ടില്ല. രണ്ടാം വരവില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ- ലിസ്സി കുറിച്ചു.

ലിസി

ചെറുതെങ്കിലും തെലുങ്കില്‍ എനിക്ക് നല്ലൊരു കരിയര്‍ ഉണ്ടായിരുന്നു. എട്ട് ചിത്രങ്ങള്‍ ചെയ്തതില്‍ ആറെണ്ണവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇതില്‍ മലയാള ചിത്രങ്ങളായ മൂന്നാംമുറയുടെയും ഇരുപതാം നൂറ്റാണ്ടിന്റെയും റീമേക്കുകളും ഉണ്ടായിരുന്നു. തെലുങ്ക് സിനിമ വിടേണ്ടിവന്നതില്‍ എനിക്ക് സങ്കടമുണ്ടായിരുന്നു. പക്ഷേ, അന്ന് വേറെ വഴിയുണ്ടായിരുന്നില്ല. തെലുങ്കിലെ അഭിനയം അപൂര്‍ണമായൊരു ജോലിയായാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മലയാളത്തില്‍ നിന്നും തമിഴിലും നിന്നും തെലുങ്കില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. തമിഴില്‍ ഗൗതം മേനോന്‍ ഒരു വിഷയം പറഞ്ഞിരുന്നു. വൈകാതെ ഒരു മലയാള ചിത്രത്തിലും അഭിനയിക്കും.

സ്റ്റുഡിയോയും പ്രിവ്യൂ തിയേറ്ററും നോക്കിനടത്തുന്നതു തന്നെയാവും എന്റെ മുന്‍ഗണന. വേഷങ്ങള്‍ നല്ലയാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം-ലിസ്സി കുറിച്ചു.

ചിത്രങ്ങൾക്ക് കടപ്പാട്: ലിസി ലക്ഷ്മി ഫെയ്സ്ബുക്ക് പേജ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ