ചിലര്‍ അങ്ങനെയാണ്. നമ്മുടെ വര്‍ത്തമാനങ്ങളില്‍ ഇല്ലെങ്കിലും മറവിയുടെ പടി കടന്നു പോകാത്തവര്‍. ഇവിടെയൊന്നും ഇല്ലായിരുന്നുവെങ്കിലും ഇവിടെയെവിടെയൊക്കെയോ ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്നവര്‍. അങ്ങനെയുള്ള ഒരാളാണ് മലയാളിക്ക് നടി ലിസി. മലയാള സിനിമ പോപുലരിറ്റിയുടെ പുതിയ മാനങ്ങളിലേക്ക് എത്തിയ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടു, ‘cult status’ സിലേക്ക് എത്തിച്ച ചില ചിത്രങ്ങളുടെ ദീപ്ത സാന്നിദ്ധ്യം. തിരശീലയ്ക്ക് പിന്നില്‍ പോയിട്ടും ഓര്‍മ്മകള്‍ കൊണ്ട് നമ്മള്‍ തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കുന്ന ഒരു നടി.

അവരെ സ്ക്രീനില്‍ കണ്ടിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഏറ്റവും ഒടുവില്‍ കണ്ട സ്ക്രീനില്‍ നിന്നും നേരിട്ടിറങ്ങി വന്ന പോലെ ലിസി മുന്‍പില്‍ ഇരിക്കുന്നു, ഇരുപതു വര്‍ഷം മുന്‍പ് കണ്ട അതേ പ്രസരിപ്പോടെ.

എന്നാല്‍ അന്ന് കണ്ട ലിസി എന്ന നടിയല്ല ഇപ്പോള്‍ മുന്നില്‍. സ്വന്തം ഇഷ്ടപ്രകാരം കഴിച്ച വിവാഹത്തില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം തന്നെ വേര്‍പിരിഞ്ഞ്, സ്വന്തം നിലയില്‍ വളരാന്‍ ആഗ്രഹിച്ച് സ്വന്തം ബിസിനസ്‌ കെട്ടിപ്പെടുത്ത ശക്തയായ ഒരു സ്ത്രീയാണ്. സിനിമയിലേക്ക് തിരിച്ചു വന്നെങ്കിലും തനിക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്തു ചെയ്യുന്ന നടി.

lissie 2

ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച്, സിനിമയും ജീവിതവും നിന്ന് പോയ സമയത്തെക്കുറിച്ച്, മക്കളെക്കുറിച്ച്, സിനിമയിലെ സ്ത്രീകളെക്കുറിച്ച്‌, ജീവിതം വീണ്ടെടുക്കുന്നതിനെക്കുറിച്ച്, ലിസി ഐ ഇ മലയാളത്തോട് സംസാരിക്കുന്നു.

യഥാർത്ഥത്തിൽ ജീവിതം തുടങ്ങുന്നത് 50-ാം വയസിലാണ്. അടുത്ത 30 വർഷം എങ്ങനെയെങ്കിലും ജീവിച്ചാൽ മതിയെന്നു ചിന്തിക്കരുത്.

“50 വയസൊക്കെ കഴിയുമ്പോഴാണ് ജീവിതത്തിൽ പലരും ഫ്രീയാകുന്നത്. അതുവരെ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. മക്കളൊക്കെ വളർന്നു കഴിഞ്ഞാൽ പിന്നെ ഒരുപാട് സമയമുണ്ട്. ആ സമയത്ത് എനിക്ക് വയസായി, എന്‍റെ മുടിയൊക്കെ നരച്ചു പോയി എന്നു ചിന്തിച്ചാൽ അത് നിങ്ങൾക്ക് നെഗറ്റീവ് എനർജിയായിരിക്കും നൽകുക. നിങ്ങൾ ഫ്രീയായ ഈ സമയത്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക. ബിസിയായി കഴിഞ്ഞാൽ നെഗറ്റീവ് എനർജി നിങ്ങളെ ബാധിക്കില്ല. ജീവിതം മറ്റൊരു ദിശയിലേക്ക് പോകും.”

ജീവിതത്തിൽ ഇഷ്ടമുളളത് ചെയ്യുക, പ്രായം തടസമല്ല

“ബിസിനസ്, യാത്ര, വായന ഇതൊക്കെ ഞാൻ ഇഷ്ടപ്പെടുന്നു. ഞാനിപ്പോൾ ഹിന്ദി പഠിക്കുന്നുണ്ട്. ഹിന്ദി പഠിക്കാൻ ഞാൻ ഡിക്ഷണറി വാങ്ങി. അത് കണ്ട് മകൾ ചിരിച്ചു. പുതിയ ഭാഷ പഠിക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും നല്ലതാണ്. ജീവിതത്തിൽ നിങ്ങളെ അതിശയിപ്പിക്കുന്ന എന്തും ചെയ്യുക. അതിന് പ്രായം ഒരിക്കലും തടസമല്ല.

യോഗ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ ബാഡ്മിന്റൺ കളിക്കാറുണ്ട്. ഞാനിതൊക്കെ ഇഷ്ടപ്പെടുന്നുണ്ട്. ബാക്കിയുളള സമയമെല്ലാം മറ്റുളളവർക്കുവേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നത്. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ ആ സമയം നിങ്ങൾക്കു വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നത്. ഇനി ഇങ്ങനെയൊക്കെ മതി എന്നു വിചാരിച്ചാൽ നിങ്ങളെ ആർക്കും സഹായിക്കാൻ കഴിയില്ല.”

lissie 4

തിരിച്ചു വരവില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍

ഒരു തെലുങ്ക്‌ ചിത്രമാണ് ഇപ്പോള്‍ ചെയ്തത്. എന്തെങ്കിലും ചെയ്യാന്‍ താത്പര്യമില്ല, വരുന്ന എല്ലാം ചെയ്യാനും താത്പര്യമില്ല. രാവിലെ എഴുന്നേറ്റു മേക്കപ്പ് ഇട്ടു, ക്യാമറയ്ക്ക് മുന്നില്‍ പോയി നില്‍ക്കണം എന്ന് തീവ്രമായ ആഗ്രഹം ജനിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണം.

മകള്‍ കല്യാണിയുടെ സിനിമാ ജീവിതം

“മകള്‍ സിനിമ തെരഞ്ഞെടുത്തതില്‍ വളരെ സന്തോഷം. അവള്‍ക്കു അവളുടെ കരിയറില്‍ ആവശ്യമുള്ള ഉപദേശങ്ങള്‍ കൊടുക്കാറുണ്ട്. ഏതു തരം സിനിമകള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഞാനുമായി ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ എല്ലാറ്റിലും അവള്‍ക്കു അവളുടേതായ തീരുമാനങ്ങള്‍ ഉണ്ട്. ഏതൊരു അമ്മയേയും പോലെ അവള്‍ ആഗ്രഹിക്കുന്ന വഴിയില്‍ അവള്‍ നന്നായി തന്നെ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനു അവള്‍ക്കു വേണ്ട പിന്തുണ നല്‍കാനും എന്നും തയ്യാറാണ്.”

അഭിനയം വിട്ടതിൽ എന്നും പശ്ചാത്താപമുണ്ട്

“കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാൻ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ ഒരുപാട് ത്യാഗം ഞാൻ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാൽ ഭർത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങൾക്കു വേണ്ടി ജീവിതം കളയാൻ പറഞ്ഞോ എന്നായിരിക്കും അവർ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നുവയ്ക്കരുത്.”

നിങ്ങളുടെ വർക്കിനെ ബഹുമാനിക്കാത്ത ഒരാളെ ഒരിക്കലും വിവാഹം ചെയ്യരുത്. ജീവിതം കൊണ്ട് പഠിച്ച പാഠമാണിത്.

lissie 5

വിവാഹമോചനം, മുന്നോട്ടുള്ള ജീവിതം

“വിവാഹത്തില്‍ പ്രശ്നമുണ്ടാകുമ്പോള്‍ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തിൽ മക്കളെ ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കൾ വളർന്നു കഴിഞ്ഞു. അവർ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞുവെന്നോ അവർ ‘ലിവിങ് ടുഗതറെ’ന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും അവരെ ബാധിക്കില്ല. അവർക്ക് മാതാപിതാക്കളുടെ പിന്തുണ വേണം, പക്ഷേ അച്ഛനും അമ്മയും എപ്പോഴും അടുത്തു വേണമെന്നില്ല.

ആ സമയം വരെ ഞാന്‍ വിവാഹത്തില്‍ തന്നെ തുടര്‍ന്നു. എടുത്ത തീരുമാനത്തിൽ ഞാൻ സന്തുഷ്ടയാണ്. കാരണം ഞാൻ ജീവിക്കാൻ ആഗ്രഹിച്ചത് അങ്ങനെയായിരുന്നില്ല. എല്ലാം സഹിച്ചു വിവാഹ ജീവിതം തുടർന്നാൽ എന്‍റെ മക്കള്‍ക്ക്‌ ഞാനൊരു തെറ്റായ മാതൃകയാകും എന്ന് തോന്നി. എല്ലാം സഹിച്ച് ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്‍റെ മകൻ ചിന്തിക്കാന്‍ ഞാൻ ആഗ്രഹിച്ചില്ല.”

സ്ത്രീകളെ ബഹുമാനിക്കാൻ മക്കളെ പഠിപ്പിക്കുക

“ഞാനെന്‍റെ മകനോട് എപ്പോഴും പറയാറുണ്ട്, ഒരു സ്ത്രീ മുറിയിലേക്ക് വന്നാൽ അവൾക്കായി വാതിൽ തുറന്നു കൊടുക്കുക, കസേര ഓഫർ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതാണ് ‘Chivalry’ എന്ന്. ഒരു ആൺകുട്ടിയെ ശരിയായ രീതിയിൽ വളർത്തിയെടുത്താല്‍ തന്നെ സമൂഹത്തിലെ പകുതി പ്രശ്നങ്ങളും തീരും.”

സ്ത്രീകളെ ബഹുമാനിക്കുക, അവരെ സ്നേഹിക്കുക, സ്ത്രീ-പുരുഷൻ എന്ന വ്യത്യാസം കാട്ടാതിരിക്കുക ഇതൊക്കെ അവരെ പഠിപ്പിക്കുക എന്നത് വളരെ പ്രധാനമാണ് എന്ന് തോന്നുന്നു.

“സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യത തേടിയുള്ള മാറ്റം വീടുകളില്‍ നിന്ന് തുടങ്ങണം. അമ്മമാർ ആൺമക്കളെ വളർത്തുന്ന രീതിയിൽ തന്നെ മാറ്റം തുടങ്ങണം. അമ്മയെ ബഹുമാനിക്കുന്ന, സ്ത്രീയെ ബഹുമാനിക്കുന്ന കുട്ടിയായി അവൻ വളർന്നു വരുമ്പോൾ അടുത്ത ജനറേഷനിൽ അത് മാറ്റമുണ്ടാക്കും.”

lissie 6

സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളെ സ്വാഗതം ചെയ്യുന്നു

“സിനിമയിലെ സ്ത്രീകള്‍ അവരുടെ നിലപാടുകള്‍ തുറന്നു പറയുന്നതില്‍ സന്തോഷം. സമൂഹം, സോഷ്യൽ മീഡിയ എന്നിവരുടെ ആക്രമണത്തെ കുറിച്ച് ചിന്തിക്കുന്നില്ല. അവർ ബോൾഡായി നിൽക്കുന്നു. ശരിയല്ലാത്ത എന്തു കാര്യവും അത് തെറ്റാണെന്ന് തുറന്നു പറയാൻ ധൈര്യം കാണിക്കുന്നുണ്ട്.”

സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും സ്ത്രീകളാണ്. എന്നതും ശ്രദ്ധിച്ചിരുന്നു അത് ഒഴിവാക്കിയാല്‍ നല്ലത്. എന്തു പറഞ്ഞാലും അതിനെ പിന്തുണക്കണം എന്നല്ല. ശരിയായ കാര്യമാണ് പറയുന്നതെങ്കിൽ അവരെ പിന്തുണച്ചില്ലെങ്കിലും അവർക്കെതിരെ പറയാതിരിക്കുക.

“ബാറിൽ പോയി മദ്യപിക്കുന്നതോ എന്തു വസ്ത്രവും ധരിച്ച് നടക്കാൻ സ്വാതന്ത്രമുണ്ടെന്ന് പറയുന്നതോ അല്ല പോരാട്ടം. അതല്ല ബോൾഡ്നസ്. ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുക.”

ലിസി എന്ന സ്ത്രീ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്?

ഇതിന്‍റെ ഉത്തരം ഒറ്റവാക്കിലോ ഒറ്റ വാചകത്തിലോ എനിക്ക് പറയാനാവില്ല. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയായി കഴിഞ്ഞാൽ അവൾക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. മറ്റേതു ഉത്തരവാദിത്തങ്ങളിൽനിന്നും ഏറ്റവും വലുതാണത്.

പുരുഷന്മാരെക്കാൾ കഴിവുളളവരാണ് സ്ത്രീകൾ, മാനസികമായി ശക്തരുമാണ്. അർധ നാരീശ്വര സങ്കൽപ്പം പോലും ഉണ്ടായത് സതി ശിവന് തുല്യയായത് കൊണ്ടാണ്. പക്ഷെ അങ്ങേയൊരു തുല്യത വളരെക്കാലം നമ്മുടെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു.

എന്നാല്‍ പുരുഷന്മാരുടെ കീഴിൽ മാത്രം കഴിയാനുളളവരല്ല തങ്ങള്‍ എന്ന സത്യം ഇന്ന് പല സ്ത്രീകളും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ അവർ ധൈര്യം കാട്ടാറുണ്ട്. നിരവധി പുരുഷന്മാർ അത് അംഗീകരിക്കുന്നുമുണ്ട്. കുടുംബത്തിനുവേണ്ടി അല്ലെങ്കിൽ തന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി മാത്രം സ്വന്തം ജീവിതം ഒഴിഞ്ഞു വയ്ക്കുന്നവളാകണം സ്ത്രീ, എന്ന കാഴ്ചപ്പാട് തെറ്റാണ്.

ശാരീരികമായിപുരുഷന്മാർ സ്ത്രീകളെക്കാൾ കരുത്തരാണ്. പക്ഷേ മറ്റു പല തരത്തിലും അവർക്കു മുകളിലാണ് സ്ത്രീകൾ. ഒരു സ്ത്രീക്ക് ഒരേസമയം വിവിധ ജോലികൾ ചെയ്യാനും വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാനും സാധിക്കും. ഭാര്യ, വീട്ടമ്മ, ഉദ്യോഗസ്ഥ തുടങ്ങി അവൾ പല റോളുകൾ ചെയ്യുന്നുണ്ട്. പുരുഷന് ഒരിക്കലും അത് ചെയ്യാൻ സാധിക്കില്ല.

പ്രതിസന്ധികളെ അതിജീവിച്ച, ഇഷ്ടമുള്ള ജോലി ചെയ്യുന്ന, മക്കളോട് ഉത്തരവാദിത്തമുള്ള ഒരമ്മയായിട്ടായിരിക്കും ഞാന്‍ അറിയപ്പെടാന്‍ സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook