Mohanlal Birthday, Happy Birthday Mohanlal: മലയാളികളുടെ പ്രിയപ്പെട്ട ‘ലാലേട്ടൻ’ നാളെ 60-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി.
മോഹൻലാലിന്റെ ആരാധകർ മാത്രമല്ല സിനിമാ താരങ്ങളും തങ്ങളുടെ പ്രിയ താരത്തിനു ആശംസകൾ നേർന്നു രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാലുമായുള്ള സുഹൃദ്ബന്ധം ഏറെ പ്രിയപ്പെട്ടതാണെന്ന് നടി ലിസി ലക്ഷ്മി പറയുന്നു. മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ കുറിപ്പിലാണ് മോഹൻലാലുമായുള്ള സുഹൃദ്ബന്ധത്തെ കുറിച്ച് ലിസി വെളിപ്പെടുത്തിയത്.
Read Here: Mohanlal Birthday: അറുപതിന്റെ നിറവില്‍ മോഹന്‍ലാല്‍, ജന്മദിനം ആഘോഷമാക്കാന്‍ മലയാളം
Mohanlal Birthday, Happy Birthday Mohanlal: താൻ വളരെ കുറച്ച് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെന്നും അതിൽ കൂടുതലും മോഹൻലാലിനൊപ്പം ആണെന്നും ലിസി പറഞ്ഞു. “മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ നല്ല കംഫർട്ട് തോന്നാറുണ്ട്. മോഹൻലാലിന്റെ അത്ര ക്ഷമ ആർക്കുമില്ല. കൂടെ അഭിനയിക്കുന്നവർക്ക് തെറ്റിയാലും ഒരു രംഗം തന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കുമ്പോഴും ഏറെ ക്ഷമ കാണിക്കുന്ന വ്യക്തിയാണ്. പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനിൽക്കുന്ന നടനാണ്.”
മോഹൻലാലിന്റെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന പറഞ്ഞ ലിസി, ലാലിന്റെ ഭാര്യ സുചിത്ര തന്റെ അടുത്ത സുഹൃത്താണെന്നും കൂട്ടിച്ചേര്‍ത്തു.
“ഒരുമിച്ചുള്ള യാത്രകളിൽ നടനെന്ന വേഷമൊക്കെ അഴിച്ചു വച്ച് സുചിത്രയ്ക്കൊപ്പം കൂടുന്ന ലാലേട്ടനെ കണ്ടിട്ടുണ്ട്. ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനും പെട്ടി ചുമക്കാനും ലാലേട്ടന് മടിയില്ല. കുട്ടികൾക്കുള്ള ഷോപ്പിങ് കഴിഞ്ഞ് കെെനിറയെ പെട്ടികളുമായി മടങ്ങുമ്പോൾ മലയാളത്തിന്റെ സൂപ്പർതാരത്തെയാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നതെന്നു തമാശ പറഞ്ഞു ചിരിക്കുന്ന ലാലേട്ടന്റെ അത്ര സിംപിളായി മറ്റാരുമില്ല.”
മോഹൻലാൽ നല്ലൊരു പാചകവിദഗ്ധനാണെന്നും ലിസി കുറിപ്പില്‍ പറയുന്നു.
“ആവേശത്തോടെയാണ് ലാലേട്ടന് ഭക്ഷണമുണ്ടാക്കുന്നത്. എന്തു ജോലി ചെയ്താലും ഇതേ ആവേശം അദ്ദേഹം കാണിക്കാറുണ്ട്. കൈയില്‍ക്കിട്ടുന്നതെല്ലാം അദ്ദേഹം ഭക്ഷണത്തിലിടും. രണ്ടാമതൊരിക്കല്‍ക്കൂടി അതേ വിഭവമുണ്ടാക്കാന്‍ ആവശ്യപ്പെടരുതെന്നു മാത്രം. ഓരോ തവണയും ഓരോ ചേരുവകള്‍ ചേര്‍ക്കുന്നതു കൊണ്ട് കൃത്യമായ റെസിപ്പിയൊന്നുമില്ലെങ്കിലും അപാര രുചിയാണ്.”
