സൂഫിയ്ക്കും സൊലെയ്ലിനും ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ലിസ റേയുടെ ലോകം. കാൻസറിനെതിരെയുള്ള വർഷങ്ങൾ നീണ്ട പോരാട്ടത്തിൽ നിന്നും കരകയറിയ ലിസയുടെ ജീവിതത്തിലേക്ക് പ്രത്യാശയുമായി കടന്നുവന്ന മാലാഖകുഞ്ഞുങ്ങളാണ് സൂഫിയും സൊലെയ്ലും. കാൻസർ പോരാളിയിൽ നിന്നും ഇരട്ടക്കുട്ടികളുടെ അമ്മ എന്ന മേൽവിലാസത്തിലേക്കുള്ള ശുഭകരമായ മാറ്റത്തെ ആഘോഷിക്കുകയാണ് താരമിപ്പോൾ. ലിസയുടെ ട്വിറ്ററിലും ഫെയ്സ്ബുക്കിലുമെല്ലാം ഇപ്പോൾ സൂഫിയുടെയും സൊലെയ്ലിന്റേയും വിശേഷങ്ങൾ ആണ് നിറയുന്നത്.
Sufi and Soleil. Thanks for choosing us, little ones. pic.twitter.com/PmArouFiT5
— Lisa Ray (@Lisaraniray) September 23, 2018
മോഡലിങ്ങിൽ നിന്നുമാണ് ലിസ സിനിമയിലേക്ക് വന്നത്. ‘കസൂർ’ ആയിരുന്നു ലിസയുടെ ആദ്യചിത്രം. തുടർന്ന് ദീപ മേത്തയുടെ ‘വാട്ടറി’ലെ വിധവയുടെ വേഷം ലിസയെ രാജ്യാന്തരതലത്തിൽ വരെ ശ്രദ്ധേയയാക്കി. വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുമ്പോഴാണ് ബ്ലഡ് കാൻസർ ലിസയുടെ ജീവിതത്തിലേക്ക് വില്ലനായി എത്തുന്നത്.
2009 ലാണ് ലിസയിൽ രോഗം സ്ഥിരീകരിക്കുന്നത്. സങ്കീർണമായ സ്റ്റംസെൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രോഗത്തെ അതിജീവിച്ചു. 2012 ൽ സുഹൃത്തും കാലിഫോർണിയയിൽ ബാങ്ക് ഉദ്യോഗസ്ഥനുമായ ജാസൻ ദെഹ്നിയെ ലിസ വിവാഹം ചെയ്തു.
സ്വാഭാവികമായ രീതിയിൽ ഗർഭം ധരിക്കാൻ കഴിയാത്തതു കൊണ്ട് വാടകഗർഭപാത്രം സ്വീകരിച്ചാണ് ലിസ ഗർഭം ധരിച്ചത്. വാടകഗർഭപാത്രസ്വീകരണത്തിന് ഇന്ത്യയിൽ നിയന്ത്രണം കൊണ്ടു വന്നതോടെ ജോർജിയയിൽ നിന്നും നിയമപരമായി സറോഗസി മദറിനെ കണ്ടെത്തുകയായിരുന്നു.