ഫോണ്‍ സെക്സും, ദൈര്‍ഖ്യമേറിയ ചൂടന്‍ രംഗങ്ങളുമുണ്ടെന്ന കാരാണത്താല്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നിരസിച്ച ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രമാണ് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ വാരിക്കൂട്ടുന്നത്.
ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിലെ പ്രേക്ഷക അവാര്‍ഡ്, ഗ്ലാസ്ഗോ ഫിലിം ഫെസ്റ്റിവലിലെ പ്രേക്ഷക അവാര്‍ഡും ജൂറി അവാര്‍ഡ്, ടോക്യോ ഫിലിം ഫെസ്റ്റിവലിലെ സ്പിരിറ്റ് ഓഫ് സൌത്ത് ഏഷ്യ അവാര്‍ഡ്, ജിയോ മാമി ഫെസ്റ്റിവലിലെ ഓക്സ്ഫാം ബെസ്റ്റ് ഫിലിം ഓണ്‍ ജെന്‍ഡര്‍ ഇക്ക്വാലിറ്റി എന്നിവയാണ് ചിത്രത്തിന് ഇത് വരെ ലഭിച്ച അംഗീകാരങ്ങള്‍.
ഏപ്രില്‍ 30നു ആരംഭിക്കുന്ന ന്യൂ യോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ ഉത്ഘാടനചിത്രമാണ് അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’.

സ്ത്രീ കേന്ദ്രീകൃത കഥ, തുടര്‍ച്ചയായ സെക്സ് രംഗങ്ങള്‍, അസഭ്യ വാക്കുകള്‍, ശ്രവണ സംബന്ധമായ അശ്ളീലം (ഓഡിയോ പോര്‍ണോഗ്രാഫി) എന്നിവയൊക്കെയാണ് സെര്‍ട്ടിഫിക്കെഷന്‍ നിരസിക്കാനുള്ള കാരണങ്ങളായി സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്.
നാല് സ്ത്രീകളുടെ കഥ പറയുന്ന സിനിമയാണ് ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’. ബുര്‍ഖ ധരിച്ച കോളേജ് വിദ്യാര്‍ഥിനി, ചെറുപ്പക്കാരിയായ ബ്യൂട്ടീഷ്യന്‍, മൂന്ന് കുട്ടികളുള്ള ഒരമ്മ, 55 കാരിയായ, തന്‍റെ ലൈംഗികത്വം തിരിച്ചറിയുന്ന ഒരു വിധവ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
സംവിധായകന്‍ പ്രകാശ് ജാ നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിക്കുന്നത് കൊങ്കണ സെന്‍ ശര്‍മ, രത്ന പതക്, ആഹാന കുംര, പ്ലബിത ബോര്‍തകുര്‍, സുശാന്ത് സിംഗ്, വൈഭവ് ത്രിവേദി എന്നിവരാണ്.
സിനിമയ്ക്കു പ്രദര്‍ശനാനുമതി നിരസിച്ചതിനെ വിമര്‍ശിച്ചു പലരും രംഗത്തെത്തിയിരുന്നു, മലയാളത്തില്‍ നിന്നും ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെ.
ശക്തമായ ഭാഷയില്‍ ഗീതു പ്രതികരിച്ചതിങ്ങനെ
‘പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ശക്തമായ സ്ത്രീ സ്വരങ്ങളുള്ള ഫെമിനിസ്റ്റ് സിനിമ. ഒരു ഫിലിം മേക്കറുടെ ആവിഷ്‌കരണ സ്വാത്രന്ത്യം നിങ്ങള്‍ക്കെങ്ങനെ നിഷേധിക്കാന്‍ സാധിക്കും? സര്‍ട്ടിഫൈ ചെയ്യൂ; കാണന്നോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊള്ളാം. സിനിമാ ലോകം ചില അധമന്മാരുടെ കൈപ്പിടിയില്‍…’
നല്ല സിനിമക്ക് വേദികള്‍ ഉണ്ടാകുമെന്നും, അവ കാണേണ്ട രീതിയില്‍ തന്നെ കാണപ്പെടുമെന്നും, അവ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ക്ക് സങ്കോചമില്ലാത്ത സ്വീകാര്യതയുണ്ടാവുമെന്നും ഈ സിനിമയുടെ അംഗീകാരങ്ങള്‍ വ്യക്തമാക്കുന്നു.