scorecardresearch
Latest News

ലിപ്സ്റ്റിക് : തിരസ്‌ക്കരിക്കപ്പെട്ടവരുടെ നിറങ്ങൾ കൂടിയാണ് ഈ സിനിമ

കൂടെ കെടക്കുമ്പോ അവളും സുഖിച്ചിട്ടല്ലേ എന്നൊക്കെയുള്ള ഫേസ്ബുക്ക് കമന്റുകള്‍ – പീഢനപരാതിയുടെ അടിയില്‍ ഞെളിഞ്ഞു കിടക്കുമ്പോള്‍ – ഒട്ടൊന്നു പിടയാതെ ഈ രംഗങ്ങള്‍ നിങ്ങളെ കടന്നു പോകില്ല.

Lipstic under my burkha
അനശ്വര കൊരട്ടിസ്വരൂപം

ഓ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇത്രയേറെ പ്രശ്‌നമോ എന്ന് ചോദിച്ചുകൊണ്ടാണ് സെന്‍സര്‍ബോര്‍ഡ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിനെ ആദ്യം വിലയിരുത്തിയത്. പക്ഷെ, ഇന്ത്യന്‍ സംസ്‌കാരത്തെയും സ്ത്രീകള്‍ക്ക് സമൂഹം നല്‍കുന്ന സ്ഥാനത്തെയും കുറിച്ച് വാചാലരാകുന്ന മനുഷ്യരുടെ മുഖത്തേക്കുള്ള നീട്ടിയുള്ളോരടിയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന സിനിമ എന്ന് ഒറ്റവാക്കില്‍ പറഞ്ഞുവയ്ക്കാം. ഉത്തരേന്ത്യന്‍ നഗരത്തില്‍ വ്യത്യസ്ത പ്രായത്തില്‍- സാമൂഹിക സാഹചര്യത്തില്‍- മതത്തില്‍- ഉള്ള നാലുസ്ത്രീകളുടെ ജീവിതത്തെ ആശകളെ സഞ്ചാരങ്ങളെ അടയാളപ്പെടുത്താനാണ് സംവിധായിക അലംകൃത ശ്രീവാസ്തവ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.

ചിത്രത്തില്‍ മധ്യവയസ്‌കയായ ബുഅജി (രചന പതക് ) കൊച്ചുപുസ്തകങ്ങള്‍ എന്നോമനപ്പേരില്‍ അറിയപ്പെടുന്ന നോവലുകള്‍ വായിക്കുന്നവളും അവയിലെ റോസിയെന്ന കഥാപാത്രത്തിന്റെ പേര് സ്വീകരിച്ച് തന്റെ നീന്തല്‍ മാസ്റ്ററോട് രാത്രിയില്‍ ആരുമറിയാതെ രതിസംഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സ്ത്രീയാണ്. ചിത്രത്തില്‍ ഉടനീളം ബുഅജി എന്ന് മാത്രം അറിയപ്പെടുന്ന അവരുടെ യഥാര്‍ത്ഥ പേര് എന്തെന്ന് ചോദിക്കുന്ന ഒരേ ഒരാള്‍ ഈ നീന്തല്‍ മാസ്റ്റര്‍ ആണ് എന്നതും, പുരുഷസങ്കല്പങ്ങളില്‍ പറയുന്ന മാച്ചോ ശരീരഘടനയുള്ളവനുമാണ് എന്നതുമാണ് ഉഷ എന്ന ബുഅജിയെ ഇദ്ദേഹത്തിലേക്കു ആകൃഷ്ടനാക്കുന്നത്. രാത്രിയില്‍ റോസിയെന്ന പേരില്‍ നടത്തുന്ന രതിഭാഷണങ്ങള്‍ക്കിടയ്ക്ക് ബുഅജി സ്വയംഭോഗം ചെയ്യുകയും രതിമൂര്‍ച്ഛയില്‍ എത്തുകയും ചെയ്യുന്നു. ഒരു പക്ഷെ ഈ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗവും ഈ രതിമൂര്‍ച്ഛയുടെ ആയിരിക്കും.

Lipstic under my burkha

പൊതുവില്‍ ലൈംഗികതയോട് അടഞ്ഞ സമീപനമാണ് നാം ഓരോരുത്തരും സ്വീകരിച്ചു പോരുന്നത്. തനിക്ക് ഏതുതരത്തിലുള്ള ലൈംഗിക ബന്ധരീതികളാണ് താത്പര്യം എന്ന് പങ്കാളിയോടുപോലും ചര്‍ച്ചചെയ്യാന്‍ നമുക്ക് മടിയാണ്. അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നത് ‘നല്ല’ആണിനും പെണ്ണിനും പറഞ്ഞിട്ടുള്ള കാര്യമല്ലെന്നു നമ്മുടെ സമൂഹം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു നിശ്ചിത പ്രായത്തിനു ശേഷം, കുട്ടികള്‍ ആയാല്‍, പിന്നെ സ്ത്രീക്ക് ലൈംഗിക താത്പര്യങ്ങള്‍ ഉണ്ടാകില്ല എന്നും, മധ്യവയസ്സില്‍ തീര്‍ത്തും അസെക്ഷുല്‍ (asexual)ആകുന്നവരുമാണ് സ്ത്രീകള്‍ എന്നാണ് നമ്മുടെ പൊതുബോധം പറഞ്ഞു വച്ചിരിക്കുന്നത്. പ്രത്യുല്പാദനമാണ് ലൈംഗികബന്ധത്തിന്റെ അടിസ്ഥാനം എന്നും, അതിനുപുറമെ ഉള്ള ലൈംഗിക ചോദന ആവിശ്യമില്ലെന്നും, അത്തരം അഭിവാഞ്ഛകള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും, 40 വയസ്സില്‍ ഒറ്റയാകുന്ന സ്ത്രീകള്‍ പുനര്‍വിവാഹം കഴിക്കുമ്പോള്‍ എന്തിനാണ് ഈ പ്രായത്തില്‍ ഇനി കല്യാണം എന്നും ആശ്ചര്യപ്പെടുന്ന സമൂഹത്തിനു നേരെയാണ് അതിന്റെ പൊതുബോധങ്ങള്‍ക്കു നേരെയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയുടെ പോസ്റ്ററിലെ നടുവിരല്‍ ഉയരുന്നത്. ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ലവ് 24 *7 എന്ന ചിത്രത്തില്‍ സുഹാസിനി പറയുന്ന ഒരു വാചകമുണ്ട്- ആരെങ്കിലും എന്നെ ഒന്ന് കെട്ടിപിടിച്ചിരുന്നെങ്കില്‍ എങ്കില്‍ – പ്രണയത്തോടെയോ കരുതലോടെയോ ഉള്ള ഒരു സ്പര്‍ശം എന്നത് ഏതു പ്രായത്തിലും മനുഷ്യന് ആവിശ്യമാണ് എന്നത് തന്നെ നമുക്ക് അംഗീകരിക്കാന്‍ എത്രമടിയാണ്. ഒരു മുറിക്കുള്ളില്‍ മാത്രം പ്രകടിപ്പിക്കേണ്ട ഒന്നായി പ്രണയത്തെ നാം നിര്‍വചിക്കുമ്പോള്‍- മധ്യവയസ്സിനു ശേഷം പ്രണയത്തിനും ലൈംഗിക സംതൃപ്തിക്കും ആഗ്രഹിക്കുന്ന സ്ത്രീകളെ നാം വെള്ളിത്തിരയില്‍ അധികം കണ്ടു പരിചയിച്ചിട്ടില്ല . ചിത്രത്തില്‍, ആദ്യമായി മാസ്റ്ററെ വിളിക്കുമ്പോള്‍ പെട്ടന്ന് കണ്ണാടി കാണുന്ന ബുഅജി, തന്റെ പ്രായത്തെ കുറിച്ചോര്‍മിക്കുന്ന രംഗമുണ്ട്. പ്രായം പ്രണയത്തിന്റെ അടയാളപ്പെടുത്തത്തുന്ന മാനദണ്ഡമായി പ്രവര്‍ത്തിക്കുന്നത് എങ്ങിനെ എന്ന് കൃത്യമായി വരച്ചു കാണിക്കുകയാണ് ഇതില്‍.

lipstic under my burkha

ഈ ലേഖനം എഴുതുമ്പോള്‍ ആണ് യൂറോപ്പിലെ ഒരു കോടതിയില്‍ 50 വയസ്സില്‍ സ്വാഭാവിക ലൈംഗിക ബന്ധത്തിനുള്ള കഴിവ് നഷ്ട്‌പെടുത്തിയ ഓപ്പറേഷന് നഷ്ടപരിഹാരം ചോദിച്ച സ്ത്രീയ്ക്ക്, ആ പ്രായത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട എന്ന വാദത്തെ തള്ളിക്കൊണ്ട് കോടതി ഏതുപ്രായത്തിലും ഒരു മനുഷ്യന് ലൈംഗികചോദനകള്‍ ഉണ്ടാകാം എന്നും അതിനെ ബഹുമാനിക്കണം എന്നും വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എന്റെ ഹോസ്റ്റല്‍ റൂംമേറ്റ് ആയിരുന്ന സുഹൃത്ത് പങ്കുവച്ച ഒരു സര്‍വേ ഫലം ഇങ്ങനെ ആയിരുന്നു.വിവാഹിതരായ 67 ശതമാനം ആളുകളും തങ്ങളുടെ പങ്കാളിയുടെ നഗ്‌നശരീരം കണ്ടിട്ടില്ല. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ലൈംഗികാവയവം മാത്രം കണ്ടവരായിരുന്നു അവരില്‍ ഭൂരിഭാഗവും. ഇത് അന്നത്തെ 19 കാരിക്ക് അത്ഭുതമായിരുന്നുവെങ്കിലും പോകെ പോകെ അത് സത്യമാണെന്ന് ബോധ്യപ്പെട്ടുകൊണ്ടിരുന്നു. വിവാഹബന്ധത്തില്‍ ദിനംതോറുമുള്ള രതിയില്‍ കിടന്നു കൊടുക്കുന്ന ഭാര്യയും തന്റെ കാമം തീര്‍ക്കുന്ന ഭര്‍ത്താവും എന്നത് അത്ര വിരളമായ ഒന്നല്ല. ഈ ചിത്രത്തില്‍ കൊങ്കണാ സെന്‍ അവതരിപ്പിക്കുന്ന വീട്ടമ്മ കഥാപാത്രം ഭര്‍ത്താവില്‍ നിന്ന് ഒരു ഉമ്മ പോലും ലഭിക്കാത്ത, തുടരെ തുടരെ 3 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ, അതിനുശേഷം ഓരോ ലൈംഗിക ബന്ധത്തിന് ശേഷവും ഐ പില്‍ കഴിക്കുന്ന, അനവധി അബോർഷനുകള്‍ നടത്തിയ ഒരു സ്ത്രീ ആണ്. കിടക്കയില്‍ മാത്രമാണ് അങ്ങനെ ഒരു ജീവി തന്റെ കൂടെ വസിക്കുന്നുണ്ട് എന്ന് ഭര്‍ത്താവ് ഓര്‍മ്മിക്കുന്നത്. കിടക്കയില്‍ കിടന്നയുടന്‍ ഭാര്യയുടെ സല്‍വാര്‍ താഴ്ത്തി തന്റെ ലിംഗം അവരില്‍ പ്രവേശിപ്പിക്കുകയും തനിക്കു സ്ഖലനം സംഭവിക്കുമ്പോള്‍ അതിനെ പുറത്തെടുക്കുകയും ചെയ്യുന്ന നിമിഷങ്ങളില്‍ മാത്രമാണ് ആ ശരീരത്തില്‍ അദ്ദേഹം സ്പര്‍ശിക്കുന്നത് തന്നെ. തന്റെ അധികാരം മുഴുവന്‍ പ്രയോഗിക്കാന്‍ ലിംഗം എന്ന അവയവം മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നതും.നിന്നെ ഭര്‍ത്താവ് ഒരിക്കലും ചുംബിച്ചിട്ടില്ല അല്ലെ എന്ന ചോദ്യത്തിന് നിറഞ്ഞൊഴുകന്ന കണ്ണുകളിലും, തന്റെ ജോലിയുടെ മികവിന്റെ ഭാഗമായി കിട്ടിയ ഓവനില്‍ ഉണ്ടാക്കിയ കേക്ക് നല്‍കുമ്പോള്‍ ടി വി കാണുന്ന ഭര്‍ത്താവ് അവളുടെ കയ്യിലെ കേക്ക് മാറ്റി അതേ കൈയെടുത്ത് തന്റെ പൈജാമയ്ക്ക് ഉള്ളിലേക്ക് താഴ്ത്തുമ്പോള്‍ , ലിംഗം സ്പര്ശിക്കുന്ന മാത്രയില്‍ മുഖത്തു തെളിയുന്ന നിര്‍വികാരതയിലും ഭാര്യ എന്ന പദത്തെ സംവിധായിക കൃത്യമായി അടയാളപ്പെടുത്തുന്നു. കൂടെ കെടക്കുമ്പോ അവളും സുഖിച്ചിട്ടല്ലേ എന്നൊക്കെയുള്ള ഫേസ്ബുക്ക് കമന്റുകള്‍ – പീഢനപരാതിയുടെ അടിയില്‍ ഞെളിഞ്ഞു കിടക്കുമ്പോള്‍ – ഒട്ടൊന്നു പിടയാതെ ഈ രംഗങ്ങള്‍ നിങ്ങളെ കടന്നു പോകില്ല.

Lipstick under my burkha

ഭോപ്പാലിലെ ഇടുങ്ങിയ തെരുവില്‍ നിന്ന് സ്വാതന്ത്ര്യങ്ങളുടെ ലോകത്തേക്ക് പറക്കാന്‍ തയ്യാറാകുന്ന ലീലയാകട്ടെ, തന്റെ ശരീരത്തെ ഈ സഞ്ചാരത്തിലേക്കുള്ള ഇന്ധനമായാണ് ഉപയോഗിക്കുന്നത്. ‘അമ്മ നിശ്ചയിച്ച വിവാഹത്തിനു സമ്മതിക്കുമ്പോഴും യാതൊരു മടിയും ഇല്ലാതെ,വിവാഹനിശ്ചയത്തിനിടയില്‍ കാമുകനുമായി രതിയിലേര്‍പ്പെടുകയും അത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു. ‘എന്നെ എങ്ങാന്‍ ചതിച്ചാല്‍ ഇത് പുറത്തു വിടും’ എന്ന ഭീഷണിയും അവള്‍ കാമുകനോട് മുഴക്കുന്നുണ്ട്. നഗ്‌നമോഡലിംഗ് നടത്തുന്ന അമ്മയുടെ മകള്‍ ആണ് അവള്‍ എന്നത് കഥയിലെവിടെയോ തീര്‍ത്തും സ്വാഭാവികമായി പറഞ്ഞു പോകുന്നു. കാമുകനും പ്രതിശ്രുതവരനും ഇടയിലെ അവളുടെ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ , പ്രതിശ്രുത വരന്‍ സ്വന്തം വീടിനെ (കൂട്ടുകുടുംബം) പരിചയപ്പെടുത്തിയിട്ടു- ഹാളില്‍ വല്യ ഒരു ടിവി വയ്ക്കണം- പിന്നെ ഇവിടന്നു എങ്ങോട്ടും പുറത്തുപോണ്ടാ എന്ന് പറയുമ്പോള്‍, കുരുക്കില്‍ നിന്ന് വലിയ കുരുക്കളിലേക്കാണല്ലോ താന്‍ ചെന്ന് വീഴുന്നത് എന്ന് ആശങ്കപ്പെടുന്ന മുഖത്തോടെ അടയാളപ്പെടുത്തപ്പെടുന്ന മൂന്നാമത്തെ സ്ത്രീ ജീവിതം.

ബുര്‍ഖക്കുള്ളില്‍ ജീന്‍സും ടി ഷര്‍ട്ടും ധരിച്ച്, സംഗീതത്തെ സ്‌നേഹിച്ച്, കോളേജ് ബാന്‍ഡിലേക്കു പാടാന്‍ അവസരത്തിനായി കാത്തു നില്‍ക്കുന്ന റിഹാനയുടേതാണ് ചിത്രത്തിലെ നാലാമത്തെ ജീവിതം. എന്റെ സ്വാതന്ത്ര്യത്തെ നിങ്ങള്‍ ഭയപ്പെടുന്നതെന്തിന് എന്ന് ചോദിക്കുമ്പോഴും, കോളേജിന് പുറത്തു തന്റെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താന്‍ അവള്‍ തയ്യാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്, വീടിനുള്ളില്‍ അവള്‍ പര്‍ദ്ദ തയ്ക്കുന്ന, മതം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കുന്ന പെണ്‍കുട്ടിയാണ്. അടച്ചിട്ട മുറിക്കുള്ളില്‍, മാത്രം താന്‍ ആരാണോ അതാകുന്ന പെണ്‍കുട്ടി. തനിക്കു വേണ്ട വസ്ത്രങ്ങള്‍ മാളുകളില്‍ നിന്ന് ഒരു കുറ്റബോധവും ഇല്ലാതെ മോഷ്ടിക്കുന്ന, ആദ്യമായാണോ മദ്യപിക്കുന്നത് എന്ന ചോദ്യത്തിന് ആര്‍ യു ക്രേസി എന്ന് കളവു മറയ്ക്കാന്‍ ചോദിക്കുന്ന, തന്റെ വഴികളെ, വലിയ ഘോഷങ്ങള്‍ ഇല്ലാതെ കണ്ടുപിടിച്ച് മുന്നേറുന്ന നാലാമത്തെ സ്ത്രീ.

റിഹാനയുടെയും ലീലയുടെയും സ്ത്രീ ജീവിതങ്ങളെ മാന്യതയുടെയും ശരികളുടെയും കണ്ണടകളിലൂടെ നോക്കി തെറ്റുകാരാന്നു വിധിച്ച് കൈകഴുകി ഇരിക്കാന്‍ ആണ് നമുക്കെളുപ്പം, ഒരിക്കലെങ്കിലും അവരിലൂടെ കടന്നുപോകാന്‍ സാധിച്ചാല്‍, അവനവന്റെ ശരികള്‍ മാത്രമാണ് ജീവിതം എന്നത് നമുക്ക് മനസിലാവും. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ വിജയിച്ച സ്ത്രീകളുടെ കഥയല്ല. എല്ലായിടങ്ങളില്‍ നിന്നും തിരസ്‌കരിക്കപ്പെട്ട ജീവിതങ്ങളുടെ കഥയാണ്. തന്റെ അധികാരകേന്ദമായിരുന്ന ഹവായ് മഹലില്‍ നിന്നും തെരുവിലേക്ക് എടുത്തെറിയപ്പെടുന്ന ഉഷയെന്ന ബുവാചിയുടെ, കാമുകനാലും പ്രതിശ്രുതവരാനാലും ഉപേക്ഷിക്കപ്പെട്ട ലീലയുടെ, എല്ലാ രാത്രിയും ഭര്‍ത്താവിനാല്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയാകുന്ന ഷിറിന്റെ, വിദ്യാഭാസത്തിനുള്ള അവസരം പോലും നഷ്ടപ്പെട്ട് പര്‍ദ്ദ തുന്നുന്ന റിഹാനയുടെ- തിരസ്‌കാരങ്ങളുടെ കഥയാണ്- അതിനും അപ്പുറത്ത് അവര്‍ തമ്മില്‍ ഉടലെടുക്കുന്ന പെണ്‍കൂട്ടിന്റെ കഥയാണ്- അവര്‍ക്കു മാത്രം മനസിലാകുന്ന ശരികളുടെ കഥയാണ്.

Lipstick under my burkha

ചിത്രത്തില്‍ എന്നെ ഏറ്റവും പിടിച്ചുലച്ച ഭാഗം: മധ്യവയസ്‌കയായ തങ്ങളുടെ ബുഅജിക്ക് രഹസ്യകാമുകന്‍ ഉണ്ടെന്നു തിരിച്ചറിയുന്ന ബന്ധുക്കള്‍, രാത്രിയില്‍ വന്നു സ്വന്തം ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തില്‍ നിന്നും അവരുടെ വസ്തുക്കള്‍ എല്ലാം വലിച്ചു പുറത്തേക്കിട്ട്, അവരെയും മുറിയില്‍ നിന്ന് പുറത്താക്കി വാതില്‍ അടയ്ക്കുമ്പോള്‍, 42-ആം വയസ്സില്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്ന ആവശ്യപ്പെട്ടു എന്ന കുറ്റത്തിന് ഭര്‍ത്താവിന്റെ അനിയന്മാരും ബന്ധുക്കളും സ്വന്തം പേരിലുള്ള വീട്ടില്‍ നിന്ന് ഇറക്കി വിടുമ്പോള്‍ 16 ഉം 18 ഉം വയസ്സുള്ള പെണ്കുട്ടികള്‍ക്കൊപ്പം കയ്യില്‍ എടുക്കാന്‍ സാധിക്കുന്ന ഒന്നോ രണ്ടോ ബാഗുകളുമായി അര്‍ധരാത്രി റോഡിനരികില്‍ ഇനി എങ്ങോട്ട് പോണം എന്നറിയാതെ നിന്ന അമ്മയുടെ മുഖമാണ് മനസിലേക്ക് വന്നത്. അന്ന് ഇരുട്ടില്‍ എന്നെ ചേര്‍ത്തുപിടിച്ചു കയ്യുടെ മറ്റേ അറ്റത്ത് കരയാന്‍ പോലും പേടിച്ചു നിന്ന ഏടത്തിയും, കാലു നീട്ടി നടക്കുന്ന അമ്മയുടെ നിഴലുകളൂം ആണ് കണ്ണിനു മുന്നില്‍ തെളിഞ്ഞത്. ജീവിതങ്ങള്‍ അങ്ങനെയാണ്- ജീവിച്ചു തീര്‍ത്തത് ചിലപ്പോള്‍ തിരശീലയില്‍ മറ്റാരുടെയോ ആണെന്ന് കരുതി കാണേണ്ടി വരും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Lipstick under my burkha review