സ്ത്രീകൾ കേന്ദ്രകഥാപാത്രമായി വരുന്ന ഹിന്ദി ചിത്രം ലിപ്‌സ്റ്റിക് അണ്ടർ മൈ ബുർക്കയ്‌ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘സ്ത്രീ കേന്ദ്രീകൃത ചിത്രം’ എന്നാരോപിച്ചാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ലിപ്‌സ്റ്റിക് അണ്ടർ മൈ ബുർക്കയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത്.

ലിംഗ വിവേചനത്തിലൂന്നിയ സാമൂഹിക നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. അലംകൃത ശ്രീവാസ്‌തവയാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രകാശ് ഝാ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. 4 സ്ത്രീകൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക.

സെൻസർ ബോർഡ് നിർമാണ കമ്പനിക്ക് അയച്ച കത്തിലാണ് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്തതിന്റെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചിത്രത്തിലെ സംഭാഷണങ്ങളെക്കാളും സീനുകളെക്കാളും അതിന്റെ ഉളളടക്കമാണ് സെൻസർ ബോർഡിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയാവുകയാണ്.

കൊങ്കണ സെൻ ശർമ, രത്‌ന പഥക് ഷാ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. സ്ത്രീ കേന്ദ്രീകൃതം എന്നതു കൂടാതെ നിരവധി ലൈംഗികത നിറഞ്ഞ സീനുകൾ ഇതിലുണ്ടെന്നും മോശം വാക്കുകളും ഫോൺ സെക്‌സ് തുടങ്ങിയവയും സമൂഹത്തിലെ ഒരു വിഭാഗത്തെ ഉന്നംവയ്‌ക്കുന്ന തരത്തിലുളള സീനുകളും ചിത്രത്തിലുണ്ടെന്നാണ് സെൻസർ ബോർഡ് പറയുന്ന കാരണങ്ങൾ.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്ത്രീകൾ കടന്നുപോകുന്ന മാനസികവും ശാരീരികവുമായ അവസ്ഥകളിലൂടെ ചിത്രം കടന്നുപോകുന്നു. ജിയോ മാമി മുംബൈ ചലച്ചിത്ര മേളയിൽ ലിംഗ സമത്വം എന്ന വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ലിപ്‌സ്റ്റിക് അണ്ടർ മൈ ബുർക്കയ്‌ക്ക് ഓക്‌സ്ഫാം അവാർഡ് ലഭിച്ചിരുന്നു. ടോക്കിയോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലും സ്‌പിരിറ്റ് ഓഫ് ഏഷ്യ അവാർഡ് ചിത്രത്തിന് ലഭിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ