ലൈംഗികതയെ കുറിച്ചു സംസാരിക്കാന്‍ സ്ത്രീകള്‍ മടിക്കുന്നുണ്ടോ ? ഇന്ന വസ്ത്രം ധരിക്കുക, ഇന്നത് ധരിക്കരുത് എന്ന പുരുഷ നോട്ടങ്ങളില്‍ തഴക്കപ്പെടുന്നതാണോ സ്ത്രീയുടെ തിരഞ്ഞെടുപ്പുകള്‍ ? ഒരു സ്ത്രീ ലൈംഗികതയെ കുറിച്ചും ലൈംഗികബന്ധത്തെ കുറിച്ചും സംസാരിച്ചാല്‍ സെന്‍സര്‍ ബോര്‍ഡിനു മുട്ടിടിക്കുമോ ? അതെ എന്നാണ് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. ഇത്തരത്തില്‍ സ്ത്രീകളെ തഴച്ചിടുന്ന പുരുഷ കേന്ദ്രീകൃത ബോധങ്ങള്‍ക്ക് ഒരു നമസ്കാരം കൊടുത്താലോ ? നല്ലൊരു നടുവിരല്‍ നമസ്കാരം ? നടുവിരലിനു പകരം ലിപ്സ്റ്റിക് ആയാലോ ? അതാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുതും.
അലങ്കൃത ശ്രീവാസ്ഥവ സംവിധാനം ചെയ്തിരിക്കുന്ന ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയില്‍ കൊങ്കണാ സെന്‍ ശര്‍മ, അഹാന കുമ്രാ, പ്ലബിത ബൊര്‍താക്കൂര്‍, രത്ന പതക്, ഏക്താ കപൂര്‍ എന്നിവരാണ് പ്രധാനവേഷമിട്ടിരിക്കുന്നത്. തുടക്കം മുതലേ വിവാദങ്ങളിലൂടെയാണ് ചിത്രം കടന്നുപോയത്. ‘വളരെ സ്ത്രീ കേന്ദ്രീകൃതം’ എന്നും ‘അതീവ ലൈംഗികതയുള്ള ചില രംഗങ്ങള്‍ ഉണ്ട്’ എന്നുമുള്ള വിചിത്രമായ കാരണങ്ങള്‍ കാണിച്ചാണ് ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത്. പിന്നീട് ഏറെ കാലം നീണ്ട പോരാട്ടം തന്നെ വേണ്ടി വന്നു ചിത്രത്തിനുള്ള പ്രദര്‍ശനാനുമതി നേടിയെടുക്കുവാന്‍.” ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ യുടെ കാഴ്ചയിലുള്ള സിനിമകള്‍ അത്യപൂര്‍വ്വമാണ്. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ എന്ന പേരില്‍ വരുന്നവയാണ് എങ്കില്‍ പുരുഷന്‍റെ കണ്ണുകളിലൂടെ സ്ത്രീയെ കാണുന്നവയാണ് അത് മിക്കതും.” ഷി ദി പീപ്പിള്‍ ടിവി യുമായി നടത്തിയ സംഭാഷണത്തില്‍ അലങ്കൃത പറഞ്ഞു. നാലുമാസത്തോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് ‘എ സര്‍ട്ടിഫിക്കറ്റ്’ എങ്കിലും കനിഞ്ഞു നല്‍കിയത്.
ഇതിനോടകം തന്നെ അന്താരാഷ്ട്ര വേദികളില്‍ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ശ്രദ്ധേയമായിക്കഴിഞ്ഞു. ചിത്രം ഫ്രാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി നേടി ആരംഭിച്ച ചിത്രത്തിന്‍റെ അവാര്‍ഡ് യാത്ര തുടരുകയാണ്. ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം. ഗ്രാനഡ, മിന്നെപൊളിസ്, ഗ്ലാസ്ഗോവ്, ലണ്ടന്‍, ടോക്യോ, വാഷിംഗ്‌ടണ്‍ എന്നിവിടങ്ങളില്‍ മികച്ച ചിത്രമായി പ്രേക്ഷകരുടെ തിരഞ്ഞെടുപ്പ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ഇതിനോടകം തന്നെ ചിത്രത്തെ തേടിയെത്തി. ഇതിനൊക്കെ പുറമേ ചിത്രത്തിലുല്‍ അഭിനയത്തിന് രത്നാ പതക്കിനേയും കങ്കണയേയും തേടിയും ഒന്നിലേറെ അവാര്‍ഡുകള്‍ എത്തിക്കഴിഞ്ഞു. ഈയൊരു പശ്ചാത്തലത്തിലാണ് സിനിമ തിയേറ്ററില്‍ റിലീസ് ആകുന്നത്.
ഇരുപത്തിയൊന്നാം തീയ്യതി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രചാരണാര്‍ഥം പുതിയൊരു മുന്നേറ്റത്തിനു തുടക്കമിട്ടിരിക്കുകയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയുടെ അണിയറ പ്രവര്‍ത്തകര്‍. നടുവിരലില്‍ ലിപ്സ്റ്റിക്കുമേന്തി ഒരു ഡിജിറ്റല്‍ കാമ്പൈനിലൂടെ വെറുപ്പ് വിതയ്ക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ആണ് അവരുടെ തീരുമാനം. #LipstickRebellion എന്ന ഹാഷ്ടാഗില്‍ നടക്കുന്ന കാമ്പൈനില്‍ ആദ്യം മുന്നോട്ടു വന്നത് രത്ന പതക് ആണ്. “ഇതിനെ ഒരു മുന്നേറ്റം എന്നൊന്നും വിലയിരുത്താന്‍ മാത്രം വളര്‍ച്ചയെത്തിയിട്ടില്ല. അത് ആ രീതിയിലേക്ക് വളരും എന്ന ശുഭപ്രതീക്ഷയുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇത് വളരെ മികച്ച ഒരു സിനിമയാണ് എന്ന് മാത്രമാണ്. ” ലിപ്സ്റ്റിക് വിപ്ലവത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ രത്നാപതക് പറഞ്ഞു.
എന്തിരുന്നാലും #LipstickRebellion സാമൂഹ്യമാധ്യമങ്ങളില്‍ ഒരു ട്രെന്‍ഡ് ആയികൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് പുറമേ വിവിധ മേഖലകളില്‍ നിന്നും ജീവിത സാഹചര്യങ്ങളില്‍ നിന്നുമുള്ള ധാരാളം സ്ത്രീകള്‍ സമാനമായ രീതിയില്‍ നടുവിരല്‍ ലിപ്സ്റ്റിക് നമസ്കാരത്തിന്‍റെ സെല്‍ഫികള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് മുന്നില്‍ അരുതായ്മകളുടെ പട്ടിക നിരത്തുന്നവര്‍ക്കുള്ള മറുപടിയായാണ് ഈ കാമ്പൈന്‍ കാണേണ്ടത്.
സ്ത്രീകള്‍ ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും വിവിധ തരത്തിലുള്ള അടിച്ചമര്‍ത്തലുകളിലൂടെയാണ് കടന്നുപോകുന്നത്. പലതും പ്രക്ത്യക്ഷത്ത്തില്‍ അനുഭവപ്പെടുമ്പോള്‍. പരോക്ഷവും അതെ സമയം ഏറെ ആഴമുള്ളതുമായ അത്തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ എക്കാലത്തും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇത്തരത്തില്‍ പുരുഷന്‍റെ കാഴ്ചകളിലൂടെ കടന്നുപോവുന്നതായ ‘സ്ത്രീത്വ’ സങ്കല്‍പ്പങ്ങള്‍ക്കെതിരെ തന്നെയാണ് ഈ പ്രതിഷേധം. പ്രതിഷേധം തന്നെയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയിലെ സ്ത്രീകള്‍ തെരഞ്ഞെടുത്തിരിക്കുന്ന പ്രചാരണമാര്‍ഗ്ഗം. തങ്ങളുടെ സിനിമാപ്രചാരണത്തെ അടക്കിപ്പിടിക്കാതെ പ്രകോപനപരമായ ശബ്ദമാകുക എന്നുതന്നെയാണ് സിനിമയുടെറെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളായി ലിപ്സ്റ്റിക്കുയരട്ടെ..