86 പുതുമുഖങ്ങളുമായി മലയാളികളെ ഞെട്ടിച്ച അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ചിത്രവുമായി എത്തുന്നു. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഈ മ യൗ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഈശോ മറിയം യൗസേപ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഈ മ യൗ’. ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. പി എഫ് യമാത്യൂസ് രചന നിർവഹിക്കുന്നു. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് എന്നീ സിനിമകളാണ് ലിജോ ജോസ് പെല്ലിശേരി ഇതിന് മുമ്പ് സംവിധാനം ചെയ്തത്.

അങ്കമാലി ഡയറീസ് എക്കാലത്തേയും മികച്ച ഹിറ്റായി മാറിയതിന് പിന്നാലെയാണ് അദ്ദേഹം പുതിയ ചിത്രം പ്രഖ്യാപിച്ചത്. മുഴുവന്‍ പുതുമുഖങ്ങളുമായി എത്തിയ ചിത്രത്തില്‍ തിരക്കഥാകൃത്തായ ചെമ്പന്‍ വിനോദ് മാത്രമാണ് അതിഥി വേഷത്തില്‍ എത്തിയത്. അങ്കമാലിയിലെ ഒരുകൂട്ടം ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയുളളതാണ് ചിത്രത്തിന്റെ പ്രമേയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ