ബോളിവുഡിലെ യുവനടിമാരിൽ മുൻനിരയിലാണ് ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകൾ ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ‘ധടക്’ സിനിമയിലൂടെയാണ് ജാൻവി ബോളിവുഡിലേക്കെത്തിയത്. സോഷ്യൽ മീഡിയയിലും താരം ആക്ടീവാണ്.
2018 ലായിരുന്നു നടി ശ്രീദേവിയുടെ മരണം. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. ഇന്നും ശ്രീദേവിയുടെ ആ വിടവ് അംഗീകരിക്കാന്‍ സിനിമാ ലോകത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ, തന്റെ അമ്മയെ കുറിച്ചുളള ജാന്‍വിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേനേടുന്നത്.
കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ‘കോഫി വിത്ത് കരണ്‍ ചാറ്റ്’ ഷോയിലാണ് ജാന്‍വി ഓര്‍മകള്‍ പങ്കുവച്ചത്. “അമ്മ ഉണ്ടായിരുന്നപ്പോള്‍ തികച്ചും വ്യത്യസ്തയായ ഒരാളായിരുന്നു ഞാന്‍. അന്നത്തെ ജീവിതം സ്വപ്‌ന തുല്ല്യമായിരുന്നു എന്ന് വേണം പറയാന്‍. ഒരു ഫാന്റസിയിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്.” അമ്മയുമായുളള നിമിഷങ്ങള്‍ ജാന്‍വി ഓർത്തു.
തന്റെ സഹോദരങ്ങളായ അര്‍ജുന്‍ കപൂര്‍, അന്‍ശുല കപൂര്‍ എന്നിവരുമായുളള ആത്മബന്ധത്തെ കുറിച്ചും താരം പറഞ്ഞു.“അൻഷുല ദീദിയും അർജുൻ ഭയ്യയും ഇല്ലായിരുന്നെങ്കിൽ അതിലൂടെ കടന്നുപോകുക അസാധ്യമായിരിക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നു. ആ നഷ്ടം നികത്താൻ യാതൊന്നിനും കഴിയില്ല. എന്നാൽ ഇതൊരു പുതിയ ഊർജമാണ്. ഞാൻ ഒരു പുതിയ വ്യക്തിയായതായി ഞാൻ കരുതുന്നു.” ജാൻവി പറഞ്ഞു.
ജാൻവി കപൂറിന്റെ അച്ഛൻ ബോണി കപൂർ നേരത്തെ മോന കപൂറിനെ വിവാഹം ചെയ്തിരുന്നു. അർജുൻ കപൂറും അൻഷുല കപൂറും ബോണിയുടെ ആദ്യ വിവാഹത്തിലെ മക്കളാണ്.
തമിഴ് ചിത്രം ‘കൊലമാവ് കോകില’യുടെ ഹിന്ദി റിമേക്കായ ‘ഗുഡ് ലക്ക് ജെറി’യാണ് ജാന്‍വിയുടെ പുതിയ ചിത്രം.