/indian-express-malayalam/media/media_files/uploads/2021/07/Subhash-Babu.jpg)
കേരളത്തിലെ പൊതുസമൂഹത്തിലെ വികസന കാഴ്ചപ്പാടുകളുടെ കുത്തൊഴുക്കിൽ നിന്നും വഴിമാറിയൊഴുകിയ അപൂർവ്വമായ ജീവിതങ്ങളിലൊന്നാണ് വി. എൻ ഗോപിനാഥ പിള്ള എന്ന പത്തനംതിട്ടക്കാരന്റേത്. മുപ്പത്തിയഞ്ച് വർഷത്തിലേറെയായി കേരളത്തിലെ അതിജീവന പോരാട്ടത്തിലെ അറിയപ്പെടാത്ത കഥയാണ് ഗോപിനാഥപിള്ളയുടെ ജീവിതം.
പത്തനം തിട്ട ജില്ലയിലെ കോട്ടാങ്ങൽ എന്ന പ്രദേശത്തെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു അവിടെ ജനിച്ചു വളർന്ന ഗോപിനാഥ പിള്ള. യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവമാണ് പിള്ളയെ പരിസ്ഥിതി പ്രവർത്തകനാക്കി പരിവർത്തിപ്പിച്ചത്. 1985 ൽ വീടിനടുത്തുള്ള കടവിൽ കുളിക്കാനും തുണി കഴുകുവാനുമെത്തുന്ന സ്ത്രീകൾ അനധികൃതമായി മണൽ വാരുന്നവരുടെ പ്രവൃത്തികളെ കുറിച്ച് പിള്ളയോട് പരാതിപ്പെട്ടു. അദ്ദേഹം നേരേ കടവിലെത്തി ഈ വിഷയത്തിൽ ഇടപെട്ടു.
പിന്നീട് പഞ്ചായത്തിൽ അനധികൃത മണൽ വാരലിനെതിരെ പരാതിപ്പെട്ടു. ആറിന്റെ തീരത്തെ മണ്ണിടിയുന്നതിനെപ്പറ്റി ഹൈക്കോടതിയിൽ പരാതിയുമായി എത്തി. വികസനത്തിന്റെ പേരിൽ ചൂഷണം ചെയ്ത് മൃതപ്രായയാക്കിയ മണിമലയാറിനെ ഹൃദയത്തോട് ചേർത്തുവെച്ച് ഗോപിനാഥപിള്ള മണൽക്കൊള്ളക്കാരോടും പാറമട ലോബിയോടും സർക്കാരുകളോടും സമരം ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പരിസ്ഥിതി സംരക്ഷണത്തിനായി ഭരണഘടനാപരമായി കോടതികളിലൂടെ ഗോപിനാഥപിള്ള ഉൾപ്പടെയുള്ളവർ നടത്തിയ ഇടപെടലുകളാണ് കേരളത്തില്‍ നദീസംരക്ഷണത്തിനായി 2001 ലെ നദീസംരക്ഷണ നിയമത്തിന് വഴി തെളിച്ചത്. ഇതായിരുന്നു ഈ മേഖലയിൽ കേരളത്തിലെ ആദ്യത്തെ നിയമ നിർമാണം.
ഇങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനും ഭാവി തലമുറയ്ക്കും വേണ്ടിയുള്ള സമരജീവിത പാതയെ കുറിച്ച് പതിനൊന്ന് വർഷം കൊണ്ട് ചിത്രീകരിച്ചതാണ് 'നാല്പത്തിയഞ്ചാമത്തെ നദി' എന്ന അരമണിക്കൂർ ഡോക്യുമെന്ററി.
"ജലം അമൂല്യമാണ്. പാഴാക്കരുത്, മലിനമാക്കരുത്. കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക." കേരള വനം വകുപ്പിന്റെ ഈ സന്ദേശമാണ് വി എൻ ഗോപിനാഥപിള്ളയുടെ വീട്ടിലെത്തുന്നവർ ആദ്യം കാണുക. അകത്തു കയറുമ്പോൾ ഗാന്ധിജിയുടെയും ഏകെജിയുടെയും ചില്ലിട്ട ചിത്രങ്ങളുമുണ്ട്. സൗകര്യങ്ങൾ കുറഞ്ഞ വലിയതോട്ടത്തിൽ എന്ന ആ കൊച്ചുവീട് കോട്ടാങ്ങൽ ഗ്രാമത്തിൽ മിക്കവരും അറിയുമെങ്കിലും ആ വീട്ടിൽ താമസിക്കുന്ന ഗോപിനാഥപിള്ള എന്ന മനുഷ്യന്റെ പ്രാധാന്യം ഇന്നും പലർക്കുമറിയില്ല. കാരണം നാലാളറിയാനും ആദരിക്കാനും മാത്രം മഹത്തായ കാര്യമാണ് താൻ ചെയ്യുന്നതെന്ന ബോധ്യം നദികളുടെ ഹൃദയമിടിപ്പ് നിലയ്ക്കാതെ നോക്കാൻ പാടുപെടുന്ന ഈ പരിസ്ഥിതി പ്രവർത്തകനില്ല. അദ്ദേഹത്തിനിത് ജീവിതമാണ്.
"താങ്കളെ നദി എന്നാണോ വിളിക്കുന്നത്?" എന്ന ചോദ്യത്തിന് "അങ്ങനെ വിളിക്കാൻ ഞാൻ സമ്മതിക്കില്ല, ഞാൻ നദിയല്ല" എന്ന് എളിമയോടെ മറുപടി പറയുന്ന ഗോപിനാഥപിള്ളയെ ഈ ചിത്രത്തിൽ കാണാം. അതുപോലെ തന്നെ നദികൾക്കും തോടുകൾക്കും വനത്തിനും വേണ്ടി സദാ കർമനിരതനായ ഗോപിച്ചേട്ടന്റെ ജീവിതത്തിൽ വിജയങ്ങളേക്കാൾ കൂടുതൽ പരാജയങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് സാക്ഷ്യപ്പെടുത്തുന്ന സുഹൃത്തുക്കളെയും.
/indian-express-malayalam/media/media_files/uploads/2021/07/Gopinadha-pilla.jpg)
മണൽ വാരലിനെതിരെ ശക്തമായ നിലപാടെടുത്തതോടെ തൊഴിലാളികൾ പിള്ളയെ കായികമായി ആക്രമിക്കുകയും മകനെ വഴിയിൽ തടയുകയുമൊക്കെ ചെയ്തു. പിന്നീട് പിള്ള പാർട്ടി പ്രവർത്തനമവസാനിപ്പിക്കുകയും സ്വന്തം നിലയിൽ പരിസ്ഥിതി പ്രശ്നങ്ങളിലിടപെടാനും തുടങ്ങി. മണിമലയാർ സംരക്ഷണ സമിതിയുടെ ജനറൽ സെക്രട്ടറിയായി. ആലുവാ കേന്ദമായ നദീ സംരക്ഷണ സമിതിയുമായി ചേർന്ന് പ്രവർത്തന മേഖല വിപുലപ്പെടുത്തി
മണിമലയാർ സംരക്ഷണത്തിനായുള്ള നീണ്ട പോരാട്ടത്തിനുപുറമെ പൊന്തൻപുഴ വനസംരക്ഷണം, വനത്തോട് ചേർന്നുള്ള ആവോലി മലയിലെ ക്വാറിയിഗിനെതിരായ നിയമ പോരാട്ടം എന്നിവയാണ് പിള്ള പിന്നീടേറ്റെടുത്ത പ്രധാന വിഷയങ്ങൾ. രണ്ടും ഇന്നും തുടരുന്നു. ഇതോടൊപ്പം ആറൻമുള വിമാനത്താവളം, ചെമ്പന്മുടി പാറമട തുടങ്ങി ഒട്ടനേകം വിഷയങ്ങളിൽ ഇടപെട്ടു. 2018 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരത്തിനർഹനായി.
ഗോപിനാഥ പിള്ളയെക്കുറിച്ച് 2010 ലെ ബിരുദ പഠനകാലത്തുള്ള കേട്ടറിവാണ് ജി. രാഗേഷ് എന്ന പത്രപ്രവർത്തകന് ഡോക്യുമെന്ററി ചെയ്യാൻ പ്രചോദനമായത്. കോളജിൽ വച്ച് ഇറോം ശർമിളയെപ്പറ്റിയുള്ള ഡോക്യുമെന്ററിയിൽ അസാധാരണമായ സമരജീവിതം കണ്ട് ഡോക്യുമെന്ററിയെന്ന മാധ്യമത്തിന്റെ കരുത്തിൽ ആകൃഷ്ടനായ രാഗേഷും കൂട്ടുകാരും ആവശ്യത്തിന് പണമോ മികച്ച സാങ്കേതിക സൗകര്യങ്ങളോ ഇല്ലാതെ തുടങ്ങിയ പ്രൊജക്റ്റ് പലതവണ തടസ്സപ്പെട്ടു. ഡോക്യുമെന്ററി സാക്ഷാത്ക്കരിക്കാൻ വർഷങ്ങളേറെ എടുത്തെങ്കിലും ‘നാല്പത്തഞ്ചാമത്തെ നദി’ ( അൺനോൺ റിവർ) റൂട്ട്സ് എന്ന ഒടിടി പ്ലാറ്റ്‌ഫോം ഈ കോവിഡ് കാലത്ത് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു.
പ്രശസ്ത സംവിധായകൻ കെ ജി ജോർജിനെക്കുറിച്ചുള്ള 81/ 2 ഇന്റർകട്സ് റിലീസ് ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് ഗോപിനാഥപിള്ളയെന്ന സാധാരണക്കാരന്റെ അസാധാരണ ആക്ടിവിസത്തെ അടയാളപ്പെടുത്തുന്ന ‘നാല്പത്തഞ്ചാമത്തെ നദി’ റിലീസ് ചെയ്യുന്നത് എന്നത് യാദൃച്ഛികതയാകാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.