സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രമാണ് ‘രോമാഞ്ചം’. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ പ്രേക്ഷകർക്കു മുന്നിൽ അപേക്ഷയുമായി എത്തുകയാണ് നിർമാതാവായ ജോൺപോൾ ജോർജ്. ഗപ്പി, അമ്പിളി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.
“രോമാഞ്ചം വെള്ളിയാഴ്‌ച തീയേറ്ററിൽ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകർക്കപ്പെടുകയും ചെയ്തപ്പോൾ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങൾ പ്രേക്ഷകരിൽ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങൾക്കും അതിഷ്ടമാവില്ല. അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ. അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാൻ ഉപയോഗിച്ചാൽ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും. ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല,” ജോൺപോൾ കുറിച്ചു.
“രോമാഞ്ചത്തിന്റെ പ്രമോഷനും ട്രെയിലറും പാട്ടുകളും നിങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തുവെന്നറിയാം. വഴിയിൽ ഹോർഡിംഗ്സുകൾ കുറവാണെന്നറിയാം. നേരത്തെ റിലീസ് ചെയ്യാനിരുന്നപ്പോൾ അതെല്ലാമുണ്ടായിരുന്നു. ഇനിയും വെച്ചാൽ വീണ്ടും വലിയ നഷ്ടമുണ്ടാകും, നിങ്ങൾക്ക് അത് മനസ്സിലാകും. കേരളത്തിലെ ഏറ്റവും മികച്ച തീയറ്ററുകളിലാണ് രോമാഞ്ചം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശിപ്പിക്കുന്നത്, ധൈര്യമായി കാണാം ഈ സിനിമ, അതെന്റെ ഉറപ്പാണ്. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും കാണാൻ പറയണം, ഒരു പുതുതലമുറയുടെ പ്രതീക്ഷയാണ് നിരാശപ്പെടുത്തില്ല. ഈ യാത്രയിൽ ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കണം, ഒപ്പം നിൽക്കണം, ശരിക്കും കച്ചിത്തുരുമ്പാണ്. രോമാഞ്ചത്തിന്റെ ഓട്ടം ഞാൻ പൂർത്തിയാക്കി.. ഇനി ഒരു സിനിമ ചെയ്യാൻ ഞാൻ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ,” സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പിൽ ജോൺ പോൾ ജോർജ് പറയുന്നു.
അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം.
ചിത്രത്തിലെ ട്രെയിലറും ‘ആദരാഞ്ജലി’ ഗാനവും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം, 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് പറയുന്നത്.