പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ ഇന്ന് രാവിലെയാണ് തിയേറ്ററുകളിലെത്തിയത്. മാസ് മസാല പടങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘കടുവ’.
‘കടുവ’യിൽ പൃഥ്വിരാജിന്റെ ഭാര്യ എൽസയായി എത്തിയത് സംയുക്ത മേനോൻ ആണ്. സംയുക്ത ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്. കുറിപ്പിനൊപ്പം ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റില്ലും ഷെയർ ചെയ്തിട്ടുണ്ട്.
“അച്ചായാ,
കയ്യിൽ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും , കേസ് ജയിക്കാൻ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും, ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. കടന്നു പോയതിനെല്ലാം ഇപ്പുറം, ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത സന്തോഷം മാത്രം. ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്. ആൾക്കൂട്ടങ്ങൾക്കിപ്പുറത്ത് തികഞ്ഞ സ്നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആൾരൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട്.
സ്വന്തം,
എൽസ,” എന്നാണ് സംയുക്ത കുറിച്ചത്.
Read more: Kaduva Movie Review: ഒരു സാദാ മസാല പടം, കൂടുതലൊന്നുമില്ല; ‘കടുവ’ റിവ്യൂ
മലയാളത്തിനു അനേകം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചെയ്യുന്ന ചിത്രമാണ് ‘കടുവ.’ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, വിവേക് ഒബ്റോയ്, അലൻസിയർ, ബൈജു സന്തോഷ്, അർജുൻ അശോകൻ, ഇന്ദ്രൻസ്, സുധീഷ്, കോട്ടയം രമേശ്, രാഹുല്‍ മാധവ്, സീമ, പ്രിയങ്ക, ജനാർദ്ദനൻ, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ‘ആദം ജോണ്‍’ എന്ന ചിത്രത്തിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റര്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന. സംഗീത സംവിധാനം ജേക്സ് ബിജോയ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം.