ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിജയ് ചിതമാണ് ‘ലിയോ.’ വിക്രത്തിനു ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിനു വൻ ഹൈപ്പാണുള്ളത്. ലോകേഷ് സിനിമ യൂണിവേഴ്സിലെ അടുത്ത ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പേര് അനൗസ് ചെയ്ത ടീസറിനു തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. കശ്മീരായിരുന്നു ലിയോയുടെ പ്രധാന ലൊക്കേഷൻ. ഷൂട്ടിങ്ങിനിടയിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് അണിയറപ്രവർത്തകർ വിശദീകരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മൈനസ് ഡ്രിഗ്രി തണുപ്പിലാണ് കശ്മീരിലെ യൂണിറ്റ് വർക്കു ചെയ്തത്. ഭക്ഷണം പാകം ചെയ്യുവാനും വസ്ത്രങ്ങൾ തുന്നിയെടുക്കാനും വരെ കഷ്ടപ്പെട്ടെന്ന് അവർ പറയുന്നു. സിനിമയുടെ വിവിധ മേഖലയിൽ നിന്നുള്ള അണിയറപ്രവർത്തകരും വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
ലോകേഷ് എന്ന സംവിധായകന്റെ ആവേശം കാണുമ്പോൾ തണുപ്പൊന്നും കാര്യമാക്കില്ലെന്നാണ് അവർ പറയുന്നത്. രാത്രിയാകുമ്പോൾ മൂക്കിൽ നിന്ന് ചോര ഒഴുകാൻ തുടങ്ങുമെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു. സിനിമാപ്രവർത്തകരുടെ അധ്വാനം കാണുമ്പോൾ തങ്ങൾക്ക് അത്ഭുതമാണ് തോന്നുന്നതെന്ന് പറയുന്ന പ്രദേശവാസികളെയും വീഡിയോയിൽ കാണാം. നടൻ വിജയ് അണിയറപ്രവർത്തകരോടും സെക്യൂരിറ്റി ജീവനകാരോടും സംസാരിക്കുന്നുമുണ്ട്. നീണ്ട നാളത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ‘ലിയോ’ ടീം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ‘എ ട്രിബ്യൂട്ട് ടു ലിയോ ടീം’ എന്നാണ് വീഡിയോയ്ക്ക് അവസാനം കുറിച്ചിരിക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, മിഷ്കിൻ, പ്രിയ ആനന്ദ്, മാത്യൂ തോമസ്, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എസ് ലളിത കുമാർ, ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.