/indian-express-malayalam/media/media_files/uploads/2023/10/Vijay-Leo-Box-Office-Collection.jpg)
രാജ്യത്തുടനീളം ആദ്യദിനം 46.36 കോടി രൂപയുടെ അഡ്വാൻസ് വിൽപ്പനയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
നിരവധി വിവാദങ്ങൾക്ക് ശേഷം, വിജയ് നായകനായ ലിയോ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ ജയിലറെ മറികടക്കുമെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നത്. രാജ്യത്തുടനീളം ആദ്യദിനം 46.36 കോടി രൂപയുടെ അഡ്വാൻസ് വിൽപ്പനയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഓഗസ്റ്റിൽ റിലീസ് ചെയ്ത രജനികാന്തിന്റെ ജയിലർ ആദ്യദിനം 44.5 കോടിയാണ് നേടിയത്. ലിയോയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ ശരിയാണെങ്കിൽ, ഈ വർഷം തമിഴ് സിനിമയ്ക്ക് മികച്ച ഓപ്പണിംഗ് നൽകിയ ചിത്രമായി ലിയോ മാറും.
ലോകമെമ്പാടുമായി ആദ്യദിനത്തിൽ ചിത്രം 100 കോടി രൂപ നേടിയേക്കുമെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല നേരത്തെ പ്രവചിച്ചിരുന്നു. “ഇന്ത്യയിൽ, ആദ്യ ദിവസം തന്നെ ലിയോ 70 കോടി നേടാനുള്ള സാധ്യതയുണ്ടെന്ന് ഞാൻ പ്രവചിക്കുന്നു. ലോകമെമ്പാടും, നിലവിലെ അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യദിനം 100 കോടി രൂപ നേടിയേക്കും," രമേഷ് ബാല indianexpress.comനോട് പറഞ്ഞു
ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് റിലീസായി ലിയോ മാറിയേക്കാം, എന്നാൽ ചിത്രത്തിന് ഹിന്ദി ബെൽറ്റിൽ മികച്ച പ്രകടനം നേടാൻ കഴിയില്ല. കാരണം ചിത്രത്തിന്റെ 'ഒടിടി വിൻഡോ' പ്രശ്നം മൂലം ഉത്തരേന്ത്യയിലെ മൾട്ടിപ്ലക്സുകൾ ലിയോ റിലീസ് ചെയ്യില്ല. തമിഴ്‌നാട് ഫിലിം അസോസിയേഷന് നിലവിൽ നാലാഴ്ചത്തെ ഒടിടി വിൻഡോ ഉണ്ട്, എന്നാൽ നോർത്തിന്ത്യയിൽ ഒടിടി വിൻഡോ എട്ട് ആഴ്‌ചയായതിനാൽ ഉത്തരേന്ത്യൻ മൾട്ടിപ്ലക്‌സ് ശൃംഖലകൾക്ക് ഇത് ഒരു പ്രശ്‌നമാണ്.
വാരിസ് ആണ് ഒടുവിൽ റിലീസിനെത്തിയ വിജയ് ചിത്രം. വാരിസ് ആദ്യദിനത്തിൽ 26.5 കോടി രൂപ നേടിയിരുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 297.55 കോടി ഗ്രോസ് നേടാനും ചിത്രത്തിനു കഴിഞ്ഞു.
ആദ്യ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ തന്നെ ലിയോ വിവാദങ്ങളിൽ പെട്ടിരുന്നു. അതിരാവിലെ ഷോകളൊന്നുമില്ലാതെയും തെലുങ്ക് ഡബ്ബ് പതിപ്പിന്റെ റിലീസ് വൈകിയെത്തുന്നതുമെല്ലാം ലിയോയുടെ റിലീസിലേക്കുള്ള യാത്ര കഠിനമാക്കിയ ഘടകങ്ങളാണ്. ചിത്രത്തിന് പതിവ് ഓഡിയോ ലോഞ്ച് ചടങ്ങും ഉണ്ടായിരുന്നില്ല. അതിനാൽ വിജയ് ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ നേരിട്ട് കാണാനുള്ള അവസരവും നഷ്‌ടമായി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ തൃഷ കൃഷ്ണൻ, സഞ്ജയ് ദത്ത് എന്നിവരും അഭിനയിക്കുന്നു. വിക്രമും കൈതിയും ഉൾപ്പെടുന്ന ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് പ്രപഞ്ചത്തിന്റെ ഭാഗമാണ് ലിയോ എന്നും കിംവദന്തിയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.