തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. വൈകിട്ട് 4.25നുളള വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരിക. മൃതദേഹം പണ്ഡിത് കോളനിയിലുള്ള സ്വവസതിയിലേയ്ക്ക് കൊണ്ടു പോകും. തുടർന്ന് നാളെ രാവിലെ 10 മണി മുതൽ കെഎസ്എഫ്ഡിസി കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 2 മണിക്ക് മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
കരൾ രോഗത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലെനിൻ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്പ് ലെനിൻ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. തുടർന്നുണ്ടായ അണുബാധയും രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണകാരണം. ചികിത്സാചെലവ് അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം വിട്ട് നൽകാൻ ആശയക്കുഴപ്പം ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ലെനിൻ രാജേന്ദ്രന്റെ ചികിത്സയ്ക്കായി ചെലവായ പണത്തില്‍ 40 ലക്ഷം രൂപ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടുകിട്ടുന്നതില്‍ കാലതാമസം ഉണ്ടായത്. എന്നാല്‍ സിനിമാ സംഘടനകള്‍ പണം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കുകയായിരുന്നു.
1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന് രാജേന്ദ്രന് മലയാള സിനിമാ രംഗത്തേക്ക് കാല്‍വയ്ക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന് രാജേന്ദ്രന് ശ്രദ്ധേയനായി. വേനൽ, ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യൻ, മഴക്കാല മേഘം, സ്വാതി തിരുന്നാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികൾ, കുലം മഴ, അന്യർ, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് സിനിമകള്‍. ഭാര്യ:ഡോ.രമണി, മക്കൾ: പാർവ്വതി, ഗൗതമൻ.