കൊച്ചി: ചലച്ചിത്ര നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം.
2014 മുതല്‍ 2019 വരെ ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിര്‍മാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. അര്‍ബുദ അതിജീവനത്തെക്കുറിച്ച് ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന ഇന്നസെന്റിന്റെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1972 ൽ, എ.ബി.രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ് ഇന്നസന്റിന്റെ ആദ്യ ചിത്രം.പ്രധാന സിനിമകള്‍: കാബൂളിവാല, കിലുക്കം, ഗജകേസരിയോഗം, റാംജിറാവു സ്പീക്കിങ്, മാന്നാര്‍ മത്തായി സ്പീക്കിങ്, വിയറ്റ്നാം കോളനി, മിഥുനം,മഴവില്‍ കാവടി, പത്താംനിലയിലെ തീവണ്ടി, കോട്ടയം കുഞ്ഞച്ചന്‍, അഴകിയരാവണന്‍, മണിച്ചിത്രത്താഴ്, സര്‍വകലാശാല,വെള്ളാനകളുെട നാട് , പൊന്‍മുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, അയാള്‍ കഥയെഴുതുകയാണ്, ഡോ.പശുപതി, നമ്പര്‍ 20 മദ്രാസ് മെയില്‍, പൂക്കാലം വരവായ്, ഗോഡ്ഫാദര്‍.
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസന്റ് ജനിച്ചത്. ലിറ്റിൽഫ്ലവർ കോണ്‍വെന്റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോണ്‍ ബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1976 സെപ്തംബര്‍ 26 നാണ് ഇന്നസെന്റ് ആലീസിനെ വിവാഹം കഴിച്ചത്. സോണറ്റ് ഏകമകനാണ്. രശ്മി സോണറ്റാണ് മരുമകള്‍. ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവര്‍ പേരക്കുട്ടികള്‍.
അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്‍ : മുഖ്യമന്ത്രി
സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പര്‍ശിച്ച് നിലപാടുകള്‍ എടുത്ത പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിര്‍മാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യര്‍ത്ഥന പ്രകാരം ലോക്‌സഭ സ്ഥാനാര്‍ഥി ആയതും വിജയിച്ചശേഷം പാര്‍ലമെന്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓര്‍ക്കും. നിശ്ചയദാര്‍ഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേള്‍ക്കുന്ന മാത്രയില്‍തന്നെ തളര്‍ന്നുപോകുന്ന പലര്‍ക്കും ഇടയില്‍ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു. ചലച്ചിത്രത്തില്‍ എന്നതുപോലെ ജീവിതത്തിലും നര്‍മ്മമധുരമായ വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകള്‍ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു. നമ്മുടെ കലാസാംസ്‌കാരിക രംഗങ്ങള്‍ക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു.