മൂന്ന് ചിത്രങ്ങളാണ് ഈയാഴ്ച റിലീസ്. രാമലീല, ഉദാഹരണം സുജാത, ഷെര്‍ലക് ടോംസ് എന്നിവയാണ് ഇപ്പോള്‍ തിയേറ്ററുകളിലുള്ള പ്രധാന ചിത്രങ്ങള്‍. ഇതില്‍ ദിലീപിന്‍റെ രാമലീലയും മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും പ്രേക്ഷക പ്രശംസ ഒരു പോലെ പിടിച്ചു പറ്റി മുന്നേറുന്നു.

അജു വര്‍ഗീസ്‌, നീരജ് മാധവ്, എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ലവ കുശ , ഹാസ്യത്തിന് മുന്‍‌തൂക്കം നല്‍കുന്ന ചിത്രമാണ്. ചെന്നൈ നഗരത്തില്‍ വച്ച് കണ്ടു മുട്ടുന്ന രണ്ടു കൂട്ടുകാരുടെയും അവരുടെ സ്വപ്‌നങ്ങളുടെയും കഥയാണ് ലവ കുശ. ബിജു മേനോനും അതിഥി താരമായി എത്തുന്നുണ്ട്. നീരജ് മാധവിന്റെതാണ് രചന. ഗിരീഷ്‌ മനോ സംവിധാനം ചെയ്യുന്നു.

 

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റ്, പത്തു സംവിധായകരുടെ ചെറു ചിത്രങ്ങള്‍ ചേര്‍ന്ന ക്രോസ് റോഡ്സ് എന്നീ ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും.

ഫഹദ് ഫാസില്‍ നായകായി അഭിനയിച്ച ‘വണ്‍ ബൈ ടു’ വിന് കഴിഞ്ഞു മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് അരുണ്‍ കുമാര്‍ അരവിന്ദിന്‍റെ സംവിധാനത്തില്‍ ഒരു ചിത്രം ഒരുങ്ങുന്നത്. കാറ്റിന്‍റെ രചന നിര്‍വ്വഹിക്കുന്നത് പദ്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപദ്മനാഭന്‍. ആസിഫ് അലിയും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴ് നടന്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി, മാനസ രാധാകൃഷ്ണന്‍ എന്നിവരാണ് നായികമാര്‍. ക്യാമറ പ്രശാന്ത് രവിന്ദ്രന്‍, സംഗീതം ദീപക് ദേവ്.

സ്ത്രീകള്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന പത്ത് കഥകള്‍ കൂട്ടിയിണക്കിയ അന്തോളോജി ചിത്രമാണ് ‘ക്രോസ് റോഡ്സ്’. ലെനിന്‍ രാജേന്ദ്രന്‍, മധുപാല്‍, നേമം പുഷ്പരാജ്, പ്രദീപ്‌ നായര്‍, ബാബു തിരുവല്ല, അശോക്‌ ആര്‍ നാഥ്, ശശി പരവൂര്‍, അവിര റബേക്ക, നയന സൂര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്തോളോജി ഒരുക്കിയിരിക്കുന്നത്. ‘ഫോറം ഫോര്‍ ബെറ്റര്‍ ഫിലംസി’ന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത്. മമ്ത മോഹന്‍ദാസ്‌, പത്മപ്രിയ, പ്രിയങ്ക നായര്‍, ഇഷാ തല്‍വാര്‍, മൈഥിലി, സൃന്ത, റിച്ച പനായ്, പുന്നശ്ശേരി കാഞ്ചന, മാനസ രാധാകൃഷ്ണന്‍, അഞ്ജന ചന്ദ്രന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ