1942ല്‍ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ലതാ മങ്കേഷ്കറിന് പ്രായം 13. ഒരു മറാത്തി ചിത്രത്തിന് വേണ്ടി ആലപിച്ച ആ ഗാനം പിന്നീട് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അവസാനം പാടിയ ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 2015ലാണ്, ഒരു ഇന്തോ-പാക് ചിത്രത്തിന് വേണ്ടിയായിരുന്നു അത്. അതിനു ശേഷം എത്രയോ ചലച്ചിത്രകാരന്മാര്‍ ശ്രമിച്ചിട്ടും, ‘ലതാ മങ്കേഷ്കറിന്റെ അമ്പലം’ എന്ന് സംഗീത സംവിധായകന്‍ നൗഷാദ് വിശേഷിപ്പിച്ച റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്ക് അവര്‍ കയറിയില്ല. 1942 മുതല്‍ 2015 വരെയുള്ള 73 വര്‍ഷ കാലയളവിൽ, ഇടമുറിയാത്ത തന്റെ സംഗീത സപര്യ കൊണ്ട് ബോളിവുഡിനെ അനുഗൃഹതമാക്കിയ ശബ്ദമായി മാറിയ ലതാ മങ്കേഷ്കറിന് ഇന്ന് 85 വയസ്സ് തികയുന്നു.
ആ കാലഘട്ടത്തില്‍, ഒരുപക്ഷേ അതു കഴിഞ്ഞും, തന്റെ ശബ്ദസൗകുമാര്യം കൊണ്ടും, ആലാപന മികവു കൊണ്ടും ബോളിവുഡിന്റെ സംഗീത റാണിയായി അവര്‍ പരിലസിച്ചു. സഹോദരി ആശാ ഭോസ്ലെയ്ക്കല്ലാതെ മറ്റൊരാള്‍ക്കും ഇടം നല്‍കാത്ത വിധത്തില്‍ മങ്കേഷ്കര്‍ സഹോദരിമാര്‍ അവിടെ അരങ്ങു വാണു.
സംഗീത കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം. സ്വന്തമായി നാടക കമ്പനിയുണ്ടായിരുന്ന അച്ഛന്‍, തന്റെ പുത്രിമാരെ സംഗീതസാന്ദ്രമായ ഒരന്തരീക്ഷത്തില്‍ വളര്‍ത്തി, തന്റെ സംഗീത സപര്യ തുടരാന്‍ പ്രേരിപ്പിച്ചു. ഇരുവര്‍ക്കും ശാസ്ത്രീയ സംഗീതത്തില്‍ ശിക്ഷണം നല്‍കി. പുരിയ ധനശ്രീ എന്ന രാഗം അതിന്റെ മുഴുവന്‍ സാധ്യതകളോടെയും മികവോടെയും പാടാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ലതാ മങ്കേഷ്കറിന് സാധിച്ചിരുന്നുവത്രേ. അച്ഛന്‍ തന്നെയാണ് മകളുടെ കഴിവുകള്‍ കണ്ടെത്തിയതും.
“ഒരു പ്രത്യേക സംഭവമാണ് എന്റെ സംഗീത ജീവിതത്തിനു തുടക്കം കുറിച്ചത്”, എന്ന് ഒരിക്കല്‍ സ്റ്റാര്‍ഡസ്റ്റ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലതാ മങ്കേഷ്കര്‍ പറയുകയുണ്ടായി. “എന്റെ അച്ഛന്‍ തന്റെ ശിഷ്യനോട് താന്‍ ഒരു ജോലി തീര്‍ത്തു വരുന്നത് വരെ ഒരു രാഗം പാടി പഠിക്കാന്‍ പറഞ്ഞു. ഞാന്‍ അടുത്ത് ഇരുന്നു കളിക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ് ശിഷ്യന്‍ പാടിയ ഒരു നോട്ട് തെറ്റാണ് എന്ന് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഞാനത് തിരുത്തി. തിരിച്ചു വന്ന അച്ഛന്‍ സ്വന്തം മകളില്‍ ഒരു ശിഷ്യയെ കണ്ടെത്തുകയായിരുന്നു”. ആ അച്ഛന്‍ അന്ന് മകളുടെ അമ്മയോട് പറഞ്ഞുവത്രേ, ‘ഈ വീട്ടില്‍ ഒരു ഗായികയുള്ളത് നമ്മള്‍ അറിഞ്ഞില്ലല്ലോ’ എന്ന്.
Read in English: Happy birthday Lata Mangeshkar: The nightingale, with 25,000 songs in over seven decades, is a gift that keeps giving
അച്ഛന്റെ മരണത്തിനു ശേഷം ലത മുംബൈയിലേക്ക് എത്തി. 1930കളില്‍ സിനിമാ സംവിധായകനായിരുന്ന മാസ്റ്റര്‍ വിനായക്, ആദ്യ ഗാനത്തിനു അവസരം നല്‍കിയ ഗുലാം ഹൈദര്‍ എന്നിവരാണ് മുംബൈയില്‍ ലതയെ കൈപിടിച്ചു നടത്തിയവര്‍. ലതയ്ക്ക് ആദ്യത്തെ വെല്ലുവിളി ഉയര്‍ത്തിയത് സുരയ്യ, ഷംഷാദ് ബേഗം എന്നിവരും ലതയേക്കാളും മികച്ച ഗായിക എന്ന് നിരൂപകര്‍ വാഴ്ത്തിയ നൂര്‍ ജഹാനുമാണ്. 2004 ല്‍ ഔട്ട്‌ലുക്ക് മാസികയില്‍ എഴുതിയ ലേഖനത്തില്‍ സംഗീത നിരൂപകനായ രാജു ഭരതന്‍ ‘ഇന്ത്യാ പാക് വിഭജനത്തിനു ശേഷം നൂര്‍ ജഹാന്‍ പാകിസ്ഥാനിലേക്ക് പോയില്ലായിരുന്നുവെങ്കില്‍ ലതയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ‘സൂപ്പര്‍’ ഗായികാ പദവി ലഭിക്കുമായിരുന്നോ?’ എന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതേ ചോദ്യം (ലതാ മങ്കേഷ്കറിന് അവിസ്മരണീയമായ ‘ബൈജു ബാവ്‌ര’, ‘മുഗള്‍ എ അസം’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ നല്‍കിയ) സംഗീത സംവിധായകന്‍ നൗഷാദിനോടും ചോദിച്ചതായി രാജു ഭരതന്‍ ഓര്‍ക്കുന്നു. പാകിസ്താനിലേക്കുള്ള നൂര്‍ജഹാന്റെ മാറ്റം, അവരുടെ പാന്‍-ഇന്ത്യാ അപ്പീലിന് വിഘാതമായി എന്നാണു നൗഷാദ് അഭിപ്രായപ്പെട്ടത്. “അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിച്ച പല സംഗീത സംവിധായകരേയും നൂര്‍ ജഹാന്റെ ലാഹോറിലേക്കുള്ള മാറ്റം ബാധിച്ചു. ഇന്ത്യയിലെ പതിമൂന്നു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സംഗീത സംവിധായകരുടെ ഈണങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ ആ കാലഘട്ടത്തില്‍ ലതയ്ക്ക് കഴിഞ്ഞു. അങ്ങനെ പഞ്ചാബി-ഉര്‍ദു ഗായികയായി നൂര്‍ ജഹാന്‍ ഒതുങ്ങിപ്പോയപ്പോള്‍, മഹാരാഷ്ട്ര മുതല്‍ ഒറീസ്സ വരെയുള്ള ഓരോ പ്രദേശങ്ങളിലും തുടങ്ങി ഇന്ത്യയുടെ തന്നെയും കോസ്മോപോളിറ്റന്‍ ശബ്ദമായി മാറി ലത. എന്നിട്ടും ഇതേ നൗഷാദ് ലതാ മങ്കേഷ്ക്കറോട് 1949ല്‍ ‘അന്‍ദാസ്’ എന്ന ചിത്രത്തിന് വേണ്ടി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ നൂര്‍ ജഹാനെപ്പോലെ പാടൂ എന്ന് നൗഷാദ് ആവശ്യപ്പെട്ടതും ചരിത്രം.
ലതാ മങ്കേഷ്ക്കറിന്റെ വരവറിയിച്ചത് ‘മഹല്‍’ എന്ന ചിത്രത്തിലെ ‘ആയേഗാ ആനെ വാല’ എന്ന ഗാനമാണ്. അമ്പതു, അറുപതു കാലഘട്ടങ്ങളില്‍, ‘അല്ലാ തേരോ നാം’ തുടങ്ങിയ ഭജനുകള്‍ മുതല്‍ ‘ഹോട്ടോന്‍ പേ ഐസി ബാത്ത്’ തുടങ്ങിയ ഡാന്‍സ് നമ്പരുകള്‍ വരെയുള്ള സംഗീത ധാരകളിലും പ്രാഗത്ഭ്യം തെളിയിച്ചു ലതാ മങ്കേഷ്ക്കര്‍.
ബോളിവുഡിലെ സംഗീത സംവിധായകരില്‍ ലതയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് മദന്‍ മോഹനായിരുന്നു. “ഒരു സംഗീത സംവിധായകനും ഗായികയും എന്നതില്‍ ഉപരി, എനിക്ക് മദന്‍ മോഹനുമായി സവിശേഷമായ ഒരു ബന്ധമാണുള്ളത്. സഹോദരീ സഹോദര ബന്ധമായിരുന്നു ഞങ്ങളുടേത്”, 2011ല്‍ പുറത്തിറങ്ങിയ ‘തെരെ സര്‍ ഓര്‍ മേരെ ഗീത്’ എന്ന കളക്ടര്‍സ് എഡിഷനില്‍ ലതാ മങ്കേഷ്ക്കര്‍ പറഞ്ഞു. “തന്റെ ഏറ്റവും നല്ല ഗാനങ്ങള്‍ എന്നെ വിശ്വസിച്ചു ഏല്‍പ്പിച്ചിരുന്നു അദ്ദേഹം”, ‘ജഹാന്‍ ആര’യിലെ ‘വോ ചുപ് രഹേ’ എന്ന ഗാനമാണ് തനിക്കു ഏറ്റവും ഇഷ്ടം എന്ന് എടുത്തു പറഞ്ഞു കൊണ്ട് ലത വിശദീകരിച്ചു.
പില്‍ക്കാലത്ത് സമാനമായ സഹോദര ബന്ധം സംവിധായകന്‍ യാഷ് ചോപ്രയുമായും വച്ച് പുലര്‍ത്തിയിരുന്നു ലതാ മങ്കേഷ്ക്കര്‍. ലതയുടെ സംഗീത ജീവിതത്തിന്റെ അവസാന പകുതിയില്‍ പാടിയ മികച്ച ഗാനങ്ങള്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നുള്ളവയായിരുന്നു. ‘ധൂല്‍ കാ ഫൂല്‍’, ‘കഭി കഭി’, ‘സില്‍സില’, ‘ദില്‍ തോ പാഗല്‍ ഹേ’ എന്നിങ്ങനെ. അദ്ദേഹത്തിന്റെ മകന്‍ ആദിത്യ ചോപ്രയുടെ ‘ദില്‍ വാലെ ദുല്‍ഹനിയാ ലേ ജായേഗേ’ എന്ന ചിത്രത്തിലും ലതാ മങ്കേഷ്ക്കര്‍ പാടിയിട്ടുണ്ട്. ഒരുപക്ഷേ ലതാ മങ്കേഷ്ക്കര്‍ മൂത്ത സഹോദരന്‍ എന്ന് വിളിക്കുന്ന ദിലീപ് കുമാര്‍ പറഞ്ഞത് പോലെ, “ലതയുടെ പരിശുദ്ധിയുടെ അടുത്തെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അവരുമായി മത്സരിക്കുന്നത് പ്രയാസമാണ്. കാരണം, സംഗീതത്തെ സ്നേഹിക്കുന്ന ഓരോരുത്തരിലും അവര്‍ അത്ര കണ്ടു ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരിലും ഒരു വലിയ അളവില്‍ അലിഞ്ഞു ചേര്‍ന്ന ലതാ മങ്കേഷ്ക്കര്‍ അംശങ്ങളുണ്ട്”.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍