മുംബൈയിൽ ഞായറാഴ്ച അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഏറെ ആദരിക്കപ്പെടുന്ന ഒരു കലാകാരിയായിരുന്നു. സരസ്വതി ദേവിയുമായാണ് ആരാധകർ പലരും അവരെ താരതമ്യപ്പെടുത്തിയിരുന്നത്. ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ ഒന്നിലധികം ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് ലതാ മങ്കേഷ്‌കർ പാടിയത്.
ലതാ ദീദി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ലതാ, വർഷങ്ങളായി ഗാനങ്ങൾ പാടുകയൊന്നും ചെയ്തിട്ടില്ലായിരുന്നു, എന്നാൽ 2018 ൽ അവർ അതിനൊരു മാറ്റം വരുത്തി, ഇന്ന് ആരാധകർ എല്ലാം അമൂല്യമായി കണക്കാക്കുന്ന ഒന്നാകും അത്.
മുകേഷിന്റെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയുടെ വിവാഹത്തിനായിരുന്നു അത്. ഗായത്രി മന്ത്രവും ഗണേഷ് സ്തുതിയും നവദമ്പതികൾക്കുള്ള പ്രത്യേക സന്ദേശവുമാണ് ലതാ മങ്കേഷ്‌കർ അന്ന് റെക്കോർഡ് ചെയ്തത്.
അന്നും ആരോഗ്യ പ്രശ്‍നങ്ങൾ കാരണം അവർക്ക് കല്യാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ സൈന്യത്തിനും രാഷ്ട്രത്തിനുമുള്ള ആദരസൂചകമായി മയൂരേഷ് പൈ സംഗീതം നൽകിയ ‘സൗഗന്ധ് മുജെ ഈസ് മിട്ടി കി’ എന്നതായിരുന്നു ലതാ മങ്കേഷ്കറുടെ അവസാന ഗാനം. 2019 മാർച്ച് 30 നാണ് ഇത് പുറത്തിറങ്ങിയത്. 2004-ൽ യാഷ് ചോപ്രയുടെ ‘വീർ-സാര’ ആയിരുന്നു അവളുടെ അവസാന പൂർണ്ണ ആൽബം.
കോവിഡ്9 പോസിറ്റീവായതിനെ തുടർന്ന് ജനുവരി 11 മുതൽ ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിൽ ന്യുമോണിയയും സ്ഥിരീകരിച്ചു. ഫെബ്രുവരി ആറിന് രാവിലെ 8:12 ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
Also Read: ലതാ മങ്കേഷ്‌കർ: ഇതിഹാസ ഗായികയുടെ സംഗീത ജീവിതം ചിത്രങ്ങളിലൂടെ