/indian-express-malayalam/media/media_files/uploads/2019/09/Lata-Ranu.jpg)
പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ,ലതാ മങ്കേഷ്കറുടെ “ഏക് പ്യാർ കാ നഗ്മാ ഹേയ്” എന്ന ഗാനം ആലപിക്കുന്ന വീഡിയോ വൈറലായതോടെയാണ് റാണു മണ്ഡൽ ജനപ്രിയയായത്. സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ റാണുവിന്റെ സംഗീതം ശ്രദ്ധിക്കുകയും തന്റെ വരാനിരിക്കുന്ന ഹാപ്പി ഹാർഡി ആൻഡ് ഹീർ എന്ന സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു. ആളുകൾ മണ്ഡോലിന്റെ ശബ്ദം ആസ്വദിച്ചു വരുന്നതിനിടെയാണ്, മുതിർന്ന ഗായിക മങ്കേഷ്കർ സംഭവത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.
"ആർക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കിൽ, അതെന്റെ ഭാഗ്യമായാണ് ഞാൻ കാണുന്നത്," ഐഎഎൻഎസിനോടാണ് ലതാ മങ്കേഷ്കറിന്റെ പ്രതികരണം.
'അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾ നിങ്ങളാകൂ. എന്റെ പാട്ടുകളോ അല്ലെങ്കിൽ കിഷോർ കുമാർ, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ പാട്ടുകൾ ആലപിക്കുന്നതിലൂടെ ഗായകർക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാൽ അത് ദീർഘനാൾ നിലനിൽക്കില്ല. ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികൾ എന്റെ ഗാനങ്ങൾ വളരെ മനോഹരമായി പാടുന്നു. എന്നാൽ ആദ്യത്തെ വിജയത്തിന് ശേഷം അവരിൽ എത്രപേർ ഓർമ്മിക്കപ്പെടുന്നു? '-ലതാ മങ്കേഷ്‌കർ പറഞ്ഞു.
അൻപത് വയസുകാരിയായ റാണു മണ്ഡൽ അടുത്തിടെ ടിവി റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ സിംഗറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിമേഷ് രേഷാമിയയ്‌ക്കൊപ്പം “തെരി മേരി കഹാനി”, “ആദത്ത്”, “ആഷിക്കി മെൻ തെരി” എന്നീ മൂന്ന് ഗാനങ്ങൾ ഇതുവരെ റെക്കോർഡുചെയ്‌തു.
ചുരുങ്ങിയ സമയം കൊണ്ട് പ്രശസ്തയായ ഇവർ അനേകം റിയാലിറ്റി ഷോകളിൽ അതിഥിയായി ക്ഷണിക്കപ്പെട്ടു. കൂടാതെ നിരവധി സ്റ്റേജ് ഷോകൾക്കും അവർ കരാർ ഒപ്പിട്ടു. ബംഗാൾ, ഹിന്ദി, തമിഴ് സിനിമകളിൽ നിന്നും പാടാനുള്ള ഓഫറുകളും റാണു മണ്ഡലിലെ തേടിയെത്തിരിക്കുന്നു.
റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോൾ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കർ സൂപ്പർ ഹിറ്റാക്കിയ 'ഏക് പ്യാർ കാ നഗ്മാ ഹെയ്' എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതുകണ്ട് അത് തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.
ആ വീഡിയോ ഞൊടിയിടയിൽ വൈറലായി. ലക്ഷക്കണക്കിനാൾക്കാർ കാണുകയും ഷെയർ ചെയ്യുകയും സംഭവം ബോളിവുഡിൽ വരെ എത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കിൽനിന്നും അന്വേഷണങ്ങൾ വന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.