തന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തിയ സഹപ്രവര്‍ത്തകനോട് ‘എന്നോട് പ്രശ്നമുണ്ടാക്കാന്‍ വന്നാല്‍ ഞാന്‍ വെട്ടിനുറുക്കിക്കളയും’ എന്ന് പറഞ്ഞ ചരിത്രമുണ്ട് ബോളിവുഡിലെ സ്ത്രീകള്‍ക്ക്. പറഞ്ഞത് മറ്റാരുമല്ല, ഇന്ത്യന്‍ സിനിമയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ ആണത് പറഞ്ഞത്. #MeToo വിവാദങ്ങള്‍ ചൂട് പിടിക്കുന്ന കാലത്ത് ഏറെ പ്രസക്തമാവുകയാണ് ലതാ മങ്കേഷ്കറിന്റെ ഈ വാക്കുകള്‍. സഹോദരി മീനയുടെ ആത്മകഥ ‘മോതി തിച്ചി സാവ്ലി’ എന്ന മറാത്തി പുസ്തകത്തിലെ തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഐഎഎന്‍എസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
ഗാനരചയിതാവ് നക്ഷാബ് ജാര്‍ച്ചവിയെ ‘വെട്ടിനുറുക്കിക്കളയും’ എന്ന് ലതാ മങ്കേഷ്കര്‍ ഭീഷണിപ്പെടുത്തിയതായി പുസ്തകത്തിലെ ഒരു അധ്യായത്തില്‍ പറയുന്നു. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ചിരിയുടെ അകമ്പടിയോടെ ലതാ മങ്കേഷ്കര്‍ പറഞ്ഞ ഉത്തരം ഇതാണ്.
“ആ പാവം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്നെ ചേര്‍ത്ത് ഒരുപാട് അപവാദങ്ങള്‍ പറഞ്ഞു പരത്തി. അതില്‍ ഒന്നിലും സത്യവുമില്ലായിരുന്നു. ഒരു ദിവസം ഞാന്‍ കൈയ്യോടെ പിടിച്ചു ചോദ്യം ചെയ്തു. ചെറുപ്പത്തില്‍ എനിക്ക് ദേഷ്യവും കൂടുതലായിരുന്നു. എന്നോട് പ്രശ്നമുണ്ടാക്കാന്‍ വന്നവരെയാരേയും ഞാന്‍ വെറുതെ വിട്ടിട്ടില്ല”, ലതാ മങ്കേഷ്കര്‍ വ്യക്തമാക്കി.
ജോലി ചെയ്യുന്ന ഒരു സ്ത്രീയ്ക്ക് അവള്‍ അര്‍ഹിക്കുന്ന ഇടം, ബഹുമാനം, അന്തസ്സ് എന്നിവ നല്‍കണം എന്ന് വിശ്വസിക്കുന്നതായും ആ ഇടം നിഷേധിക്കുന്നവന്‍ ആരായാലും അയാളെ ഒരു പാഠം പഠിപ്പേണ്ടതാണ് എന്നും ലതാ മങ്കേഷ്കര്‍ അഭിപ്രായപ്പെട്ടു. #MeTooവിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്.
Read in English: Nobody could mess around with me, get away with it: Lata Mangeshkar