സ്കൂളിൽ ചേർന്ന ശേഷം ആദ്യ ദിവസം, ലതാ മങ്കേഷ്‌കർ അവിടെ എത്തിയത് അന്ന് 10 മാസം പ്രായമുണ്ടായിരുന്നു അനുജത്തി ആശയെയും കൊണ്ടായിരുന്നു. അത് ടീച്ചർ എതിർത്തപ്പോൾ ലത ദേഷ്യത്തോടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് അവർ ആദ്യ പാഠങ്ങൾ പഠിച്ചത് വീട്ടിലെ സഹായിയിൽ നിന്നായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് അവർ മറാത്തി അക്ഷരമാല പഠിച്ചതും.
“അന്ന് കൗമാരക്കാരനായ ഞങ്ങളുടെ വീട്ടിലെ ജോലികൾ ചെയ്തിരുന്ന വിത്തലിനോട് എന്നെ മറാത്തി അക്ഷരമാലയും അടിസ്ഥാന വിവരങ്ങളും എഴുതാനും വായിക്കാനും പഠിപ്പിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടു. അന്ന് എനിക്ക് ഏകദേശം മൂന്നോ നാലോ വയസ്സ് പ്രായമുണ്ടായിരിക്കണം. ഞാൻ വീട്ടിലിരുന്ന് മറാത്തി പഠിച്ചു,” എന്നാണ് ലത മങ്കേഷ്കർ ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരിയുമായ നസ്രീൻ മുന്നി കബീറിനോട് പറഞ്ഞത്. പിന്നീട് ഈ സംഭാഷണങ്ങൾ ഒരു പുസ്തകമാക്കി പുറത്തിറക്കിയിരുന്നു. “ലതാ മങ്കേഷ്‌കർ… ഇൻ ഹെർ ഓൺ വോയ്സ്,” എന്ന പേരിലായിരുന്നു പുസ്തകം.
ലത മങ്കേഷ്‌കർ മുമ്പ് ചില നഴ്‌സറി ക്ലാസുകൾ പൂർത്തിയാക്കിയിരുന്നു. “അധ്യാപകൻ ബ്ലാക്ക് ബോർഡിൽ ‘ശ്രീ ഗണേഷ്ജി’ എന്ന് എഴുതുമായിരുന്നു, ഞാൻ അത് കൃത്യമായി പകർത്തിയിരുന്നു. എനിക്ക് 10 ൽ 10 ലഭിച്ചു,” എന്നാണ് ആ ക്ലാസ്സുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഗായിക ഓർത്തെടുത്തത്.
അക്കാലത്ത് അവരുടെ ബന്ധുവായ വാസന്തി മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ അവരുടെ വീടിന് എതിർവശത്തുള്ള മറാഠി മീഡിയം സ്കൂളായ മുരളീധർ സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു. അവരോടൊപ്പം ലതയെയും കൊണ്ടുപോകുമായിരുന്നു.
Also Read: നെഹ്‌റുവിന്റെ കണ്ണുകളെ ഈറനണിയിച്ച വാനമ്പാടിയുടെ ഗാനം
“ഒരു ദിവസം, ടീച്ചർ, എന്നെ ചൂണ്ടി, എന്റെ ബന്ധുവിനോട് ചോദിച്ചു: ‘അവൾ ആരാണ്?’ ഞാൻ ചാടിയെഴുന്നേറ്റു: ‘ഞാൻ മാസ്റ്റർ ദീനനാഥിന്റെ മകളാണ്!’ അവൾ പറഞ്ഞു: ‘അദ്ദേഹം ഒരു മികച്ച ഗായകനാണ്. നിങ്ങൾക്ക് പാടാൻ കഴിയുമോ?’ എനിക്ക് ധാരാളം രാഗങ്ങൾ പാടാൻ പറ്റുമെന്ന് ഞാൻ അവളോട് പറഞ്ഞു, അവരുടെ പേരുകൾ ഉച്ചരിച്ചു: മാൽകൗൺസ്, ഹിന്ദോൾ മുതലായവ. അവൾ എന്നെ നേരെ ടീച്ചർമാരെല്ലാം ഇരിക്കുന്ന സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. എന്നോട് പാടാൻ ആവശ്യപ്പെട്ടു. അങ്ങനെ, ഹിന്ദോളത്തെ അടിസ്ഥാനമാക്കി ഞാൻ ഒരു ശാസ്ത്രീയ ഗാനം ആലപിച്ചു. എനിക്ക് നാലോ അഞ്ചോ വയസ്സായിരുന്നു,” ലതാ മങ്കേഷ്കർ പറഞ്ഞതായി, നിയോഗി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പരാമർശിച്ചു.
മങ്കേഷ്‌കർ അതേ സ്‌കൂളിൽ ചേരുന്ന ദിവസം, ആശാ ഭോസ്‌ലെയ്ക്ക് ഏകദേശം 10 മാസമായിരുന്നു പ്രായം.
“ഞാൻ അവളെ എന്റെ കൈകളിൽ എടുത്തു, ഞാൻ പോയി. ക്ലാസ്സിൽ കയറിയപ്പോൾ ആശയെ മടിയിലിരുത്തി ഞാൻ ഇരുന്നു. ടീച്ചർ ഉറച്ചു പറഞ്ഞു: ‘കുഞ്ഞുങ്ങളെ ഇവിടെ അനുവദിക്കില്ല,’ എന്ന്. ഞാൻ വളരെ ദേഷ്യത്തോടെ എഴുന്നേറ്റു. ഞാൻ ആശയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നീടൊരിക്കലും തിരിച്ചുപോയില്ല,” മങ്കേഷ്‌കർ ഓർമ്മിച്ചു.
Also Read: ലതാ മങ്കേഷ്‌കർ: ഇതിഹാസ ഗായികയുടെ സംഗീത ജീവിതം ചിത്രങ്ങളിലൂടെ
തന്റെ ബന്ധുവായ ഇന്ദിരയിൽ നിന്നും പിന്നീട് ബോംബെയിലുള്ള ലേഖരാജ് ശർമ്മ എന്ന വ്യക്തിയിൽ നിന്നും ലത ഹിന്ദി പഠിച്ചു.
തുടർന്ന് അവർ ഉറുദു, ബംഗാളി, കുറച്ച് പഞ്ചാബി എന്നിവ പഠിച്ചു. അവർ തമിഴും പഠിക്കാൻ ശ്രമിച്ചു, സംസ്‌കൃതവും പഠിച്ചു.
എങ്ങനെ ഒരു പാട്ട് പഠിക്കും എന്നതിനെക്കുറിച്ചും അഭിമുഖത്തിൽ ലത മങ്കേഷ്കർ പറഞ്ഞിരുന്നു. “ഞാൻ ആദ്യം ഹിന്ദിയിൽ, ദേവനാഗരിയിൽ വാക്കുകൾ എഴുതും. അവ ഉറുദുവിലോ മറ്റേതെങ്കിലും ഭാഷയിലോ ആണെങ്കിലും അങ്ങനെയാണ് എഴുതുന്നത്. സംഗീത സംവിധായകൻ എനിക്ക് വേണ്ടി പാട്ട് പാടും. അതിനാൽ വാക്കുകൾ വായിക്കുമ്പോൾ ഞാൻ ട്യൂൺ കേൾക്കുന്നു. എന്റെ വരികളുടെ പേജിൽ ഞാൻ നോട്ട്സ് ഉണ്ടാക്കുന്നു. ഏത് സമയത്താണ് ഞാൻ ഒരു പ്രത്യേക വാക്ക് ഊന്നിപ്പറയേണ്ടതെന്ന് സൂചിപ്പിക്കുന്നു. അപ്പോൾ ഞാൻ രാഗം മനഃപാഠമാക്കി പാടും,” എന്നായിരുന്നു ലത മങ്കേഷ്കർ പറഞ്ഞത്.