ഇന്നും ജനങ്ങളുടെ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന ലതാ മങ്കേഷ്കറിന്റെ ഗാനമാണ് ‘ഏ മേരേ വതൻ കേ ലോഗോൻ’. 1962ലെ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണമിട്ടതാണ് ഈ ഗാനം.
2014ൽ ഈ പാട്ടിന്റെ 51-ാം വാർഷികത്തിൽ ലതാ മങ്കേഷ്‌കറിനെ ആദരിച്ചിരുന്നു. അന്ന് മുംബൈയിൽ നടന്ന പരിപാടിയിൽ, 1963 ജനുവരി 27 ന് ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സാന്നിധ്യത്തിൽ ഈ ഗാനം ആലപിച്ചത് ലതാ മങ്കേഷ്‌കർ ഓർത്തു.
താൻ ഒരു തവണ മാത്രമേ ഈ ഗാനം റിഹേഴ്സൽ ചെയ്തിട്ടുള്ളൂവെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിക്കാൻ ഭയമുണ്ടെന്നും പറഞ്ഞതായി അവർ പറഞ്ഞു. എന്നിരുന്നാലും, പാട്ട് പാടണമെന്ന് കവി പ്രദീപ് നിർബന്ധിച്ചു. “ഞാനൊരു തെറ്റ് ചെയ്‌തെന്ന് കരുതി ഞാൻ പേടിച്ചിരുന്നു. എന്നാൽ പണ്ഡിറ്റ്ജിയെ (നെഹ്‌റു) കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ കണ്ടു,” ലതാ മങ്കേഷ്‌കർ ചടങ്ങിൽ ഓർത്തു. “ലതാ, തുംനെ ആജ് മുജെ റുലാ ദിയ (ലത, നീ എന്നെ കീറിമുറിച്ചു),” നെഹ്‌റുവിനെ ഉദ്ധരിച്ച് അവർ പറഞ്ഞു.
‘ഏ മേരേ വതൻ കേ ലോഗോൻ’ ഒരു ഐതിഹാസിക പദവി നേടുമെന്നും രാജ്യത്തും വിദേശത്തും വൻ ജനപ്രീതി നേടുമെന്നും താൻ കരുതിയിരുന്നില്ലെന്ന് ഭാരതരത്‌ന അവാർഡ് ജേതാവായ ലതാ മങ്കേഷ്‌കർ പറഞ്ഞു.
Also Read: ലതാ മങ്കേഷ്‌കർ: ഇതിഹാസ ഗായികയുടെ സംഗീത ജീവിതം ചിത്രങ്ങളിലൂടെ
“ഞാൻ വിദേശത്ത് നൂറിലധികം ഷോകൾ ചെയ്തിട്ടുണ്ട്, ഓരോ തവണയും ഞാൻ ഈ ഗാനം ആലപിച്ചിട്ടുണ്ട്. ‘ഏ മേരേ വതൻ കേ ലോഗോൻ’ പാടാൻ ആളുകൾ എപ്പോഴും എന്നോട് അഭ്യർത്ഥിക്കുന്നു,” അവർ അന്ന് ഓർത്തു
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറയായി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന ലതാ മങ്കേഷ്കര്‍, ഇന്ന് രാവിലെ 8.12 നാണ് വിടപറഞ്ഞത്.
ജനുവരി പതിനൊന്നിനാണ് 92 വയസ്സുകാരിയായ ലതാ മങ്കേഷ്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചിരുന്നെങ്കിലും അവർ ഇടയ്ക്ക് അപകടനില തരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.