വിഖ്യാത ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബെർണാഡോ ബെർട്ടലൂച്ചി അന്തരിച്ചു.  കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം റോമിലായിരുന്നു. 77 വയസായിരുന്നു. 2003 ൽ നട്ടെല്ലു സംബന്ധിയായി നടത്തിയ ഒരു ശസ്ത്രക്രിയ പരാജയമായതിനെ തുടർന്ന് ഒന്നര പതിറ്റാണ്ടോളമായി വീൽചെയറിലായിരുന്നു അദ്ദേഹം.

‘ദി ലാസ്റ്റ് എമ്പറര്‍’, ലാസ്റ്റ് ടാന്‍ഗോ ഇന്‍ പാരിസ്’ എന്നീ ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബെർട്ടലൂച്ചി, ഇറ്റാലിയന്‍ ‘ന്യൂ വേവ് സിനിമ’യുടെ മുഖ്യ ശില്‍പികളില്‍ ഒരാളാണ്. 60 കളിൽ മൈക്കലാഞ്ചലോ അന്റോണിയോണി, ഫെഡറിക്കോ ഫെല്ലിനി, പസോലിനി എന്നിവർക്കൊപ്പം തന്നെ ഇറ്റാലിയൻ നവധാര ചിത്രങ്ങളുടെ പ്രധാന അമരക്കാരിൽ ഒരാളായി വർത്തിച്ച ബെർണാഡോ ബെർട്ടലൂച്ചി 1987 ൽ സംവിധാനം ചെയ്ത ‘ദ ലാസ്റ്റ് എംപറർ’ എന്ന ചിത്രത്തിലൂടെയാണ് ലാർജ് സ്കെയിൽ ഹോളിവുഡ് ചിത്രങ്ങളുടെ വിജയശില്പിയായി മാറിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവ ഉൾപ്പെടെ ഒമ്പത് ഓസ്കാർ അവാർഡുകളാണ് ഈ ചിത്രം നേടിയത്. ചൈനയിലെ അവസാന രാജവംശത്തെക്കുറിച്ചുള്ള ചിത്രമായിരുന്നു ‘ദ ലാസ്റ്റ് എംപറര്‍’.

1941 ൽ പർമയിലാണ് ബെർട്ടലൂച്ചി ജനിച്ചത്. കവിയും അധ്യാപകനുമായ അറ്റിലിയോയുടെ മകനായി ജനിച്ച ബെർട്ടലൂച്ചി ചെറുപ്പം മുതൽ കലയും സാഹിത്യവുമായി ബന്ധമുള്ളൊരു അന്തരീക്ഷത്തിലാണ് വളർന്നത്. കടുത്ത ഇടതുപക്ഷ അനുഭാവിയായിരുന്നു ബെർട്ടലൂച്ചി. കവിയും നോവലിസ്റ്റുമായിരുന്ന പിയർ പവലോ പസ്സോളിനിയുടെ സുഹൃത്തായിരുന്നു ബെർട്ടലൂച്ചിയുടെ പിതാവ്. 20-ാം വയസ്സിൽ പസോളിനോയുടെ ആദ്യ സംവിധാനസംരംഭത്തിൽ അസിസ്റ്റന്റായി വർക്ക് ചെയ്തുകൊണ്ടാണ് ബെർട്ടലൂച്ചിയുടെ സിനിമാപ്രവേശനം. പിന്നീട് 1962 ൽ 21-ാം വയസ്സിൽ ‘ദ ഗ്രിം റീപ്പർ’ എന്ന ചിത്രത്തിലൂടെ ബെർട്ടലൂച്ചി സ്വതന്ത്ര സംവിധായകനായി.

1972ല്‍ പുറത്തിറങ്ങിയ ‘ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്’ എന്ന ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം വിവാദത്തിലായിരുന്നു. ചിത്രത്തിലെ ബലാത്സംഗ രംഗത്തെക്കുറിച്ചുള്ള നടിയുടേയും പിന്നീട് സംവിധായകന്റേയും വെളിപ്പെടുത്തലുകളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. വിഖ്യാത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോയും മരിയ സ്നീഡറും അഭിനയിച്ച ചിത്രത്തില്‍, സ്‌ക്രിപ്റ്റില്‍ എഴുതിയിട്ടില്ലാത്ത രീതിയിലാണ് ബലാത്സംഗ രംഗം ചിത്രീകരിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. ആ രംഗം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും അത് ചിത്രീകരിക്കാന്‍ ഉപയോഗിച്ച രീതിയെക്കുറിച്ച് ബെര്‍ണാഡോയ്ക്കും മാര്‍ലോയ്ക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. മരിയയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഈ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമാകുകയും അദ്ദേഹത്തിന് നല്‍കി പുരസ്‌കാരങ്ങള്‍ പലതും തിരിച്ചു വാങ്ങിക്കണം എന്ന ആവശ്യങ്ങള്‍ ഉയരുകയും ഉണ്ടായി.

‘ബിഫോർ ദ റെവല്യൂഷൻ’, ‘പാർട്ണർ’, ‘ദ കൺഫോർമിസ്റ്റ്’, ‘1900’, ‘ട്രാജഡി ഓഫ് എ റിഡിക്കുലസ് മാൻ’, ‘ദ ഷെൽട്ടറിംഗ് സ്കൈ’, ‘ലിറ്റിൽ ബുദ്ധ’ തുടങ്ങി 20 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ബെർട്ടലൂച്ചിയുടെ അവസാനം ചിത്രം, നിക്കോൾ അമ്മാനിറ്റിയുടെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ‘മി ആന്‍ഡ്‌ യൂ’ ആയിരുന്നു. സംവിധായികയായ ക്ലെയര്‍ പെപ്ലോ ആണ് ഭാര്യ.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook