ഇന്ത്യയുടെ സ്വപ്‌ന സുന്ദരി ശ്രീദേവി ഇനിയില്ല എന്ന വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും സിനിമാ ലോകത്തിനോ ആരാധകര്‍ക്കോ ആയിട്ടില്ല. ദുബായില്‍ ബന്ധുവിന്‍റെ വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുക്കവെ ഒരു ഹൃദയാഘാതത്തിന്‍റെ രൂപത്തിലാണ് മരണം ശ്രീദേവിയെ കവര്‍ന്നെടുത്തത്. മരണത്തിനു തൊട്ടു മുമ്പ് ശ്രീദേവി ഭര്‍ത്താവിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ തയ്യാറാകുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോണി കപൂറിന്‍റെ മരുമകന്‍ മോഹിത് മാര്‍വായുടെ വിവാഹം കഴിഞ്ഞു ബന്ധുക്കള്‍ എല്ലാം മുംബൈയിലേക്ക് മടങ്ങി.  ശ്രീദേവി മാത്രം ദുബായില്‍ തങ്ങി.  സഹോദരിയെക്കാണാന്‍ ആയിരുന്നു അവര്‍ ദുബായില്‍ നിന്നത് എന്നാത് ഇപ്പോള്‍ കിട്ടുന്ന വിവരം.  മുംബൈയിലേക്ക് ബന്ധുക്കള്‍ക്കൊപ്പം മടങ്ങിയ ബോണി കപൂര്‍  തന്‍റെ പ്രിയതമയ്ക്ക് സര്‍പ്രൈസ് അത്താഴ വിരുന്നു നല്‍കാന്‍ തിരിച്ചു മുംബൈയില്‍ നിന്നും വൈകുന്നേരം 5.30ന് ജുമേറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെത്തി.

ഉറക്കത്തിലായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തി. കുറച്ചുനേരം ഇരുവരും ഇരുന്നു സംസാരിച്ചു. പിന്നീട് വാഷ്‌റൂമില്‍ പോയ ശ്രീദേവിയെ 15 മിനുട്ടിനു ശേഷവും കാണാതായതോടെ ബോണി കപൂര്‍ വാതിലില്‍ മുട്ടി. അകത്തുനിന്നും പ്രത്യേകിച്ച് പ്രതികരണമോ ശബ്ദമോ കേട്ടില്ല. ബലം പ്രയോഗിച്ച് അദ്ദേഹം കതക് തുറന്നു. എന്നാല്‍ ബാത്ത്ടബില്‍ നിറച്ച വെള്ളത്തില്‍ ചലനമറ്റു കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കപൂര്‍ കണ്ടത്. അവരെ ഉണര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പിന്നീട് സുഹൃത്തിനെ വിളിച്ചു. രാത്രി ഒമ്പതു മണിയോടെ പൊലീസിനെ വിവരമറിയിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസും ഡോക്ടര്‍മാരും സംഭവസ്ഥലത്തേക്ക് പെട്ടെന്നെത്തിയെങ്കിലും ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു. പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം വിട്ടു നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ