ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകനായ ലാല്‍ജോസ്. സര്‍പ്രൈസ് കാത്തിരിക്കുന്ന ഒരാളെ സര്‍പ്രൈസ് ചെയ്യിക്കുക എന്നത് ദുഷ്കരമാണെന്നും എന്നാല്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും സര്‍പ്രൈസ് ചെയ്യിച്ചുവെന്നും ലാല്‍ജോസ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

“ആദ്യ ചിത്രം തന്നെ വലിയ വിജയമായ സംവിധായകന് മുമ്പിലുളള വലിയ വെല്ലുവിളിയാണ് രണ്ടാം ചിത്രം. എന്നാല്‍ ദിലീഷ് പോത്തന്‍ രണ്ടാമതും അസാധാരണമായ ഒരു ചിത്രം സമ്മാനിച്ചു,” ലാല്‍ജോസ് പറഞ്ഞു. ‘ഞാനും ഔദ്യോഗികമായി താങ്കളുടെ ഫാന്‍ ക്ലബ്ബില്‍ അംഗമായി’ എന്നും ലാല്‍ജോസ് കുറിച്ചു.
ജൂണ്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസിലും നല്ല കളക്ഷനാണ് ലഭിക്കുന്നത്.

ഏഴു ദിവസംകൊണ്ട് 60 ലക്ഷത്തിന് മുകളിലാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും നേടിയെടുത്തത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവിലെ പ്രകടനം തുടര്‍ന്നാല്‍ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രം എന്ന പട്ടികയിലേക്ക് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എത്തും.

സജി പാഴൂരും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ