വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങിവരുന്ന ചില കഥാപാത്രങ്ങളുണ്ട്. കാലമെത്ര കഴിഞ്ഞാലും നമുക്കിടയിലെവിടെയോ ജീവിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന അനശ്വരരായ കഥാപാത്രങ്ങൾ. അവരുടെ ഡയലോഗുകളും മാനറിസവും ചുറ്റുപാടുകളുമെല്ലാം പ്രേക്ഷകർക്ക് പരിചിതമായി തീരും. റാംജി റാവു സ്പീക്കിങ് എന്ന ചിത്രവും പ്രേക്ഷകർക്ക് അതുപോലെ പ്രിയങ്കരമായ ഒന്നാണ്. ഉര്‍വ്വശി തീയേറ്റേഴ്‌സും മാന്നാര്‍ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നവരാണ്.
റാംജി റാവു സ്പീക്കിംഗിന്റെ സംവിധായകരിൽ ഒരാളും നടനുമായ ലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “യൂ നോ ഈഫ് യു നോ,” എന്ന ക്യാപ്ഷനോടെയാണ് ലാൽ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. നിരവധി ഏറെ പേരാണ് ചിത്രത്തിനു താഴെ വന്ന് ഉർവ്വശി തിയേറ്റർ ഓർമകൾ പങ്കുവയ്ക്കുന്നത്. ഉർവശി തിയേറ്ററല്ലേ, മത്തായിച്ചേട്ടൻ ഉണ്ടോ?, എങ്ങനെ മറക്കാനാണ് മത്തായിചേട്ടനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ജീവിച്ച ഈ വീടിനെ?, മത്തായിച്ചേട്ടന്റെ സ്വന്തം ഉർവ്വശി തിയേറ്റേഴ്സ് അല്ലേ?, ഒരായിരം കിനാക്കളാൽ മോഹം കുരുന്നു കൂടു മേഞ്ഞ ഇടമല്ലേ? എന്നിങ്ങനെ പോവുന്നു കമന്റുകൾ.
റാംജി റാവു സ്പീക്കിംഗ് എന്ന ഒറ്റചിത്രത്തിലൂടെ പ്രശസ്തമായ ഈ വീട് ആലപ്പുഴയിലാണ്. ആലപ്പുഴ കൈതവനയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മത്തായിച്ചേട്ടന്റെ ഉർവശിതിയേറ്റർ പൊളിക്കാൻ പോവുന്നു എന്ന രീതിയിൽ ഇടക്കാലത്ത് വാർത്തകളുണ്ടായിരുന്നു.
പൊളിച്ചുനീക്കിയാലും മലയാളികളുടെ മനസ്സിൽ തലയെടുപ്പോടെ നിറഞ്ഞുനിൽക്കുകയാണ് ഉർവശി തിയേറ്റേഴ്സ് എന്ന് ചിത്രത്തിനു ലഭിക്കുന്ന കമന്റുകളിൽ നിന്നും വ്യക്തം.