scorecardresearch

Latest News

രണ്ട് നായകന്‍മാരില്‍ താല്‍പര്യമുണ്ടായിരുന്നില്ല; മമ്മൂട്ടി പിന്‍മാറി, പകരം പൃഥ്വിരാജ്: ജീന്‍പോള്‍ ലാല്‍

മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് ആദ്യം സിനിമ തുടങ്ങാന്‍ വൈകിയതെന്നും ജീന്‍ പോള്‍ ലാല്‍ പറയുന്നു

ജീന്‍പോള്‍ ലാല്‍ (ലാൽ ജൂനിയർ) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ് പിന്നീട് പൃഥ്വിരാജിലേക്ക് എത്തിയത്. അതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍.

‘ഡ്രൈവിങ് ലൈസന്‍സ്’ വര്‍ഷങ്ങള്‍ക്ക് മുന്‍പേ താന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയായിരുന്നെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. ‘ഹായ് ഐ ആം ടോണി’ക്ക് ശേഷം ആരംഭിക്കണമെന്ന് ഉദ്ദേശിച്ച സിനിമയായിരുന്നു ‘ഡ്രൈവിങ് ലൈസന്‍സ്’. മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് ആദ്യം സിനിമ തുടങ്ങാന്‍ വൈകിയതെന്നും ജീന്‍ പോള്‍ ലാല്‍ പറയുന്നു. ‘സില്ലി മോങ്ക്‌സ് മലയാളത്തി’ന് നല്‍കിയ അഭിമുഖത്തിലാണ് ജീന്‍ ഇക്കാര്യം പറയുന്നത്.

Read Also: മഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അത്യപൂർവ ചിത്രം

“സിനിമ തുടങ്ങാന്‍ സാധിക്കാതെ വന്നതോടെ ആകെ ആശങ്കയിലായി. ആ സമയത്താണ് ഹണീ ബി 2 ചെയ്യുന്നത്. മമ്മൂക്കയും പപ്പയും (ലാല്‍) ആയിരുന്നു ഡ്രൈവിങ് ലൈസന്‍സില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകേണ്ടിയിരുന്നത്. പിന്നീടാണ് പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും മാറിയത്. മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണമാണ് സിനിമാ ആദ്യം തുടങ്ങാന്‍ സാധിക്കാതെ പോയത്. പിന്നെ, സിനിമയുടെ കഥ ആ സമയത്ത് മമ്മൂക്കയ്ക്ക് അധികം ഇഷ്ടമായില്ല. സിനിമയില്‍ രണ്ട് നായകന്‍മാരുണ്ട്. ആ ടൈമില്‍ മമ്മൂക്കയ്ക്ക് രണ്ട് നായകന്‍മാര്‍ ഉള്ള പടത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യമില്ലായിരുന്നു. ക്ലൈമാക്‌സ് സീനിനോട് അടുത്തപ്പോഴാണ് മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടാതെ വന്നത്. അങ്ങനെ വന്നപ്പോള്‍ ഒന്നുകില്‍ കഥ മാറ്റുക, അല്ലെങ്കില്‍ ആളെ മാറ്റുക എന്ന സാധ്യത മാത്രമാണ് മുന്‍പിലുണ്ടായിരുന്നത്. പിന്നീട് മമ്മൂക്ക തന്നെ ഒഴിവായ സ്ഥിതിക്ക് കഥ മാറ്റേണ്ടി വന്നില്ല. കഥയില്‍ എനിക്ക് വിശ്വാസമുണ്ട്” ജീന്‍ പറഞ്ഞു.

ഹണീ ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ലാൽ ജൂനിയർ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഹായ് ഐ ആം ടോണി, ഹണീ ബി 2 എന്നി സിനിമകൾ സംവിധാനം ചെയ്തു. ലാൽ ജൂനിയറിന്റെ നാലാമത്തെ സിനിമയാണ് ഡ്രെെവിങ് ലെെസൻസ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Lal junior driving licence prithviraj instead of mammootty

Best of Express