ഒറ്റപ്പാലത്തെ മായന്നൂരിലെ വീട്ടിൽ വായിച്ചും സിനിമ കണ്ടുമൊക്കെ ലോക്ക്ഡൗൺകാലം ചെലവഴിക്കുകയാണ് ലാൽജോസ്. അതിനിടയിലാണ് വീട്ടുവളപ്പിൽ കൂടുകൂട്ടിയ അപ്രതീക്ഷിത അതിഥികളെ ലാൽജോസ് കാണുന്നത്. വാഴക്കുലയ്ക്ക് അകത്ത് സുരക്ഷിതമായി ഇരിക്കുന്ന കിളിക്കൂട്ടിൽ വിരിയാൻ കാത്തിരിക്കുന്ന മൂന്നു നീല മുട്ടകൾ. കരിയില കിളിയുടെ മുട്ടകളാണ് ഇവ. ലാൽ ജോസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ആരാധകർക്കും കൗതുകം.
“മായന്നൂരിലെ ഞങ്ങടെ വീട്ടിൽപുതിയ അതിഥികൾ വരാറായി. ശാസ്ത്രഭാഷയിൽ Eggs of Jungle babbler നമ്മക്ക് പൂത്താങ്കിരി അല്ലങ്കിൽ കരിയില കിളി മുട്ട. ( കദളീ വന ഹൃദയനീഡത്തിൽ ഒരു കിളി മുട്ട അടവച്ചു കവിതയായി നീ വിരിയപ്പതും – എന്നെഴുതിയ ഒ.എൻ.വി സാറിനെയും ഓർക്കുന്നു,” ചിത്രങ്ങൾ പങ്കുവച്ച് ലാൽ ജോസ് കുറിക്കുന്നു.
കൂട്ടത്തിൽ രണ്ടു മുട്ടകൾ വിരിഞ്ഞെന്നും മൂന്നാമനായുള്ള കാത്തിരിപ്പിലാണെന്നും മറ്റൊരു പോസ്റ്റിൽ ലാൽ ജോസ്.
‘മ്യാവൂ’ എന്ന സിനിമയാണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്ന ലാൽജോസ് ചിത്രം.