ശിവരാത്രി നാളിൽ പുതിയ ചിത്രത്തിന് ശുഭാരംഭം കുറിച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ‘തട്ടിൻപ്പുറത്ത് അച്യുതനു’നു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് തലശ്ശേരിയിൽ നടന്നു. ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. നവാഗതനായ പ്രഗീഷ് പി ജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കണ്ണൂർ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അമച്വർ നാടക പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ് കുമാർ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും അജയൻ മങ്ങാട് കലാസംവിധാനവും നിർവ്വഹിക്കും. എൽ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണക്കാർ.

നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’, ‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ഒന്നിക്കുന്ന ‘ആദ്യരാത്രി’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റു ബിജു മേനോൻ ചിത്രങ്ങൾ. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’, ‘അമർ അക്ബർ ആന്റണി’ എന്നീ ചിത്രങ്ങൾക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യിൽ ബിജു മേനോനും ആസിഫ് അലിയും ബൈജുവുമാണ് നായകന്മാർ. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ ആദ്യ ആഴ്ചയാണ് റിലീസിനെത്തുന്നത്. നിഖില വിമൽ നായികയാവുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ഗണേഷ് കുമാർ, ധർമജൻ, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാൻ, ജോമോൻ, സാദിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് ദിലീപ് പൊന്നൻ ആണ്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ് ജോൺകുട്ടിയും കലാസംവിധാനം ത്യാഗുവും വസ്ത്രാലങ്കാരം സമീറ സനീഷും സംഗീതസംവിധാനം എമിൽ മുഹമ്മദും നിർവ്വഹിക്കും. സന്തോഷ് വർമ്മയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സിംഗപ്പൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന്റെ വിതരണക്കാർ ഉർവശി തീയേറ്റേഴ്സ് റിലീസാണ്.

Read more: ലാൽ ജോസ് ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനും ഒന്നിക്കുന്നു

സനൽകുമാർ ശശിധരന്റെ ‘ചോല’, രാജീവ് രവി ചിത്രം ‘തുറമുഖം’ എന്നിവയാണ് നിമിഷ സജയന്റെ മറ്റുചിത്രങ്ങൾ. നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടികൊടുത്ത ‘ചോല’ ഉടനെ തിയേറ്ററുകളിലെത്തും. 15 വയസ്സുള്ള ജാനു എന്ന സ്കൂൾ കുട്ടിയായാണ് നിമിഷ ചിത്രത്തിൽ അഭിനയിക്കുന്നത്. ജോജുവും അഖിൽ എന്ന പുതുമുഖവുമാണ് മറ്റു താരങ്ങൾ. രണ്ടു മൂന്നു ഗെറ്റപ്പുകളിലും നിമിഷ എത്തുന്നുണ്ട്. രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നിമിഷ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു.

Read more: രാജീവ് രവി- നിവിൻ പോളി ടീമിന്റെ ‘തുറമുഖം’ ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ