വാവച്ചി കണ്ണന്‍, ലാല്‍ ജോസ്-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാല്‍പ്പത്തിയൊന്ന് എന്ന ചിത്രം കണ്ടിറങ്ങുന്നവര്‍ എല്ലാവരും തിരക്കിയത് ഇയാളെ കുറിച്ചായിരിക്കും. ആരാണീ പഹയന്‍? വാവച്ചി കണ്ണന്റെ നാടന്‍ പാട്ടിന്റെ ചേലുള്ള പ്രണയം കാഴ്ചക്കാരുടെയുള്ളില്‍ ഒരു കുളിരാണ് കോരിയിടുന്നത്. മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖങ്ങളെ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ ഈ പുതിയ കണ്ടെത്തല്‍ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. വാവച്ചി കണ്ണനെ അന്വേഷിച്ചുപോകുമ്പോള്‍ ചെന്നെത്തിനില്‍ക്കുന്നത് ശരണ്‍ജിത്ത് എന്ന പ്രതിഭയിലാണ്. ആളത്ര ചില്ലറക്കാരനല്ല. സിനിമയില്‍ പുതുമുഖമാണെങ്കിലും അഭിനയ രംഗത്ത് തന്റേതായ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട് ശരണ്‍ജിത്ത്.
കാലടി സര്‍വകലാശാലയിലായിരുന്നു പഠനം. പെയ്ന്റിങ്ങില്‍ തുടങ്ങി ആക്ടിങ്ങിലേക്ക് ചേക്കേറുകയായിരുന്നു. തിയറ്ററിനോടും അഭിനയത്തോടുമുള്ള അഭിനിവേശം ശരണ്‍ജിത്തിനെ ലോകം ചുറ്റിച്ചു. രാജ്യത്തിന് അകത്തും പുറത്തുമൊക്കെയായി പെര്‍ഫോം ചെയ്യുന്ന നടനും അധ്യാപകനുമൊക്കെയാണ് ശരണ്‍ജിത്ത് ഇന്ന്. സിംഗപ്പൂരിലും പാരീസിലുമൊക്കെ നാടകങ്ങള്‍ അവതരിപ്പിക്കുന്നു. ഇതിനിടെ നാട്ടിലെത്തുമ്പോള്‍ കാലടിയില്‍ ക്ലാസെടുക്കുന്നുമുണ്ട്. ആകെ മൊത്തം നാടകത്തില്‍ മുങ്ങിയൊരു ജീവിതം. ഈ അഭിമുഖത്തിനായി വിളിക്കുമ്പോഴും ആള് തിരക്കിലായിരുന്നു. പാരീസില്‍ തന്റെ പുതിയ ഷോയ്ക്കിടെയുള്ള ഇടവേളയിലായിരുന്നു ശരണ്‍ജിത്ത് സംസാരിച്ചത്.
Read More: Nalpathiyonnu Review: യുക്തിവാദവും വിശ്വാസവും മത്സരിക്കുമ്പോള്‍ ‘മലകയറി തളരുന്ന’ സിനിമ
നാല്‍പ്പത്തിയൊന്നിലേക്ക്
ഒരു വര്‍ഷം മുമ്പ് പ്രഗീഷേട്ടന്‍ (തിരക്കഥാകൃത്ത്) വിളിക്കുകയായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിച്ചു. കൂടുതലും സംസാരിച്ചത് വാവച്ചി കണ്ണനെ കുറിച്ചായിരുന്നു. ഒരുപാട് ലെയറുകളുള്ള കഥാപാത്രമായിരുന്നു. അദ്ദേഹത്തിന്റെ വിവരണം തന്നെ മോഹിപ്പിക്കുന്നതായിരുന്നു. സിനിമയില്‍ യാതൊരു മുന്‍ പരിചയവുമില്ലായിരുന്നു. സിനിമ ചെയ്യുന്നില്ലെന്നായിരുന്നു കരുതിയിരുന്നത്. 40 വയസുവരെ നാടകം ചെയ്യണം, പിന്നെയാകാം സിനിമ എന്നായിരുന്നു ആഗ്രഹം. പക്ഷെ വാവച്ചി കണ്ണന്‍ മോഹിപ്പിക്കുന്ന കഥാപാത്രമായിരുന്നു. നല്ലൊരു ഇന്‍ട്രോയാണ്. ഇത്രയും മികച്ച, ഒരുപാട് ലെയറുകളുള്ളൊരു കഥാപാത്രം ലഭിക്കുക അപൂര്‍വ ഭാഗ്യമാണ്. പിന്നെയാണ് ലാല്‍ ജോസ് സാറിനെ കാണുന്നതൊക്കെ.
നാടകവും സിനിമയും
രണ്ടും അഭിനയമാണ്. പക്ഷെ ഒരുപാട് വ്യത്യാസമുണ്ട്. തിയറ്റര്‍ ആക്ടറുടെ ആര്‍ട്ട് ഫോമാണ്. സിനിമ സംവിധായകന്റേതാണ്. തിയറ്ററില്‍ ആക്ടറാണ് ഫണ്ടമെന്റല്‍. സിനിമ സംവിധായകന്റെ കാഴ്ചപ്പാടും വിഷനുമാണ്. സിനിമ ചെയ്യുമ്പോള്‍ സംവിധായകന്റെ മുന്നിലെ കളിമണ്ണായി നിന്നുകൊടുക്കുകയാണ് അഭിനേതാവ് ചെയ്യേണ്ടത്. അതെങ്ങനെ കുഴയ്ക്കണമെന്നും എന്തു പരുവത്തിലാക്കണമെന്നും തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. പക്ഷെ തിയറ്ററില്‍ അഭിനേതാവില്‍ ഡിപ്പൻഡ് ചെയ്തിരിക്കുന്നു എല്ലാം. ആക്ടറാണ് ഫണ്ടമെന്റല്‍. കാണുന്നവര്‍ എന്ത് കാണമെന്നും അവരുടെ കാഴ്ചപ്പാട് എന്തായിരിക്കണമെന്നതും ആക്ടറുടെ തീരുമാനങ്ങളാണ്. ആ അര്‍ത്ഥത്തില്‍ തിയറ്റര്‍ ഒരു ആക്ടറുടെ ആര്‍ട്ട് ഫോമാണ്.
സിനിമയില്‍ ഒരു രംഗത്തിലെ വസ്തുക്കള്‍ എന്തൊക്കെയായിരിക്കണമെന്നും സാഹചര്യം എന്തായിരിക്കണമെന്നതെല്ലാം സംവിധായകന്റെ തീരുമാനമാണ്. അത് ഛായാഗ്രാഹകന്‍ വഴി അദ്ദേഹം കണ്‍വെ ചെയ്യുന്നു. എന്നാല്‍ തിയറ്റില്‍ അങ്ങനെയല്ല. ചിലപ്പോള്‍ ഒരു മരക്കഷ്ണമോ തെർമോക്കോളോ ആയിരിക്കാം സ്‌റ്റേജിലുണ്ടാവുക. പക്ഷെ അതൊരു വീടായോ മറ്റ് എന്തെങ്കിലും വസ്തുവായോ മാറും. ആക്ടര്‍ അതിനെ ഒരു വീടായി സങ്കല്‍പ്പിച്ച് അഭിനയിക്കുന്നതോടെ കാഴ്ചക്കാരും പിന്നെ അത് വെറുമൊരു മരക്കഷ്ണമായി കാണില്ല. സ്റ്റേജില്‍ ഒരാള്‍ അഭിനയിക്കുമ്പോള്‍ സംഭവിക്കുന്നത് വല്ലാത്തൊരു മാജിക്കാണ്. ഒരു മനുഷ്യനെ നൂറുകണക്കിന് ആളുകള്‍ മണിക്കൂറുകളോളം നോക്കിയിരിക്കുന്ന മനോഹരമായൊരു അവസ്ഥയാണത്. അങ്ങനെ സംഭവിക്കുക പരമമായ സ്‌നേഹത്തില്‍ മാത്രമാണ്. സ്‌നേഹമില്ലാതെ ഒന്നുമില്ല.
വാവച്ചി കണ്ണനായി മാറിയത്
പേടിയുണ്ടായിരുന്നു. സിനിമയുമായി ഒരു ബന്ധവും എനിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ വാവച്ചി കണ്ണനെന്ന, ഒരുപാട് ലെയറുകളുള്ള കഥാപാത്രം ചെയ്യുന്നതില്‍ പേടിയുണ്ടായിരുന്നു. വളരെ വലിയ ഉത്തരവാദിത്തമാണ്. നാട്ടുകാര്‍ക്ക് വാവച്ചി കണ്ണനെയും വാവച്ചി കണ്ണന് നാട്ടുകാരെയും ഇഷ്ടമല്ല. പക്ഷെ പ്രേക്ഷകര്‍ക്ക് വാവച്ചിയോട് ഇഷ്ടം തോന്നണം. അത് വെല്ലുവിളിയായിരുന്നു. ഷൂട്ടിങ് കാണുന്നത് ആദ്യമായിരുന്നു. അതുകൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ലാല്‍ ജോസ് സാറുമായി സംസാരിച്ചപ്പോള്‍ ശരിയായി. അദ്ദേഹം നന്നായി മോട്ടിവേറ്റ് ചെയ്തു. കഥാപാത്രമായി മാറാന്‍ ഒരു നടനെന്ന നിലയില്‍ സാധാരണ ചെയ്യാറുള്ള തയാറെടുപ്പുകളൊക്കെയാണ് ചെയ്തത്.
Also Read: എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നത്? ലൈവിൽ എത്തിയ അന്ന ബെന്നിനോട് ആരാധകൻ
ചിത്രത്തിന്റെ കഥ നടക്കുന്നത് കണ്ണൂരിലെ ഒരു ഗ്രാമത്തിലായിരുന്നു. എന്റെ സംസാരശൈലിയില്‍ മാറ്റമുണ്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മുമ്പ് ഞാനും അനന്യയും കണ്ണൂരില്‍ രണ്ടാഴ്ച പോയി നിന്നു. അവിടെ കുടുംബശ്രീ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു. അവരുടെ സംസാരശൈലിയും മറ്റും നിരീക്ഷിച്ചു. ഞാന്‍ മദ്യപിക്കില്ല. വാ ച്ചി കണ്ണന്‍ ആണെങ്കില്‍ ഫുള്‍ ടൈം മദ്യത്തിലാണ്. അതുകൊണ്ട് മദ്യപാനിയുടെ മാനറിസങ്ങളൊക്കെ പഠിക്കേണ്ടിയിരുന്നു. എന്റെ മാനറിസങ്ങളില്‍ യൂറോപ്യന്‍ ശൈലിയുണ്ടായിരുന്നു. വിദേശത്ത് ഒരുപാട് ഷോകള്‍ ചെയ്യുന്നത് കൊണ്ടും സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടുമൊക്കെയായിരുന്നു അത്. കുടിയന്‍മാരുടെ മാനറിസങ്ങളൊക്കെ യൂട്യൂബിലൊക്കെ കാണും. പ്രഗീഷേട്ടനും വീഡിയോകള്‍ അയച്ചു തരുമായിരുന്നു. അപ്പോഴുള്ള വെല്ലുവിളി മിമിക്രി ആകരുതെന്നായിരുന്നു. കുടിക്കാത്ത ഞാന്‍ കുടിയനാകുമ്പോള്‍ മിമിക്രി ആകാനുള്ള സാധ്യതയുണ്ടായിരുന്നു.
ബിജു മേനോന്‍ എന്ന തണല്‍
രണ്ടുപേരും രണ്ട് തരത്തിലുള്ള അഭിനേതാക്കളാണ്. രണ്ടു പേരുടെയും മീഡിയം ഒന്നാണെങ്കിലും രണ്ട് ടൈപ്പ് അഭിനേതാക്കളാണ്. ബിജു മേനോന്‍ വളരെയധികം പൊട്ടന്‍ഷ്യലുള്ള നടനാണ്. സിനിമയില്‍ 25 വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള താരമാണ്. നമ്മളെ അത്ഭുതപ്പെടുത്താന്‍ കഴിയുവുന്ന പൊട്ടന്‍ഷ്യലുണ്ട് അദ്ദേഹത്തിന്. വളരെ ഈസിയായി അഭിനയിക്കുന്ന രീതിയാണ്. തുടക്കത്തില്‍ രണ്ടു പേരുടേയും ശൈലികള്‍ വ്യത്യസ്തമായതിന്റെ ചെറിയ ബുദ്ധിമുട്ടുകളുണ്ടായെങ്കിലും പിന്നീട് അതെല്ലാം മാറി. ഓരോ സീനും ചെയ്യും മുമ്പ് പരസ്പരം ചര്‍ച്ച ചെയ്യുമായിരുന്നു. അത് പതിയെ ഞങ്ങളിലൊരു കെമിസ്ട്രി വളര്‍ത്തിയെടുത്തു.
സീന്‍ കഴിഞ്ഞാല്‍ കാരവനില്‍ പോയിരിക്കുന്ന ബിജുവേട്ടന്‍ എന്റെ സീന്‍ ആണെങ്കില്‍ ഫ്രെയിമില്‍ ഇല്ലെങ്കിലും വന്ന് നിന്നുതരുമായിരുന്നു. അത് പറയാതെ തന്നെ ചെയ്യുന്നതായിരുന്നു. മുന്നില്‍ ആരുമില്ലാതെ റിയാക്ട് ചെയ്യുന്നത് പോലല്ല കണ്ണില്‍ നോക്കി അഭിനയിക്കുമ്പോള്‍. അതുകൊണ്ട് തന്നെ ഫ്രെയിമില്‍ ഇല്ലെങ്കിലും അദ്ദേഹം അപ്പുറത്തുവന്ന് നില്‍ക്കുമായിരുന്നു. അദ്ദേഹം എനിക്ക് എന്റെ സ്‌പെയ്‌സ് തന്നിരുന്നു. അതുകൊണ്ട് തന്നെ ഓരോ സീനും ചര്‍ച്ച ചെയ്താണ് അഭിനയിച്ചത്. പലപ്പോഴും ഇംപ്രവൈസ് ചെയ്യാനും അത് സഹായിച്ചു. സത്യത്തില്‍ ബിജുവേട്ടന്റെ തണലിലായിരുന്നു ഞാന്‍. ബിജുവേട്ടന്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ഒരു ഐഡിയയുമില്ല. ഒട്ടും ഈഗോയില്ലാത്ത വ്യക്തിയാണ്. എപ്പോഴും ചേര്‍ത്തു നിര്‍ത്തുന്ന, ഒരു ചേട്ടന്‍ തന്നെയായിരുന്നു ബിജുവേട്ടന്‍.
Read More: ഒരു മുറൈ വന്ത് പാർത്തായ; ചിത്രയ്ക്ക് ഒപ്പം അനുപല്ലവി പാടി അറബ് ഗായകൻ
വാവച്ചിയുടെ സുമ
ധന്യയെ നേരത്തെ അറിയാമായിരുന്നു. കാലടിയില്‍ എന്റെ ജൂനിയറാണ്. തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റാണ്. സുഹൃത്താണ്. അതുകൊണ്ട് തന്നെ ധന്യയാണ് സുമയായി അഭിനയിക്കുന്നതെ ന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി. ഷൂട്ടിങ്ങിന് ഒരു മാസം മുമ്പാണ് ധന്യയാണ് സുമയാകുന്നതെന്ന് അറിഞ്ഞത്. രണ്ടുപേരും തിയ്യറ്റര്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്നുമുള്ളവരാണെന്നത് കൊണ്ടും അറിയാവുന്നതരാണെന്നത് കൊണ്ടും സന്തോഷമായി. രണ്ടുപേരും പരസ്പരം വിശ്വസിച്ചാണ് അഭിനയിച്ചത്. രണ്ടു പേര്‍ക്കും അവരവരുടേതായ സ്‌പെയ്‌സ് ഉണ്ടായിരുന്നു. അതൊക്കെ കൊണ്ടാണ് ആ കെമിസ്ട്രി വര്‍ക്ക് ഔട്ടായത്. സുഹൃത്തുക്കളാണെന്നതും തിയ്യറ്റര്‍ ബാക്ക് ഗ്രൗണ്ട് ഉള്ളവരാണെന്നതും അതില്‍ വലിയൊരു ഫാക്ടറാണ്. ഇല്ലാത്ത സീനുകളില്‍ പോലും പരസ്പരം സഹായിക്കുമായിരുന്നു. ഉദാഹരണത്തിന്, വാവച്ചി മദ്യപിച്ച് വരുന്നൊരു രാത്രി സുമ വാതില്‍ അടച്ച് കിടന്നിട്ടുണ്ടാകും. അപ്പോള്‍ വാവ്വച്ചി വീടിന്റെ വാതില്‍ കൊട്ടിക്കൊണ്ട് പാട്ടുപാടുന്ന രംഗമുണ്ട്. രണ്ടു പേരുടേതും വേറെ വേറെയായിട്ടായിരുന്നു ഷൂട്ട് ചെയ്തത്. എന്റെ ഷോട്ട് എടുത്ത ശേഷമാണ് ധന്യയുടേത് ഷൂട്ട് ചെയ്തത്. ആ സമയം ഞാന്‍ അവിടെ വരികയുണ്ടായി. ലാല്‍ സാറിനോട് ഞാന്‍ വാതിലില്‍ കൊട്ടിപ്പാടാം എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ പുറത്തുനിന്നു കൊട്ടിപ്പാടുമ്പോഴാണ് സുമയുടെ റിയാക്ഷന്‍ അകത്തു വച്ച് ഷൂട്ട് ചെയ്തത്.
മറ്റൊരിക്കല്‍, ഒരുപാട് പേര്‍ ഈ സീനിനെക്കുറിച്ച് പറയുന്നുണ്ട് ഇപ്പോള്‍, ദേഷ്യം പിടിച്ചു നില്‍ക്കുന്ന ഭാര്യയെ നോക്കി നിലാവിന്റെ വെട്ടത്തില്‍ വാവച്ചി പാട്ടുപാടുന്നൊരു പ്രണയരംഗമുണ്ട്. ആ സീനിനെക്കുറിച്ച് ലാല്‍ സാര്‍ പറഞ്ഞത് നാടന്‍ പാട്ടിന്റെ ചേലുള്ള പ്രണയമാണ് വാവച്ചിയുടെയും സുമിയുടെതും എന്നായിരുന്നു. പേടിച്ച സീനായിരുന്നു അത്. അപ്പോള്‍ മനസിലേക്ക് കയറിവന്ന പാട്ടായിരുന്നു കണ്ണോണ്ട് നോക്കല്ലേ പെണ്ണേ എന്നത്. ഫസ്റ്റ് ടേക്കില്‍ തന്നെ ഓക്കെയായിരുന്നു. മിക്ക സീനുകളും അങ്ങനെ ഫസ്റ്റ് ടേക്കിലെ ഓക്കെയായിരുന്നു. ഞങ്ങള്‍ തമ്മിലുള്ളൊരു കെമിസ്ട്രിയാണതിന്റെ കാരണം.
ലാല്‍ ജോസിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്
നേരത്തെ പറഞ്ഞല്ലോ സിനിമ എനിക്ക് പുതിയ അനുഭവമായിരുന്നു. സെറ്റില്‍ പോലും പോയിട്ടില്ല. പ്രേക്ഷകനെന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എല്ലാം എനിക്ക് പുതിയതായിരുന്നു. അതുകൊണ്ട് തന്നെ ലാല്‍ സാറിനെ ആരുമായും താരതമ്യം ചെയ്യാന്‍ എനിക്കില്ലായിരുന്നു. സംവിധായകരെ ഞാന്‍ താരതമ്യം ചെയ്യുന്നത് ലാല്‍ സാറിനെ വച്ചും അഭിനേതാക്കളെ താരതമ്യം ചെയ്യുന്നത് ബിജുവേട്ടനെ വച്ചുമായിരിക്കും. അസാധ്യമായൊരു അനുഭവമായിരുന്നു. ലാല്‍ ജോസ് വളരെയധികം അനുഭവ സമ്പത്തുള്ള കഴിവ് തെളിയിച്ച സംവിധായകനാണ്. അദ്ദേഹം ഓരോ ആക്ടറെയും ട്രീറ്റ് ചെയ്യുന്നത് ഓരോ രീതിയിലായിരുന്നു. ഓരോരുത്തരേയും അറിഞ്ഞ് അവരെ എങ്ങനെയാണ് പാകപ്പെടുത്തി എടുക്കേണ്ടതെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. എന്നോട് അവഗണനയായിരുന്നു. ആദ്യമൊക്കെ എനിക്ക് വളരെയധികം വിഷമമായി. തിയ്യറ്റര്‍ ആക്ടറെന്ന നിലയില്‍ എന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ അദ്ദേഹം വളരെ സങ്കടത്തോടെ തന്നെ എന്നോട് പറഞ്ഞത് ആ അവഗണന വാവച്ചി കണ്ണന് ആവശ്യമാണെന്നായിരുന്നു. എല്ലായിടത്തും അവഗണിക്കപ്പെടുന്നവനായിരുന്നു വാവച്ചി. സത്യത്തില്‍ ലാല്‍ ജോസ് സാറിന്റെ സിനിമയില്‍ വാവച്ചി കണ്ണനെ പോലൊരു കഥാപാത്രം ലഭിച്ചത് ഭാഗ്യമാണ്.
ശരണ്‍ ജിത്തിന്റെ മനസില്‍ ഇപ്പോഴും നാടകത്തിന് തന്നെയാണ് ഒന്നാം സ്ഥാനം. സിനിമ ചെയ്യണമെന്നുണ്ടെങ്കിലും ഓടിനടന്ന് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍, വെല്ലുവിളിയുള്ള കഥാപാത്രം ആണെന്ന് തോന്നിയാല്‍ ഇനിയും അഭിനയിക്കുമെന്നാണ് ശരണ്‍ പറയുന്നു. ഷോയുമായി പാരീസിലാണ് ആളിപ്പോള്‍. അവിടെ നിന്നു ടുണീഷ്യയിലേക്ക് പോകും. ഡിസംബറിലാണ് നാട്ടിലെത്തുക. നാല്‍പ്പത്തിയൊന്ന് കണ്ട പലരും അഭിനന്ദനം അറിയിക്കുന്നുണ്ടെങ്കിലും ശരണ്‍ ജിത്ത് ഇതുവരെ സിനിമ കണ്ടിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്.