വേനൽ കത്തിനിൽക്കുന്ന തലശ്ശേരിയിൽ ലാൽ ജോസിന്റെ ‘നാൽപ്പത്തിയൊന്ന്’​എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊടുംവേനൽചൂടിലും ഷൂട്ടിംഗ് സെറ്റിനെ തണുപ്പിക്കുന്നത് ബിജു മേനോന്റെ ഫലിതങ്ങളാണെന്നാണ് ലാൽ ജോസിന്റെ വെളിപ്പെടുത്തൽ. ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ലാൽ ജോസ് തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. 28 വർഷങ്ങൾക്ക് മുൻപ് ബിജു മേനോനെ ആദ്യമായി കണ്ട ദിവസവും ലാൽ ജോസ് ഓർത്തെടുക്കുന്നു. ഷൂട്ടിംഗ് ഇടവേളകളിൽ പാട്ടുപാടി അണിയറപ്രവർത്തകരെ രസിപ്പിക്കുന്ന ബിജുമേനോന്റെ വീഡിയോയും ലാൽജോസ് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

“1991 ലെ ഒരു വേനൽക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരിൽ നടക്കുന്നു, ഞാൻ അസോസിയേറ്റ് ഡയറക്ടർ. ആ സെറ്റിൽ സന്ദർശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരൻ. ‘മിഖായേലിന്റ സന്തതി’കളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവർന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാൻ പരിചയപ്പെട്ടു. സംവിധായകനാകും മുമ്പേ ഞാൻ പരിചയപ്പെട്ട നടൻ. എന്റെ ആദ്യ സിനിമയായ ‘മറവത്തൂർ കനവ്’ മുതൽ ഒപ്പമുള്ളവൻ. എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുളള നടൻ. എട്ട് സിനിമകൾ. ഇപ്പോഴിതാ ‘നാൽപ്പത്തിയൊന്നിലെ’ നായകൻ. തലശ്ശേരിയിൽ വേനൽ കത്തിനിൽക്കുമ്പോൾ ഷൂട്ടിങ്ങ് ടെൻഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ്. ബിജു മേനോൻ ഈ സെറ്റിന്റെ ഐശ്വര്യം,” ലാൽ ജോസ് കുറിക്കുന്നു.

‘തട്ടിൻപ്പുറത്ത് അച്യുതനു’നു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാൽപ്പത്തിയൊന്ന്’. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയിൽ ബിജുമേനോനും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ പ്രഗീഷ് പി ജി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കണ്ണൂർ ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ഏറെ അമച്വർ നാടക പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ് കുമാർ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും അജയൻ മങ്ങാട് കലാസംവിധാനവും നിർവ്വഹിക്കും. എൽ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണക്കാർ. ശിവരാത്രി നാളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

Read more: ശിവരാത്രി നാളിൽ പുതിയ ചിത്രത്തിന് ശുഭാരംഭം കുറിച്ച് ലാൽജോസ്

നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ബിജു മേനോൻ ചിത്രം. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’, ‘അമർ അക്ബർ ആന്റണി’ എന്നീ ചിത്രങ്ങൾക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും ബൈജുവുമാണ് നായകന്മാർ. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook