മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ നിരവധി കലാകാരന്മാർ മലയാളത്തിലുണ്ട്. സ്റ്റേജുകളിലും ഉത്സവപറമ്പുകളിലും പെർഫോം ചെയ്ത് സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി പ്രേക്ഷകരുടെ അഭിരുചികൾ മനസ്സിലാക്കി സിനിമയുടെ ലോകത്തേക്ക് വന്നവർ. അവരിൽ നല്ലൊരു ശതമാനം ആളുകളും പിൽക്കാലത്ത് മലയാളസിനിമയിലെ ഉഗ്രൻ അഭിനേതാക്കളായി മാറി, ഹാസ്യവേഷങ്ങൾക്കൊപ്പം തന്നെ ക്യാരക്ടർ വേഷങ്ങളും ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം കവർന്നു. അക്കൂട്ടത്തിൽ പെടുന്ന രണ്ടുപേരാണ് സംവിധായകനും നടനുമായ ലാലും ഹരിശ്രീ അശോകനും. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയകാല ചിത്രം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് ലാൽ ഇപ്പോൾ.
കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിൽ നിന്നുള്ള ഒരു ചിത്രമാണ് ഇത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ആരാധകർ നൽകികൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ പഞ്ചാബി ഹൗസിലെ രമണനും ബഡാ സാബുമല്ലേ എന്നാണ് ഒരു ആരാധകന്റ ചോദ്യം.
ലാലും ഹരിശ്രീ അശോകനും മാത്രമല്ല സിദ്ദിഖ് (സംവിധായകൻ), ദിലീപ്, കലാഭവൻ മണി, എൻ എഫ് വർഗീസ്, സൈനുദ്ദീൻ, നാദിർഷ, സലിം കുമാർ, അബി എന്നിവരൊക്കെ കൊച്ചിൻ കലാഭവൻ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളാണ്.
കത്തോലിക്കാ സഭയിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. അബേച്ചനാണ് 1969 ൽ കലാഭവൻ എന്ന കലാ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. കലാഭവനിൽ നിന്നും നിരവധി പ്രതിഭകളാണ് പിൽക്കാലത്ത് സിനിമയിലെത്തിയത്. കലാഭവൻ ഷാജോൺ, നാരായണൻകുട്ടി, തെസ്നി ഖാൻ, ബിന്ദു പണിക്കർ, മച്ചാൻ വർഗീസ്, കലാഭവൻ നവാസ്, കലാഭവൻ സന്തോഷ്, കലാഭവൻ പ്രജോദ്, കെ.എസ്. പ്രസാദ് തുടങ്ങി മലയാളസിനിമയിലെ കലാഭവൻ താരങ്ങളുടെ സാന്നിധ്യം വളരെ വലുതാണ്.
Read more: കലാഭവന്റെ കുട്ടി; ജയറാമിന്റെ ആദ്യകാല അഭിമുഖം കാണാം