റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിനിടെ അവതാരകയായ നടി ഇറങ്ങിപ്പോയി. ഒരു സ്വകാര്യ തമിഴ് ചാനലിലെ ഷോയായ ‘സൊൽവതെല്ലാം ഉൺമൈ’ എന്ന പരിപാടിയിൽനിന്നാണ് നടി ലക്ഷ്മി രാമകൃഷ്ണൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയത്. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പരിപാടി വർഷങ്ങളായി അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്. ചക്കരമുത്ത്, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ സിനിമകളിലൂടെ ലക്ഷ്മി മലയാളികൾക്ക് സുപരിചിതയാണ്.
ലക്ഷ്മിക്കെതിരെ ആരോ പരാതി നൽകിയിട്ടുണ്ടെന്ന് ക്രൂവിലെ ഒരംഗം പറഞ്ഞതാണ് നടിയെ ചൊടിപ്പിച്ചത്. ഷോയുടെ 1500-ാം എപ്പിസോഡിന്റെ ഷൂട്ടിനിടെയായിരുന്നു സംഭവം. ക്രൂവിലെ ഒരംഗം പരിപാടി അവതരിപ്പിക്കാൻ തയ്യാറായിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് വരികയും മാഡത്തിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇതു കേട്ടതും ലക്ഷ്മി ദേഷ്യപ്പെട്ട് ഷോയിൽനിന്നും ഇറങ്ങിപ്പോയി. ക്രൂവിലെ അംഗങ്ങൾ നടിയുടെ പുറകേപോയി മടങ്ങിവരണമെന്ന് പറഞ്ഞിട്ടും ലക്ഷ്മി തയ്യാറായില്ല.
ലക്ഷ്മിയുടെ ഈ പ്രവൃത്തിക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ലക്ഷ്മി ചെയ്തത് മോശമായിപ്പോയെന്നും ഷോയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയ്ക്കും അധപതിക്കാമോ എന്നാണ് വിമർശനങ്ങൾ. ”നിങ്ങളെന്നെ വിശ്വസിക്കൂ, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല, നിങ്ങളില്‍ എത്ര പേര്‍ എനിക്കെതിരെ ശബ്ദമുയര്‍ത്തുമെന്ന് അറിയില്ല” എന്നാണ് വിമർശനങ്ങൾക്ക് മറുപടിയായി ലക്ഷ്മി ട്വീറ്റ് ചെയ്തത്. താന്‍ 1500-ാം എപ്പിസോഡ് ഷൂട്ട് ചെയ്തില്ലെന്നും ഷോയില്‍ നിന്ന് പുറത്ത് പോയെന്നും ലക്ഷ്മി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.