ബാഴ്സലോണ: കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലുണ്ടായ ഭീകരാക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടനില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ ടിവി താരം ലൈല റുവാസ് ഇപ്പോഴും ഞെട്ടലിൽ നിന്ന് വിട്ടുമാറിയിട്ടില്ല. നഗരത്തിലെ റസ്റ്റോറന്റിലെ ഫ്രീസറിനകത്ത് കയറി ഒളിച്ചത് കൊണ്ടാണ് തീവ്രവാദി ആക്രമണത്തില്‍ നിന്ന് താനും പത്തു വയസ്സുകാരനായ മകനും രക്ഷപ്പെട്ടതെന്ന് 46കാരിയായ ലൈല റുവാസ് പറയുന്നു. ലൈല നിരവധി ടെലിവിഷന്‍ ഷോകളില്‍ താരമാണ്. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ് എല്ലാം അവസാനിച്ചിരുന്നു. റസ്റ്റോറന്റിലെ ഫ്രീസറില്‍ ഒളിച്ചതുകൊണ്ട് ജീവന്‍ നഷ്ടപ്പെട്ടില്ല’ ലൈല ട്വിറ്ററിൽ കുറിച്ചു.

10 വയസുള്ള മകള്‍ ഇനേസ് ഖാനോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ നഗരത്തിലെത്തിയതായിരുന്നു ലൈല. ‘ആക്രമണത്തിന്റെ നടുക്കാണ് ഞങ്ങൾ’ എന്നായിരുന്നു ഭാകരാക്രമണം ഉണ്ടായ ഉടനെ നടി ട്വിറ്ററിൽ പ്രതികരിച്ചത്. തങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഹോട്ടലിനും അവിടുത്തെ ജീവനക്കാർക്കും താരം നന്ദി അറിയിച്ചു.

ബാഴ്‌സലോണയിലെ ലാസ് റംബ്ലാസില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി തീവ്രവാദികള്‍ ആക്രമണം നടത്തിയതില്‍ 14 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ