scorecardresearch
Latest News

ഇവരാണ് മലയാളസിനിമയിലെ എന്റെ ലേഡി സൂപ്പർസ്റ്റാറുകൾ; ഭാഗ്യലക്ഷ്മി പറയുന്നു

ലേഡീ സൂപ്പർസ്റ്റാർ എന്ന പേരിനൊപ്പം തന്റെ മനസ്സിൽ തെളിയുന്ന നായികമാരെ കുറിച്ച് ഭാഗ്യലക്ഷ്മി

ഇവരാണ് മലയാളസിനിമയിലെ എന്റെ ലേഡി സൂപ്പർസ്റ്റാറുകൾ; ഭാഗ്യലക്ഷ്മി പറയുന്നു

ലേഡീ സൂപ്പർസ്റ്റാർ എന്ന പ്രയോഗത്തെ മലയാളസിനിമ ഏറ്റെടുത്തിട്ട് കുറച്ചുവർഷങ്ങൾ ആയതേയുള്ളൂ. ആരാധകരും പ്രേക്ഷകരും അത്തരമൊരു പട്ടം ആദ്യമായി ചാർത്തികൊടുത്തത് മഞ്ജുവാര്യർക്ക് ആണെന്ന് പറയാം. ആരൊക്കെയാണ് മലയാളസിനിമയിലെ ലേഡീ സൂപ്പർസ്റ്റാറുകൾ? ശബ്ദകലാകാരിയും നാനൂറിലേറെ മലയാള സിനിമകളിലായി 148 ഓളം നായികമാർക്ക് ശബ്ദം നൽകിയ ഭാഗ്യലക്ഷ്മി പറയുന്നു.

“സൂപ്പർസ്റ്റാർ എന്നതുകൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. ആളുകളുടെ മനസ്സിൽ ഇടം പിടിക്കുന്ന ആളാണോ അതോ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആളാണോ എന്നത് ഒരു വിഷയമാണ്. ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന രീതിയിൽ പറയുകയാണെങ്കിൽ, ‘മണിചിത്രത്താഴ്’ എന്നൊരു സിനിമയിൽ ശോഭനയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റില്ല. അപ്പോൾ ശോഭന സൂപ്പർസ്റ്റാറാണെന്നു തോന്നും. ഉർവശിയെ പോലെ ഇത്രയും വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്തൊരു നടിയില്ല. ഉർവശിയും ഒരു സൂപ്പർസ്റ്റാറാണ്. ഇപ്പോൾ മഞ്ജുവാര്യരെ കേരളം മൊത്തം ഇഷ്ടപ്പെടുന്നുണ്ട്. ജീവിതത്തിൽ ഒരു സാധാരണ നടി മാത്രമല്ല അവർ, അതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ളൊരു വ്യക്തി കൂടിയാണ്. ഒരുപാട് ആളുകളെ സഹായിക്കുന്നുണ്ട്. സിനിമയുടെ കാര്യത്തിൽ ആണെങ്കിൽ അവർക്കൊരു മാർക്കറ്റുണ്ട്, അവരുടെ പേരിൽ സിനിമ നടന്നു പോവുന്നുണ്ട്. അവരും സൂപ്പർസ്റ്റാറാണ്.” ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ഭാഗ്യലക്ഷ്മി.

ഫാസിൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവർക്ക് ഒപ്പം ജോലി ചെയ്യുമ്പോഴുള്ള അനുഭവങ്ങളും അവർ പങ്കുവച്ചു. “സത്യേട്ടൻ പൂർണമായും സ്വാതന്ത്ര്യം തരും, ഇത് ഇങ്ങനെ ചെയ്യട്ടെ സത്യേട്ടാ എന്നു ചോദിച്ചാൽ ചെയ്തോളൂ എന്നേ പറയൂ. പാച്ചിക്കയ്ക്ക് (ഫാസിൽ) പക്ഷേ വരച്ച വരയിൽ നിൽക്കണം. അങ്ങോട്ടോ ഇങ്ങോട്ടോ പോവാൻ സമ്മതിക്കില്ല. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പ്രിയൻ എന്നും നല്ലൊരു സുഹൃത്താണ്.”

Read more: ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു: ഫാസില്‍

ശോഭന, ഉർവശി, രേവതി എന്നിവർക്ക് ശബ്ദം നൽകുമ്പോൾ തന്റെ ശബ്ദവുമായി നന്നായി ഇണങ്ങുന്നു എന്നു തോന്നാറുണ്ടെന്നും അവർ പറഞ്ഞു. “ചിന്താവിഷ്ടയായ ശ്യാമള ഏറെ അഭിനന്ദനങ്ങൾ നേടി തന്ന സിനിമയാണ്, ഡബ്ബിംഗ് ആണെന്നു തോന്നിയതേയില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്,” ഭാഗ്യലക്ഷ്മി പറയുന്നു.

നടി സൗന്ദര്യയ്ക്ക് ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിൽ ശബ്ദം നൽകിയ അനുഭവവും ഭാഗ്യലക്ഷ്മി ഓർത്തെടുത്തു. ” അവരൊരു അന്യഭാഷാനടിയാണെന്ന് തോന്നില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് ആ സിനിമയ്ക്ക് ഞാൻ ഡബ്ബ് ചെയ്തത്, അവർ ചെയ്തുവെച്ചതിന് ഒപ്പമെത്താൻ വളരെ ബുദ്ധിമുട്ടി. അവരുടെ മാനറിസങ്ങൾ കോപ്പി ചെയ്ത് ഡബ്ബ് ചെയ്യുകയായിരുന്നു.” 2002ൽ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിൽ സൗന്ദര്യയ്ക്ക് ശബ്ദം നൽകിയതിന് മികച്ച ഡബ്ബിങ് കലാകാരിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ഭാഗ്യലക്ഷ്മിയ്ക്ക് ലഭിച്ചിരുന്നു.

Read more: ഉര്‍വ്വശിയെന്ന ‘ഓൾറൗണ്ടർ’

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Lady superstar of malayalam cinema bhagya lakshmi responds manju warrier shobana urvashi

Best of Express