Ladoo Movie Review: നർമ്മത്തിന്റെ മധുരവുമായി ‘ലഡു’ തിയേറ്ററുകളിലെത്തി. ‘മസാല റിപ്ലബ്ലിക്ക്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന അരുൺ ജോർജ് കെ ഡേവിഡ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലഡു’.

പ്രായത്തിന്റേതായ അലമ്പുകളും വായ്നോട്ടവുമൊക്കെയായി കറങ്ങി നടക്കുന്ന ശബരീഷ് വർമ്മ അവതരിപ്പിക്കുന്ന എസ് കെ എന്ന ചെറുപ്പക്കാരനിൽ നിന്നുമാണ് ‘ലഡു’വിന്റെ കഥ ആരംഭിക്കുന്നത്. അല്ലു അർജുൻ ഫാനായ എസ് കെ, ഒരു ദിവസം ബാറിൽ വെച്ച് തന്റെ പഴയ സഹപാഠിയെ വിനുവിനെ കണ്ടെത്തുന്നതും ആ സുഹൃത്തിനൊപ്പം ചില ഏടാകൂടങ്ങൾ എസ്കെയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതുമൊക്കെയാണ് ‘ലഡു’വിന്റെ കഥാപരിസരം.

അരക്കുപ്പി പെട്രോളിൽ മൊട്ടിട്ട് 23 ദിവസം കൊണ്ട് ‘പൂത്തുലഞ്ഞ’ ഒരു പ്രണയത്തിന്റെ കൂടെ കഥയാണ് ‘ലഡു’. രജിസ്റ്റർ മാര്യേജിനായി വധുവിനെ തട്ടികൊണ്ടുപോകൽ പോലുള്ള കാര്യങ്ങൾ മലയാളി നിരവധി തവണ കണ്ടു മടുത്ത കഥാതന്തുവായതിനാൽ, കഥയ്ക്ക് പ്രത്യേകം പുതുമയൊന്നും അവകാശപ്പെടാനില്ല. എന്നാൽ സിനിമയുടെ നരേഷൻ രീതിയും സ്വാഭാവികമായി സംഭവിക്കുന്ന സിറ്റ്യുവേഷൻ കോമഡികളും അഭിനേതാക്കളുടെ പെർഫോമൻസും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ‘ലഡു’. അല്ലു അർജുനന്റെ മലയാള മൊഴിമാറ്റ ചിത്രങ്ങൾക്ക് ശബ്ദം നൽകുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിനെ കൊണ്ടു തന്നെ അല്ലു അർജുൻ ഫാനായ എസ്കെയുടെയും കൂട്ടുകാരുടെയും കഥ പറയിപ്പിച്ചിരിക്കുന്ന രീതി പുതുമയുണർത്തുന്നുണ്ട്.

വിനയ് ഫോർട്ടിന്റെ വിനു എന്ന കഥാപാത്രം, പൊതുവേ അൽപ്പം പേടിയും ഒരിത്തിരി ആത്മവിശ്വാസക്കുറവുമുള്ളൊരു ചെറുപ്പക്കാരനാണ്. ആ ചെറുപ്പക്കാരന്റെ മാനസികാവസ്ഥകളെ മനോഹരമായി തന്നെ സ്ക്രീനിലേക്ക് ആവാഹിക്കാൻ വിനയ് ഫോർട്ടിന് സാധിക്കുന്നുണ്ട്. ശബരീഷ് വർമ്മയുടെ എസ് കെയാണ് ചിത്രത്തിലെ മറ്റൊരു മുഴുനീള കഥാപാത്രം. അല്ലറചില്ലറ മണ്ടത്തരവും ആവശ്യത്തിന് തള്ളും വേറിട്ട ഗെറ്റപ്പുമൊക്കെയായി ചിത്രത്തിലുടനീളം ചിരിയുണർത്തുന്നുണ്ട് എസ്കെ.

നായകന്റെ നിഴലല്ല ‘ലഡു’വിലെ നായിക എന്നതാണ് മറ്റൊരു ആശ്വാസം. പുതുമുഖ താരം ഗായത്രി അശോകനാണ് ഏയ്ഞ്ചലീൻ എന്ന നായികയായി എത്തുന്നത്. നായികയ്ക്ക് സ്വതന്ത്രമായൊരു നിലപാടൊക്കെ കൊടുക്കാൻ സംവിധായകനും തിരക്കഥാകൃത്തും തയ്യാറായിട്ടുണ്ട്. സ്ത്രീകൾക്ക് വിവാഹ ജീവിതത്തിൽ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമില്ലായ്മയേയും പെൺകുട്ടികളുടെ ചുറ്റിലുമുള്ള അദൃശ്യമായതെങ്കിലും ശക്തമായ വേലിക്കെട്ടുകളെ കുറിച്ചുമൊക്കെ ചിത്രം പറഞ്ഞു പോവുന്നുണ്ട്. കുറച്ചു കൂടി ആഴത്തിൽ പറഞ്ഞുപോവാമായിരുന്ന ഒരു വിഷയത്തിന് വേണ്ട ഗൗരവം നൽകാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടില്ല.

പരസ്യമേഖലയിലും നാടകത്തിലുമൊക്കെ പ്രവര്‍ത്തിച്ചു പരിചയമുള്ള സാഗര്‍ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ രസച്ചരട് മുറിയാതെ മുൻപോട്ടു കൊണ്ടുപോവാനാണ് തിരക്കഥയിൽ ഉടനീളം തിരക്കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്. അതിലൊരു പരിധിവരെ തിരക്കഥാകൃത്ത് വിജയിക്കുകയും ചെയ്തിട്ടുണ്ട്.

Image may contain: 2 people, people standing, beard and outdoor

1991 ൽ ബോംബെയിലൊക്കെ ബാൻ ചെയ്യപ്പെട്ട ഒമ്‌നി വാനാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. ബാലു വർഗീസ്, ദിലീഷ് പോത്തൻ, മനോജ് ഗിന്നസ്, പാഷാണം ഷാജി, നിഷ സാരംഗ്, വിജോ വിജയകുമാര്‍, വിനി വിശ്വലാൽ, ഇന്ദ്രൻസ്, മുകുന്ദൻ എന്നിവരൊക്കെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുന്നു. ‘നേര’ത്തിൽ വില്ലൻ വട്ടിരാജയായി അഭിനയിച്ച ബോബി സിംഹയെ വലിയ ബിൽഡ് അപ്പിലൊക്കെ അവതരിപ്പിച്ചെങ്കിലും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല.

രാജേഷ് മുരുകേശന്റെ പശ്ചാത്തല സംഗീതവും ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും ലാൽകൃഷ്ണന്റെ എഡിറ്റിംഗും മികവ് പുലർത്തുന്നുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അമിതപ്രതീക്ഷകളില്ലാതെ പോയാൽ ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് ‘ലഡു’. പ്രേക്ഷകരെ ചിരിപ്പിക്കുന്ന സ്വാഭാവിക നർമ്മ മുഹൂർത്തങ്ങളും ചിത്രം കാത്തുവെയ്ക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ