ആമിർ ഖാനും കരീന കപൂറും പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് സിനിമ ‘ലാൽ സിങ് ഛദ്ദ’യ്ക്ക് ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ബോക്സോഫിസിലും ചിത്രം കാര്യമായ അനക്കം ഉണ്ടാക്കിയില്ല. എന്നാൽ രാജ്യാന്തര ബോക്സോഫിസിൽ മികച്ച കളക്ഷൻ നേടിയിരിക്കുകയാണ് സിനിമ.
ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച് 2022 ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽവച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ‘ലാൽ സിങ് ഛദ്ദ’. ആലിയ ഭട്ടിന്റെ ‘ഗംഗുഭായ് കത്യാവാടി’, ‘ഭൂൽ ഭുലയ്യ 2’, ‘ദി കശ്മീർ ഫൈൽസ്’ എന്നീ ചിത്രങ്ങളെ മറികടന്നാണ് ആമിർ ഖാൻ ചിത്രം ബോക്സോഫിസിൽ വിജയം നേടിയത്.
ഒരാഴ്ച കൊണ്ട് 7.5 മില്യൻ ഡോളർ (59 കോടി) ആണ് ചിത്രം വാരിക്കൂട്ടിയത്. ‘ഗാംഗുഭായ് കത്യാവാടി’ (7.47 മില്യൻ ഡോളർ), ‘ഭൂൽ ഭുലയ്യ 2’ (5.88 മില്യൻ ഡോളർ), ‘ദി കശ്മീർ ഫയൽസ്’ (5.7 മില്യൻ ഡോളർ എന്നിങ്ങനെയാണ് മറ്റു സിനിമകളുടെ കളക്ഷൻ. ‘ലാൽ സിങ് ഛദ്ദ’യുമായി താരതമ്യം ചെയ്യുമ്പോൾ ഈ മൂന്നു ചിത്രങ്ങളും ഇന്ത്യയിൽ വിജയമായിരുന്നു.
ആമിർ ചിത്രത്തിന്റെ ബജറ്റ് 180 കോടിയെന്നാണ് റിപ്പോർട്ടുകൾ. ലോകമാകമാനമായി സിനിമ ഇതുവരെ നേടിയത് 126 കോടിയാണ്. അതേസമയം, ചൈനയിൽ ചിത്രം റിലീസ് ചെയ്താൽ വലിയ ലാഭം നേടുമെന്നാണ് വിവരം. കോവിഡിനുശേഷം മറ്റു രാജ്യങ്ങളിലെ സിനിമകൾ റിലീസ് ചെയ്യുന്നതിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആമിർ ഖാന് ചൈനയിൽ നിറയെ ആരാധകരുള്ളതിനാൽ ലാൽ സിങ് ഛദ്ദയ്ക്ക് പ്രദർശാനുമതി ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്.
അതേസമയം, ആമിർ ഖാന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമാണ് ലാൽ സിങ് ഛദ്ദയെന്നാണ് നേരത്തെ ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തത്. അദ്വൈത് ചന്ദൻ ആണ് ലാൽ സിങ് ഛദ്ദയുടെ സംവിധായകൻ. ആമിറിനും കരീനയ്ക്കും പുറമേ മോന സിങ്, നാഗചൈതന്യ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.