Laal Singh Chaddha set for OTT release earlier than expected: ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ.’ എന്നാൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ചിത്രം വലിയ നഷ്ടമുണ്ടാക്കിയതായി റിപ്പോർട്ട്. ആഭ്യന്തര ബോക്‌സ് ഓഫീസിൽ 60 കോടി രൂപ നേടിയെടുക്കാൻ പോലും ആമിര്‍ ചിത്രത്തിന് കഴിഞ്ഞില്ല. ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് തന്റെ പ്രതിഫലം ഉപേക്ഷിച്ച് ചിത്രത്തിന്‍റെ നഷ്ടം ഉൾക്കൊള്ളാൻ ആമിർ തീരുമാനിച്ചു എന്നാണ്.
‘ലാൽ സിംഗ് ഛദ്ദ’യുമായി ബന്ധപ്പെട്ടു നിർമ്മാതാക്കളായ വയാകോം 18 ന് 100 കോടി രൂപ നഷ്ടപ്പെട്ടു, എന്നാൽ ആമിർ തന്‍റെ പ്രതിഫലം ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ, സ്റ്റുഡിയോയ്ക്ക് നഷ്ടം താരതമ്യേന കുറവായിരിക്കും എന്ന് ബോളിവുഡ് ഹംഗാമ എന്ന വെബ്‌സൈറ്റ് റിപ്പോർട്ടില്‍ പറയുന്നു. ശാരീരിക മാറ്റങ്ങള്‍ക്ക് ഉള്‍പ്പടെ ചിത്രത്തിനായി നാല് വർഷങ്ങളാണ് ആമിർ നല്‍കിയത്. ആ കാലയളവില്‍ താരം മറ്റെവിടെ നിന്നും നിന്ന് പണം സമ്പാദിച്ചിട്ടില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഹോളിവുഡ് ചിത്രമായ ‘ഫോറസ്റ്റ് ഗമ്പി’ന്‍റെ റീമേക്കായ ‘ലാൽ സിംഗ് ഛദ്ദ’യുടെ പരാജയത്തിന് ശേഷം ആമിർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോയും തമ്മിൽ വർദ്ധിച്ചു വരുന്ന ഭിന്നതയുണ്ടെന്ന് ബോളിവുഡ് ഹംഗാമയുടെ തന്നെ മുന്‍പുള്ള ഒരു റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ പ്രമോഷൻ പ്രവർത്തനങ്ങൾക്ക് സ്റ്റുഡിയോ അംഗീകാരം നൽകാത്തതാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നതയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
അതുൽ കുൽക്കർണി എഴുതി അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ‘ലാൽ സിംഗ് ഛദ്ദ’യില്‍ ആമിറിനെ കൂടാതെ കരീന കപൂർ, നാഗ ചൈതന്യ, മോന സിംഗ് തുടങ്ങിയവർ അഭിനയിക്കുന്നു. അക്ഷയ് കുമാറിന്റെ ‘രക്ഷാ ബന്ധ’നൊപ്പം റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം ബോക്‌സ് ഓഫീസിൽ 11.70 കോടി രൂപ മാത്രമാണ് നേടാനായത്. തുടർന്നുള്ള ആഴ്‌ചയിൽ ബോക്‌സ് ഓഫീസ് കളക്ഷൻ 50.98 കോടിയായി ഉയർന്നെങ്കിലും, ഇത് പ്രതീക്ഷിച്ചതിലും വളരെ കുറവാണ്.
റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം മാത്രമേ താൻ ചിത്രം OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യൂ എന്ന് ആമിർ അഭിമാനത്തോടെ പറഞ്ഞിരുന്നു, എന്നാൽ ചിത്രത്തിന്‍റെ ബോക്‌സ് ഓഫീസിലെ വിധി നിർമ്മാതാക്കളെ ആ തീരുമാനം പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ട്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്കുള്ളിൽ ‘ലാൽ സിംഗ് ഛദ്ദ’യും OTT-യിൽ റിലീസ് ചെയ്യും എന്നാണു ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. യുഎസ്എ, കാനഡ, യുകെ എന്നിവിടങ്ങളിൽ ചിത്രം മികച്ച വരുമാനം നേടിയതിനാൽ ‘ലാൽ സിംഗ് ഛദ്ദ’യുടെ അന്താരാഷ്ട്ര കളക്ഷൻ വലുതായി നിരാശപ്പെടുത്തിയില്ല.