ആമിർ ഖാൻ നായകനാവുന്ന ‘ലാൽ സിംഗ് ചന്ദ’യുടെ റിലീസ് നീട്ടി. 2021 ഡിസംബറിൽ മാത്രമേ ചിത്രം തിയേറ്ററുകളിലെത്തൂ എന്നാണ് ആമിർ ഖാൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ടോം ഹാങ്ങ്സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്ക് ആണ് ‘ലാൽ സിംഗ് ചന്ദ’. ചിത്രത്തിനായി ആമിർ ഖാൻ 20 കിലോയോളം കുറച്ചത് വാർത്തയായിരുന്നു. കരീന കപൂറും ആമിർ ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അദ്വൈത് ചൗഹാനാണ് സംവിധാനം ചെയ്യുന്നത്. തലാഷിനു ശേഷം ആമിറും കരീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2020 ക്രിസ്മസ് റിലീസായിട്ടാവും ചിത്രം തിയേറ്ററുകളിൽ എത്തുക.
കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ഇന്ത്യയുടെ വളർച്ചയും ചിത്രം പരാമർശിക്കും. ഒപ്പം ബാബറി മസ്ജിദ് തകർക്കൽ, മോദി സർക്കാറിന്റെ രൂപീകരണം പോലുള്ള രാഷ്ട്രീയസംഭവങ്ങളും ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. “ലാൽ സിംഗ് ചന്ദ’ ഒരു സിനിമ മാത്രമല്ല. ടോം ഹാങ്ക്സ് അഭിനയിച്ച പാരാമൗണ്ട് ചിത്രം ‘ഫോറസ്റ്റ് ഗമ്പ്’ അമേരിക്കയെ പരാമർശിച്ചതുപോലെ, ഈ ചിത്രവും എന്താണ് കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ സംഭവിക്കുന്നത് എന്ന കാര്യത്തെ കുറിച്ച് ലോകത്തിനുള്ള റഫറൻസ് ആയിരിക്കും. ആമിർ ഖാൻ പ്രശസ്തരായ രാഷ്ട്രീയക്കാരെയും ചരിത്രക്കാരെയും കണ്ടുമുട്ടുന്നതും വി എഫ് എക്സ് വിഷ്വലുകളിലൂടെ ചിത്രത്തിൽ കാണിക്കും. ഒപ്പം മോദി സർക്കാറിന്റെ രൂപീകരണം, ബാബറി മസ്ജിദ് പൊളിച്ചുനീക്കൽ പോലുള്ള രാഷ്ട്രീയ ദേശീയ സംഭവങ്ങളും ചിത്രം ആവിഷ്കരിക്കും. ചിത്രത്തിന്റെ രാഷ്ട്രീയ പ്രതീകാത്മകത വ്യത്യസ്ത വ്യാഖ്യാനങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകാം എന്നതിനാൽ സൂക്ഷ്മതോടെയാണ് ആമിറും സംവിധായകനും ചിത്രത്തെ സമീപിക്കുന്നതെന്ന്,’ ‘ലാൽ സിംഗ് ചന്ദ’യോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
തന്റെ 54-ാം പിറന്നാൾ ദിനത്തിലാണ് ആമിർഖാൻ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. “എന്റെ ആരാധകർക്കു വേണ്ടി ഒരു അറിയിപ്പുണ്ട്. എന്റെ അടുത്ത ചിത്രം തീരുമാനിക്കപ്പെട്ടു, ‘ലാൽ സിംഗ് ചന്ദ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അമേരിക്കൻ ചിത്രമായ ‘ഫോറസ്റ്റ് ഗമ്പി’ന്റെ റീമേക്ക് ആണ്. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം18 മോഷൻ പിക്‌ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പാരാമൗണ്ട് പിക്‌ച്ചേഴ്സിൽ നിന്നും ചിത്രത്തിന്റെ റൈറ്റ് ഞങ്ങൾ വാങ്ങിച്ചു,” എന്നാണ് ആമിർഖാൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. കഴിഞ്ഞ ആറുമാസമായി ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു താനെന്നും ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുമെന്നും 2020ൽ ചിത്രം റിലീസിനെത്തുമെന്നും ആമിർ കൂട്ടിച്ചേർത്തിരുന്നു.
“എനിക്കെപ്പോഴും ഇഷ്ടപ്പെട്ട ചിത്രമാണ് ‘ഫോറസ്റ്റ് ഗമ്പ്’. വളരെ മനോഹരമായൊരു, ഫീൽ ഗുഡ് ചിത്രമാണത്. ഒരു കുടുംബകഥയാണ്,” ആമിർ പറഞ്ഞു. ആമിർഖാന്റെ ഭാര്യ കിരൺ റാവുവും പത്രസമ്മേളത്തിൽ ആമിറിനൊപ്പം പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആമിർ പ്രത്യേക ഡയറ്റിലാണെന്നും കിരൺ റാവു വെളിപ്പെടുത്തിയിരുന്നു. 20 കിലോയാണ് ചിത്രത്തിനായി ആമിർഖാൻ കുറക്കുന്നത്. വെള്ളിത്തിരയിൽ ആമിർഖാൻ ആദ്യമായി ടർപ്പൻ ധരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആറ് ഓസ്‌കാര്‍ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന അമേരിക്കൻ ക്ലാസിക് ചിത്രത്തിന് 25 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദിയിൽ റിമേക്ക് ഒരുങ്ങുന്നത്. ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിർ ഖാൻ ആണ്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ ഫെയിം അദ്വൈത് ചന്ദന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ നിർമ്മിച്ചതും ആമിർഖാന്റെ നിർമ്മാണകമ്പനിയായിരുന്നു. സംവിധായകനാവും മുൻപ് ആമിർഖാന്റെ മാനേജറായി പ്രവർത്തിക്കുകയായിരുന്നു അദ്വൈത് ചന്ദൻ.
എൺപതുകളിൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി റോബർട്ട് സ്സെമെക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തത്. റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ, സാലി ഫീൽഡ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വൽ എഫക്റ്റ്സ്, മികച്ച ഫിലിം എഡിറ്റിംഗ് എന്നിങ്ങനെ ആറു കാറ്റഗറികളിലാണ് ‘ഫോറസ്റ്റ് ഗമ്പ്’ ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.
Read more: ഓസ്‌കാര്‍ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ഫോറസ്റ്റ് ഗമ്പി’ന് ഹിന്ദി റിമേക്ക് വരുന്നു; നായകൻ ആമിർഖാൻ