91-ാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച ചിത്രത്തിനുളള പുരസ്കാരം നേടിയത് ഗ്രീന്‍ ബുക്ക് ആണ്. സാധ്യതാ പട്ടികയില്‍ അധികമാരും പ്രവചിക്കാതെ പോയ ചിത്രമാണ് ഗ്രീന്‍ ബുക്ക്. ബ്രാഡ്ലി കൂപ്പറിന്റെ എ സ്റ്റാര്‍ ഈസ് ബോണ്‍, സ്പൈക്ക് ലീയുടെ ബ്ലാക്‌ലാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്സഡി, ബ്ലാക് പാന്തര്‍, വൈസ്, റോമ, ദ ഫേവറൈറ്റ് എന്നീ ചിത്രങ്ങളെ പിന്തളളിയാണ് ഗ്രീന്‍ ബുക്ക് പുരസ്കാരം സ്വന്തമാക്കിയത്. പീറ്റര്‍ ഫരേലി സംവിധാനം ചെയ്ത ചിത്രം നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

1960കളില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു റോഡ് യാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ആഫ്രിക്കന്‍-അമേരിക്കന്‍ പിയാനിസ്റ്റ് ആയ ഡോണ്‍ ഷിര്‍ലിയുടെ റോഡ് യാത്രയാണ് കഥ. മഹര്‍ഷെല അലിയാണ് ഷിര്‍ലിയായി വേഷമിട്ടത്. ഷിര്‍ലിയുടെ ബോഡിഗാര്‍ഡും കാര്‍ ഡ്രൈവറുമായ വിഗ്ഗോ മോര്‍ട്ടന്‍സനാണ് മറ്റൊരു കഥാപാത്രം ചെയ്തത്. ടോണി വല്ലെലോഗ എന്ന കഥാപാത്രമായിട്ടാണ് വിഗ്ഗോ വേഷമിട്ടത്.

സംഗീത കച്ചേരിക്കായി എട്ടാഴ്ച നീളുന്ന യാത്രയാണ് ചിത്രത്തില്‍ കാണിക്കുന്നത്. കറുത്ത വര്‍ഗക്കാരായ ആളുകള്‍ യാത്ര ചെയ്യുമ്പോള്‍ താമസിക്കാനുളള ഇടങ്ങളും ഹോട്ടലുകളും പ്രതിപാദിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ഗ്രീന്‍ ബുക്ക്’ കൈയില്‍ വച്ചാണ് ഇരുവരുടേയും യാത്ര. യാത്രയുടെ തുടക്കത്തില്‍ വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. കറുത്ത വര്‍ഗക്കാരന് നേരിടേണ്ടി വരുന്ന അക്രമങ്ങളും അപമാനങ്ങളും സഹിക്കുന്ന ഡോണ്‍ ഷിര്‍ലിയുമായി ടോണിക്ക് ആത്മബന്ധം വളരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ജീവന്‍. ഇരുവരുടേയും പ്രകടനം ഏറെ പ്രശംസകൾ നേടിയെങ്കിലും ഗ്രീന്‍ ബുക്ക് മികച്ച ചിത്രത്തിനുളള ഓസ്കര്‍ നേടിയത് അപ്രതീക്ഷിതമായാണ്. ‘ചരിത്രത്തിലെ ഏറ്റവും മോശം ഓസ്കര്‍ വിജയ ചിത്രം’ എന്നാണ് ഗ്രീന്‍ ബുക്കിനെ ലൊസാഞ്ചല്‍സ് ടൈംസ് പരാമര്‍ശിച്ചത്. 1996ല്‍ ക്രാഷ് എന്ന ചിത്രത്തിന് ഓസ്കര്‍ ലഭിച്ചതിന് ശേഷം പിന്നീട് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മോശം ചിത്രമാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഞെട്ടിക്കുന്നതാണ് ഈ പ്രഖ്യാപനം എന്നാണ് ലൊസാഞ്ചല്‍സ് ടൈംസിന്റെ ലേഖനത്തില്‍ പറയുന്നത്. അമേരിക്കന്‍ വംശീയ ചിന്തയെ കുറിച്ച് ആവര്‍ത്തന വിരസവും മാറ്റമില്ലാത്തതുമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് ആക്ഷേപം. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്കാരം മഹര്‍ഷല അലി സ്വന്തമാക്കിയത് ന്യായീകരിക്കാന്‍ പറ്റുന്നതാണെങ്കിലും ചിത്രം മികച്ച ചിത്രത്തിനുളള ഓസ്കറിന് അര്‍ഹമല്ലെന്നാണ് അഭിപ്രായം ഉയരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ