ഇറ്റാലിയന്‍ നടി ആസിയാ അര്‍ജെന്റോയ്‌ക്കെതിരായി യുവ നടന്‍ നടത്തിയ ലൈംഗികാരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ലൊസാഞ്ചല്‍സിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ച നടിയായിരുന്നു അര്‍ജെന്റോ. മീ ടൂ ഹാഷ്ടാഗ് മൂവ്‌മെന്റിലും അര്‍ജെന്റോ വലിയ പങ്കു വഹിച്ചിരുന്നു.

യുവനടനും ഗായകനുമായ ജിമ്മി ബെന്നറ്റ് നല്‍കിയ പരാതി അര്‍ജെന്റോ 38000 ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പാക്കിയെന്ന് കഴിഞ്ഞദിവസം ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ദി ഹാര്‍ട്ട് ഈസ് ഡിസൈറ്റ്ഫുള്‍ എബൗ ഓള്‍ തിങ്‌സ്’ എന്ന ചിത്രത്തില്‍ അര്‍ജെന്റോയും ബെന്നറ്റും അമ്മയും മകനുമായി അഭിനയിച്ചിരുന്നു.

പരാതി സംബന്ധിച്ച് ജിമ്മി ബെന്നറ്റിനോടോ അദ്ദേഹത്തിന്റെ പ്രതിനിധികളോടോ സംസാരിക്കുമെന്ന് കേസിന്റെ അന്വേഷണ മേധാവി അറിയിച്ചു. 2013ല്‍ 17 വയസു മാത്രം പ്രായമുള്ള തന്നെ കാലിഫോര്‍ണിയയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് അര്‍ജെന്റോ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ബെന്നറ്റ് ആരോപിച്ചത്. കാലിഫോര്‍ണിയയില്‍ നിയമപരമായി സ്ത്രീ പുരുഷന്മാര്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായപരിധി 18 വയസാണ്. പരാതിയില്‍ ഈ സംഭവം തന്നെ മാനസികമായി തകര്‍ത്തുവെന്നും തന്റെ കരിയറിനെ ബാധിച്ചുവെന്നും ബെന്നറ്റ് പറയുന്നുണ്ട്.

ബെന്നറ്റിന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥന്‍ ഹാരിസ് പറയുന്നു. കിടക്കയില്‍ അര്‍ജെന്റോയും ബെന്നറ്റും ഒരുമിച്ച് കിടക്കുന്ന സെല്‍ഫി ഉള്‍പ്പെടെയാണ് പരാതി നല്‍കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു ബെന്നറ്റിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

Read More: സിനിമാ ലോകത്തെ ഞെട്ടിച്ച കാന്‍ ചലച്ചിത്രോത്സവ വേദിയിലെ നടി ആസ്യാ അര്‍ജെന്റോയുടെ പ്രസംഗം

നിര്‍മ്മാതാവ് ഹാര്‍വി വെയ്‌സന്‍സ്റ്റീനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീകളില്‍ ആദ്യത്തെ ആളാണ് ആസിയാ അര്‍ജെന്റോ. അവരുടെ തുറന്നു പറച്ചിലായിരുന്നു ലോകമെമ്പാടുമുള്ള ജോലിയിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള മീ ടൂ ഹാഷ്ടാഗ് മൂവ്‌മെന്റായി രൂപം പ്രാപിച്ചത്.

ന്യൂയോര്‍ക്കര്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് 1997ല്‍ കാന്‍ ചലച്ചിത്രമേള നടക്കുമ്പോള്‍ ഒരു ഫ്രഞ്ച് ഹോട്ടലില്‍ വച്ച് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ തന്നെ ബലാത്സംഗം ചെയ്ത വിവരം അര്‍ജെന്റോ തുറന്നു പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook